യുഎഇയില് നിന്ന് മടങ്ങുമ്പോൾ റസിഡൻസി വീസ റദ്ദാക്കിയോ എന്ന് ഉറപ്പുവരുത്തുക; ഇല്ലെങ്കിൽ തിരിച്ചുവരുമ്പോൾ കുടുങ്ങും
Mail This Article
അബുദാബി ∙ പ്രവാസം അവസാനിപ്പിച്ച് രാജ്യത്ത് നിന്ന് പോകുമ്പോൾ യുഎഇ റസിഡൻസ് വീസ ഔദ്യോഗികമായി റദ്ദാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇല്ലെങ്കിൽ ഭാവിയിൽ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ശ്രമിച്ചാൽ സങ്കീർണ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. https://u.ae/en എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അധികൃതർ ഇക്കാര്യം അറിയിച്ചത്.
മറ്റൊരു രാജ്യത്തേക്ക് താമസം മാറുന്ന പ്രവാസികൾ അവര്‍ സ്പോൺസർ ചെയ്തിട്ടുള്ള കുടുംബാംഗങ്ങളുടെ വീസയും റദ്ദാക്കണം. കുടുംബാംഗമോ തൊഴിലുടമയോ സ്പോണ്‍സർ ചെയ്യുന്ന വീസയിലുള്ളവർ സ്ഥിരമായി രാജ്യം വിടാൻ തീരുമാനിക്കുകയാണെങ്കിൽ ഇവരും റസിഡൻസ് വീസ ഔദ്യോഗികമായി റദ്ദാക്കണം. സാധാരണയായി സ്പോൺസർക്കേ വീസ റദ്ദാക്കാൻ അധികാരമുള്ളൂ. എന്നാൽ പ്രവാസി രാജ്യം വിട്ട് ആറ് മാസത്തിലേറെ കഴിഞ്ഞാൽ താമസ വീസ സ്വയമേവ റദ്ദാക്കപ്പെടും.
റസിഡൻസ് വീസ റദ്ദാക്കിയില്ലെങ്കിൽ
∙ ഔദ്യോഗികമായി റദ്ദാക്കാത്ത വീസ ഉള്ളവർക്ക് യുഎഇയിലേക്ക് മടങ്ങാൻ ഐസിപിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. അതിന് വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം.
∙ തിരികെ വരവിന് വിവിധ രേഖകൾ ഹാജരാക്കേണ്ടി വന്നേക്കാം. ഫീസും പേയ്‌മെന്‍റുകളും നടത്തേണ്ടി വന്നേക്കാം. ഐസിപി നിങ്ങളെ ഇക്കാര്യത്തിൽ വിവരം അറിയിക്കും.
ആദ്യം, മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയത്തെ സമീപിക്കണം
ജീവനക്കാരന്‍റെ തൊഴിൽ വീസ റദ്ദാക്കാൻ തീരുമാനിക്കുന്ന കമ്പനി ആദ്യം, മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയത്തെ സമീപിക്കണം. ജീവനക്കാരന്‍റെ തൊഴിൽ കരാറും ലേബർ കാർഡും റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷയിൽ ജീവനക്കാരനും ഒപ്പിടണം. തുടർന്ന്, വീസ റദ്ദാക്കുന്നതിന് തൊഴിലുടമ ഐസിപിയിൽ അപേക്ഷിക്കണം. കമ്പനി വർക്ക് പെർമിറ്റും റദ്ദാക്കണം. തൊഴിലുടമയിൽ നിന്ന് എല്ലാ കുടിശ്ശികകളും വേതനങ്ങളും സേവനങ്ങളുടെ അവസാന ആനുകൂല്യങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ച് ജീവനക്കാരൻ ഒപ്പിട്ട ഒരു കത്തും മന്ത്രാലയത്തിൽ സമർപ്പിക്കണം.
വീസ റദ്ദാക്കൽ; അപേക്ഷിക്കാൻ ഒട്ടേറെ വഴികൾ
• ഐസിപി അംഗീകൃത ടൈപ്പിങ് സെന്‍ററുകൾ/ ബിസിനസ് സേവന കേന്ദ്രങ്ങൾ വഴി റസിഡൻസി വീസ റദ്ദാക്കാനുള്ള അഭ്യർഥന സമർപ്പിക്കാം.
• റസിഡൻസി വീസകൾ നൽകുന്നതുമായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന പ്ലാറ്റ്‌ഫോമുകളിലൂടെ ഇലക്ട്രോണിക് ആയി (അവരുടെ എമിറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസിയും ഫോറിനേഴ്‌സ് അഫയേഴ്‌സും പോലുള്ളവ) അപേക്ഷിക്കാം.
• അതോറിറ്റിയുടെ വെബ്‌സൈറ്റ് (https://icp.gov.ae/), Google Play, App Store പ്ലാറ്റ്‌ഫോമുകളിലെ സ്മാർട് ആപ്പ് (UAEICP) എന്നിവ പോലുള്ള ഐസിപിയുടെ ഇലക്ട്രോണിക് ചാനലുകൾ വഴിയും സ്പോൺസർക്ക് വീസ റദ്ദാക്കൽ അഭ്യർഥന സമർപ്പിക്കാം.