മരുഭൂമിയില്‍ കുടുങ്ങിയ മനുഷ്യർ; ഉണങ്ങി വരണ്ടു കിടക്കുന്ന അസ്ഥികൾ, മൃതദേഹങ്ങളോട് കനിവ് കാണിക്കുന്ന മണ്ണ്
Mail This Article
ജീവന്‍ പറന്നുപോയ ആ ശരീരം എല്ലാം പറയുന്നുണ്ടായിരുന്നു. മരുഭൂമിയില്‍ വഴിതെറ്റിപ്പോയതാണെന്ന്, ദാഹജലം തേടിയലഞ്ഞലഞ്ഞ് ഉരുകി വീണതാണെന്ന്, ആ കിടപ്പില്‍ കിതപ്പൊടുങ്ങിയെന്ന്. മരണക്കുറിപ്പെല്ലാം ആ വറ്റിയ ശരീരത്തിലുണ്ടായിരുന്നു.
സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലെ ശഖ്‌റാക്കു വടക്ക് അല്‍മുസ്തവി മരുഭൂമിയില്‍ വഴി തെറ്റി അലഞ്ഞ സൗദി യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് മരുഭൂമിയിൽ കണ്ടെത്തിയത്. മരുഭൂമിയിൽ വഴി തെറ്റുക എന്നാൽ മരണത്തിലേക്കുള്ള പാത തുറക്കുക എന്നു കൂടി അർഥമുണ്ട് ചില നേരങ്ങളിൽ. രക്ഷിക്കാൻ ആരുമെത്തിയില്ലെങ്കിൽ മരണം ഉറപ്പ്. വെള്ളത്തിൽ മുങ്ങി മരിക്കുന്നതു പോലെയാണ് മരുഭൂമിയിലെ മരണവും. ശ്വാസം കിട്ടാതെയുള്ള മരണം. ഉമിനീർ വറ്റി ശരീരത്തിലെ അവസാനത്തെ തുള്ളി വെള്ളവും വറ്റി മരുഭൂമിയിലേക്കിറ്റി വീണു മരിക്കും.
വാഹനത്തിന്റെ ചക്രം മരുഭൂമിയിലെ മണലിൽ ആണ്ടുപോയതോടെയാണ് യുവാവ് ഇറങ്ങി നടന്നത്. കൊടുംചൂടിൽ 8.7 കിലോമീറ്റർ നടന്നു. ഗ്യാസ് പമ്പിങ് നിലയത്തിന് അടുത്തെത്തി. അവിടെ മരങ്ങൾ വളരുന്നുണ്ടായിരുന്നു. മരത്തണലിൽ ഇരുന്ന് ദാഹമകറ്റാൻ ശ്രമിച്ചു. കോംപൗണ്ടിനകത്ത് കയറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവിടെ തളർന്നുവീണു മരിച്ചു.
മരുഭൂമിയില്‍ ശരീരം അഴുകുന്നില്ല. ഉണങ്ങി വരണ്ടു കിടക്കുന്നു. കാലം ചെല്ലുമ്പോള്‍ മണല്‍ക്കാറ്റില്‍ പൊടിഞ്ഞ് അകലങ്ങളിലേക്ക് ധൂളികളായി പറക്കുന്നു. ശരീരത്തിന്റെ വ്യാകരണനിയമങ്ങള്‍ മാത്രം പൊട്ടാതെ പൊളിയാതെ ഏറെക്കാലം കിടക്കുന്നു. ശരീരത്തിന്റെ സന്ധികളും സമാസങ്ങളും. (പ്രവാസിയുടെ കുറിപ്പുകള്‍, ബാബു ഭരദ്വാജ്). അങ്ങിനെ തന്നെയായിരുന്നു ഈ മൃതദേഹവും. ജീവനൊടുങ്ങി മരുഭൂമിയുടെ മാറില്‍ കമിഴ്ന്നുറങ്ങുമ്പോള്‍ ആ ശരീരത്തിന്റെ വ്യാകരണനിയമങ്ങള്‍ തെറ്റിയില്ല. ശരീരത്തിന്റെ സന്ധികളും സമാസങ്ങളും പൊട്ടാതെ പൊളിയാതെയുണ്ടായിരുന്നു.
