കുവൈത്ത് തീപിടിത്തം: മരിച്ച ബിഹാർ സ്വദേശിയെയും തിരിച്ചറിഞ്ഞു
Mail This Article
കുവൈത്ത് സിറ്റി ∙ മംഗഫിൽ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. സഹോദരൻ ഷാരൂഖ് ഖാനെ കുവൈത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തിയാണ് കലുക്ക ഇസ്‍ലാമാണ് (32) മരിച്ചതെന്ന് സ്ഥിരീകരിച്ചത്. എൻബിടിസി ഹൈവെ സെന്ററിൽ സെയിൽസ്മാനായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം പട്നയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എച്ച്ആർ ആൻഡ് അഡ്മിൻ ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. അടിയന്തര ധനസഹായമായ 8 ലക്ഷം രൂപ കലുക്കയുടെ കുടുംബത്തിന് കൈമാറും. സംസ്കാരച്ചടങ്ങിനുള്ള തുക സഹോദരന് നേരത്തേ കൈമാറിയിരുന്നു. 12നുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരിച്ചത്. 48 പേരുടെയും മൃതദേഹം ഇതിനകം അതതു നാടുകളിലെത്തിച്ച് സംസ്കരിച്ചിരുന്നു.
ഒരാൾകൂടി ആശുപത്രി വിട്ടു
∙ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു. നിലവിൽ 3 ആശുപത്രികളിലായി 5 ഇന്ത്യക്കാരടക്കം 6 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 3 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.