ഓര്മ സാഹിത്യോത്സവം ജൂൺ ഒന്നിനും രണ്ടിനും; എൻ.എസ്.മാധവനും എം.എ.ബേബിയും പങ്കെടുക്കും
Mail This Article
ദുബായ്∙ യുഎഇയിലെ മലയാളി പ്രവാസി കൂട്ടായ്മ 'ഓർമ'യുടെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി, മലയാളം മിഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജൂൺ 1,2 തീയതികളിൽ ദുബായ് ഫോക് ലോർ തിയറ്ററിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. എം. എ ബേബി, എൻ. എസ്. മാധവൻ, മുരുകൻ കാട്ടാക്കട, വി. എസ് ബിന്ദു, കെ. ജെ. ജേക്കബ്, ചിന്ത ജെറോം ഉൾപ്പെടെ സാഹിത്യ- സാംസ്കാരിക മേഖലകളിൽ നിന്നുള്ള ഒട്ടേറെ പേർ ദ്വിദിന പരിപാടിയിൽ പങ്കെടുക്കും. സെമിനാറുകൾ, കഥ, കവിത ശില്പശാല, മാധ്യമ കോൺക്ലേവ് , കവിയരങ്ങ്, ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരസമർപ്പണം എന്നിവയും നടക്കും.
മലയാളം മിഷൻ കുട്ടികളുടെ പ്രവേശനോത്സവം, കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള വിവിധ സെഷനുകൾ, കവിതകളുടെ ദൃശ്യാവിഷ്‌കാരം , ടീം ഗിൽഡ് ഒരുക്കുന്ന തത്സമയ ചിത്രപ്രദർശനം , പുസ്തകശാല, ചരിത്ര പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. എഴുതിത്തുടങ്ങുന്നവർക്കും എഴുത്തുകാർക്കും വായനക്കാർക്കും ഒരേപോലെ പ്രയോജനപ്രദമാവുന്ന ഈ പരിപാടിയിലേയ്ക്കുള്ള പ്രവേശനം പൂർണമായും സൗജന്യം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 050 8208329/ 050 5255607.