ഒമാനിൽ കനത്ത മഴ: ഗതാഗതതടസ്സം, ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്
Mail This Article
മസ്‌കത്ത് ∙ ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലും ദോഫാറിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. വാദികൾ നിറഞ്ഞൊഴുകിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പല സ്ഥലങ്ങളിലും ആലിപ്പഴം വീണു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകളെല്ലാം ഓൺലൈൻ ക്ലാസുകളിലേക്കു മാറി. ജഅലാൻ ബനീ ബൂ ഹസൻ, ബർക, സലാല, ത്വിവി, സർഫൈത്ത്, സാബ്, നഖൽ, ത്വാഫ, വാദി അൽ മആവി, റുസ്താഖ്, സുവൈഖ്, സുഹാർ, മുസന്ന, തുംറൈത്ത്, ഖസബ്, ഖാബൂറ, ദൽകൂത്ത്, ബുറൈമി, റൂവി, വാദി കബീർ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്.
വാദികൾ നിറഞ്ഞൊഴുകി റോഡുകളിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മസ്‌കത്ത്, തെക്കൻ ഷർഖിയ, വടക്കൻ ഷർഖിയ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലും ദോഫാറിന്റെ വിവിധ ഭാഗങ്ങളിലും ഇന്നും മഴ തുടരുമെന്നും മിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കുട്ടികൾ വാദികളിൽ ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്നും നിർദേശിച്ചു. പ്രതികൂല കാലാവസ്ഥയിൽ മസ്‌കത്ത് ഗവർണറേറ്റിലെ മുഴുവൻ പാർക്കുകളും ഉദ്യാനങ്ങളും താത്കാലികമായി അടച്ചു. പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.