ADVERTISEMENT

ഗൾഫിലെ കാലാവസ്ഥയിൽ കേരളം ചുട്ടുപൊള്ളുമ്പോൾ ഗൾഫ് കേരളത്തിലെപ്പോലെ മഴ പൊഴിക്കുന്നു. വലിയ അദ്ഭുതമൊന്നും തോന്നേണ്ടതില്ല. നാട്ടിൽ നിന്ന് ഓരോന്നു പൊതിഞ്ഞുകെട്ടി കൊണ്ടുവരുന്ന കൂട്ടത്തിൽ ഏറ്റവും ഒടുവിൽ വന്നതു മഴയാണെന്നു മാത്രം. 

ഇപ്പോൾ, കേരളത്തിലേക്കുള്ള ഓരോ ഫോൺവിളിയിലെയും ചർച്ച നാട്ടിലെ ചൂടിനെക്കുറിച്ചു മാത്രം. അതിൽ നിന്നു രക്ഷ തേടി ഗൾഫിലേക്കു വിമാനം കയറിയവരുമുണ്ട്. കഴിഞ്ഞ മാസത്തെ കൊടും മഴയ്ക്കു ശേഷം യുഎഇ ആകെ മാറിയ മട്ടുണ്ട്. പച്ചപ്പിനു പച്ച നിറം കുറച്ചു കൂടി. പുതിയ തടാകങ്ങൾ പ്രത്യക്ഷപ്പെട്ടു. ചില റോഡുകളിലൂടെ പോകുമ്പോൾ കേരളത്തിലെ  നാട്ടുവഴികളൊക്കെ ഓർമയിൽ തെളിയുന്നു. 

കേരളം ഗൾഫ് പോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരൊന്നും ഇത്രയധികം ചൂട് കേരളത്തിൽ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഗൾഫിനെ കേരളമാക്കുന്ന മലയാളികൾ ഇത്ര മഴയും പ്രതീക്ഷിച്ചിരുന്നില്ല. വർഷത്തിൽ എപ്പോഴെങ്കിലുമായിരുന്ന മഴ ഇന്നു യുഎഇക്ക് പരിചിതമായിരിക്കുന്നു. നാലാളു കൂടുന്നിടത്തൊക്കെ ന്യൂനമർദങ്ങളെക്കുറിച്ചൊക്കെ ചർച്ച ചെയ്യാൻ തുടങ്ങി. ഓരോ ആഴ്ചയും മഴ പ്രതീക്ഷിക്കുന്ന ഗൾഫുകാർ.  

ആദ്യ മഴമേഘം മാനത്ത് കാണുമ്പോഴേക്കും വർക്ക് ഫ്രം ഹോം അറിയിപ്പിനായി മൊബൈലിൽ കണ്ണുനട്ടിരിക്കുന്നതും ഇപ്പോൾ പ്രവാസിക്ക് ശീലമായി. കേരളത്തിൽ മഴ പെയ്യുമ്പോൾ സ്കൂളിനും കോളജിനും അവധി പ്രഖ്യാപിച്ചോ എന്നറിയാൻ പത്രവും ടിവിയും റേഡിയോയും മാറി മാറി നോക്കിയിരുന്ന അതേ ആളുകൾ തന്നെ–  ഇപ്പോൾ  അറിയേണ്ടത് ഓഫിസ് അവധിയാണോ എന്നു മാത്രം. ക്ലാസുകൾ ഓൺലൈനിലേക്കു മാറ്റുന്നതും പതിവായി. 

മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ ഇവിടത്തെ ഭരണകൂടത്തെ അഭിനന്ദിക്കണം. അനുഭവം ഒന്നു മതി, ആവശ്യത്തിനൊരുങ്ങാൻ. 2018, 19, 20, 21 അങ്ങനെ പ്രളയം എത്ര വന്നാലും നാട്ടിൽ ദുരന്ത നിവാരണങ്ങളെ കുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്നതു പോലെയല്ല. ഒരു പ്രളയം മതി, അതിലെ പാഠങ്ങൾ മതി ഇവിടെ ഒരുക്കം തുടങ്ങാൻ. മഴ സാധ്യത മുൻകൂട്ടി എല്ലാവരെയും അറിയിച്ചു.  പറഞ്ഞതു പോലെ കൃത്യ സമയത്തു മഴ വന്നു. 

ഏപ്രിൽ 16നു പെയ്ത പോലെ തീവ്രമല്ലെന്ന് അറിഞ്ഞിട്ടും അതേ ഗൗരവത്തോടെയാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. കഴിഞ്ഞ മഴയിൽ മുങ്ങിയ റോഡുകളിലേക്ക് ഇത്തവണ പ്രവേശനം അനുവദിച്ചില്ല. ഓഫിസുകളിലേക്ക് ആരും പോകേണ്ടതില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചു. സ്കൂളുകളിലേക്ക് കുട്ടികളും വരേണ്ടതില്ല. വെള്ളക്കെട്ടു രൂപപ്പെടും മുൻപേ വറ്റിച്ചു കളയാൻ ഷാർജയുടെ തെരുവോരങ്ങളിൽ ഭീമൻ മോട്ടോറുകൾ എത്തിയിരുന്നു. ‘വാദി’കളിലേക്കോ താഴ്‌വരകളിലേക്കോ ആരെയും കടത്തിവിട്ടില്ല. അനുഭവ പാഠം ഉള്ളതിനാൽ ജനങ്ങളും വീട്ടിലിരുന്നു. സ്വസ്ഥമായി വീട്ടിലിരുന്നു കട്ടൻ കാപ്പിയും കുടിച്ചു ജോൺസൺ മാഷിന്റെ പാട്ടും പരിപ്പു വടയുമൊക്കെയായി നൊസ്റ്റു  അടിച്ചു പ്രവാസികൾ മഴ ആസ്വദിച്ചു. ആകെ ഉണ്ടായ തിരിച്ചടി ഭക്ഷണം വീട്ടിൽ എത്തിക്കുന്ന ഡെലിവറി ബോയ്സ് പണി മുടക്കിയതു മാത്രമായിരുന്നു. 

ഓൺലൈൻ ഡെലിവറി ആപ് വഴി ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിച്ചവർ നിരാശപ്പെട്ടു.  മഴയും വെള്ളക്കെട്ടു ഭീഷണിയും കണക്കിലെടുത്തു ഡെലിവറി ബോയ്സിനെ സുരക്ഷിതരാക്കാൻ കമ്പനികൾ തീരുമാനിച്ചപ്പോൾ, മഴയത്തു സ്വന്തം അടുപ്പു കത്തിക്കേണ്ടി വന്നതാണ് ഇതിനു കാരണം. എങ്കിലും അപകടമൊന്നും കൂടാതെ ഒരു മഴ ദിനം കടന്നു പോയതിന്റെ ആശ്വാസമാണ് എല്ലായിടത്തും. 

ദുബായിലേക്കു വിമാനം കയറാൻ ഒരുങ്ങുന്ന ഒരു മലയാളി സു‍ഹൃത്തിനോടു പ്രവാസി സുഹൃത്ത് പറഞ്ഞു, നിങ്ങൾക്കു നാട്ടിൽ കാണാൻ കിട്ടാത്ത ഒരുഗ്രൻ സാധനം ഇവിടെ വരുമ്പോൾ കാണിക്കാം. അതെന്ത് സാധനം? മറ്റൊന്നുമല്ല, മഴ, നല്ല ഒന്നാന്തരം മഴ. നല്ല മഴ കാണണമെങ്കിൽ ഗൾഫിൽ എത്തേണ്ട സ്ഥിതിയായി മലയാളിക്ക്.

English Summary:

UAE Rain in - Gulf weather - Malayalis in gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com