സൗദിയിൽ സ്വദേശികളുടെ വേതനത്തിൽ വർധന
Mail This Article
ജിദ്ദ ∙ സൗദിയില്‍ സ്വദേശി ജീവനക്കാരുടെ ശരാശരി വേതനം 0.6 ശതമാനം തോതില്‍ വര്‍ധിച്ച് 10,081 റിയാലായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിലാണ് വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇത് 10,017 റിയാലായിരുന്നു. സ്വദേശി പുരുഷ ജീവനക്കാരുടെ വേതനം മൂന്നു മാസത്തിനിടെ 1.1 ശതമാനം വര്‍ധിച്ച് 11,100 റിയാലായി. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇത് 10,900 റിയാലായിരുന്നു. ഇക്കാലയളവില്‍ സ്വദേശി വനിതാ ജീവനക്കാരുടെ ശരാശരി വേതനം 1.1 ശതമാനം എന്ന രീതിയിൽ കുറഞ്ഞു. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം വനിതാ ജീവനക്കാരുടെ ശരാശരി വേതനം 7,700 റിയാലാണ്.
ഡോക്ടറേറ്റ് ബിരുദധാരികളാണ് സൗദിയില്‍ ഏറ്റവും ഉയര്‍ന്ന വേതനം പറ്റുന്നത്. ഈ വിഭാഗക്കാരുടെ വേതനം മൂന്നു മാസത്തിനിടെ 4.7 ശതമാനമായി വര്‍ധിച്ചു. ഡോക്ടറേറ്റ് ബിരുദധാരികളുടെ ശരാശരി വേതനം 29,799 റിയാലാണ്. മാസ്റ്റര്‍ ബിരുദധാരികളുടെ ശരാശരി വേതനം 20,591 റിയാലും ബാച്ചിലര്‍ ബിരുദധാരികളുടെ ശരാശരി വേതനം 11,772 റിയാലും ഇന്റര്‍മീഡിയറ്റ് ഡിപ്ലോമ ബിരുദധാരികളുടെ വേതനം 9,633 റിയാലും അസോഷ്യേറ്റ് ഡിപ്ലോമ ബിരുദധാരികളുടെ വേതനം 9,397 റിയാലും സെക്കണ്ടറി ബിരുദധാരികളുടെ വേതനം 7,597 റിയാലും ഇന്റര്‍മീഡിയറ്റുകാരുടെ വേതനം 6,002 റിയാലും എലിമെന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുടെ ശരാശരി വേതനം 5,315 റിയാലും ഒരു വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റമില്ലാത്തവരുടെ വേതനം 4,150 റിയാലും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരുടെ വേതനം 4,030 റിയാലുമാണ്.
എലിമെന്‍ററി വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളവരുടെ വേതനമാണ് ഈ വര്‍ഷം ആദ്യ പാദത്തില്‍ ഏറ്റവും വര്‍ധിച്ചത്. ഈ വിഭാഗക്കാരുടെ വേതനം 8.1 ശതമാനം തോതില്‍ വര്‍ധിച്ചു. ബാച്ചിലര്‍ ബിരുദധാരികളുടെ വേതനം 1.1 ശതമാനം തോതിലും ആദ്യ പാദത്തില്‍ വര്‍ധിച്ചു. മൂന്നു മാസത്തിനിടെ ശരാശരി വേതനം ഏറ്റവുമധികം ഉയര്‍ന്നത് 25-34 പ്രായവിഭാഗത്തില്‍ പെട്ടവരുടെതാണ്. ഈ പ്രായവിഭാഗക്കാരുടെ ശരാശരി വേതനം 8,600 റിയാലാണ്. ഈ വിഭാഗത്തില്‍ പെട്ട പുരുഷന്മാരുടെ ശരാശരി വേതനം 9,400 റിയാലും വനിതകളുടെ ശരാശരി വേതനം 6,800 റിയാലുമാണ്.
കഴിഞ്ഞ കൊല്ലം അവസാനത്തെ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 0.9 ശതമാനം തോതില്‍ വര്‍ധിച്ചു. സ്വകാര്യ മേഖലയില്‍ 23,63,194 സൗദി ജീവനക്കാരാണുള്ളത്. സ്വദേശി പുരുഷ ജീവനക്കാരുടെ എണ്ണം 0.5 ശതമാനം തോതില്‍ ഉയര്‍ന്ന് 13.6 ലക്ഷത്തിലേറെയും വനിതാ ജീവനക്കാരുടെ എണ്ണം 1.6 ശതമാനം തോതില്‍ വര്‍ധിച്ച് 9.7 ലക്ഷത്തിലേറെയുമായി. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്.