ഏതാനും വർഷം മുമ്പാണ് തിരുവനന്തപുരം വര്‍ക്കല വടശേരിക്കോണം ഷജീര്‍ മന്‍സിലില്‍ ഷിഹാബുദ്ദീന്റെ മൃതദേഹം ഇതുപോലെ മരുഭൂമിയിൽനിന്ന് ലഭിച്ചത്. മക്കയിലെത്തി ഉംറ നിര്‍വഹിച്ച് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ബുറൈദ വഴി മടങ്ങിപോയതായിരുന്നു ഷിഹാബുദ്ദീൻ. ബുറൈദയിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടു. പിന്നീട് വിവരമൊന്നുമില്ല. തിരച്ചിലായിരുന്നു. സൗദിയിലുള്ള സഹോദരനും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഷിഹാബിനെ തേടിയിറങ്ങി. ബുറൈദയിലും പരിസര പ്രദേശങ്ങളിലുമുള്ള ആശുപത്രി, പൊലീസ് സ്റ്റേഷന്‍, ജയില്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. മോര്‍ച്ചറികളില്‍ അലഞ്ഞു. അവിടെ സുഖനിദ്രയിലുള്ള മൃതദേഹങ്ങളില്‍ ഷിഹാബിന്റെ മുഖമന്വേഷിച്ചു. എവിടെയും കണ്ടതേയില്ല.
മാസങ്ങള്‍ ഏറെ കഴിഞ്ഞാണ് കണ്ടെത്തിയത്. ബുറൈദയില്‍നിന്ന് 140 കിലോമീറ്റര്‍ അകലെ നബ്ഹാനിയ എന്ന ഗ്രാമത്തിലെ മരുഭൂമിയില്‍ നിന്ന്. മരുഭൂമിയുടെ മാറില്‍ കമിഴ്ന്നുറങ്ങുകയായിരുന്നു. ജീവന്‍ എന്നോ പടിയിറങ്ങിപ്പോയിട്ടുണ്ടായിരുന്നു. അല്‍ഹസയിലെ ബേക്കറിയിലെ ഡ്രൈവറായിരുന്നു ഷിഹാബുദ്ദീൻ. തിരുവനന്തപുരം വര്‍ക്കല വടശേരിക്കോണം ഷജീര്‍ മന്‍സിലില്‍ ബഷീര്‍ സുബൈദ ദമ്പതികളുടെ മകന്‍.
മാസങ്ങള്‍ക്കപ്പുറം സുരക്ഷ ഉദ്യോഗസ്ഥര്‍ ശിഹാബുദ്ദീന്റെ ശരീരം കണ്ടെടുക്കുമ്പോള്‍ വ്യാകരണനിയമങ്ങളെല്ലാം അതുപോലെ തന്നെ. നടന്നുനടന്നൊടുക്കം വീണുപോയ അതേ രൂപത്തില്‍. ഒരിടവേളയ്ക്ക് ശേഷം ജീവന്‍ വീണ്ടും ആ ശരീരത്തിലേക്ക് വന്നണഞ്ഞാല്‍ അടുത്ത നിമിഷം യാത്ര തുടരാന്‍ പാകത്തിലുള്ള കിടത്തം. കുറച്ചുമുന്നിലൊരു ഗ്രാമമുണ്ടായിരുന്നു. വെള്ളം കൊടുക്കാന്‍ അവിടെ ബദുക്കളുണ്ടായിരുന്നു. മനസ്സ് നിറയുവോളം, ശരീരം തണുക്കുവോളം, ദാഹമൊടുങ്ങുവോളം അവര്‍ വെള്ളം കൊടുക്കുമായിരുന്നു. പക്ഷേ...മരുച്ചൂടില്‍ ഉരുകിയൊലിച്ചുവീണു. അവിടെ വീണു. കരിഞ്ഞുണങ്ങി. അതായിരുന്നു വിധി.
ദിക്കറിയില്ല, മരുഭൂമിയില്‍. കിഴക്കിന് പകരം തെക്കോട്ട് തിരിഞ്ഞാല്‍ തീര്‍ന്നു. പത്തടിക്കപ്പുറം അയാള്‍ക്ക് എത്തേണ്ട സ്ഥലമുണ്ടാകുമായിരുന്നു. ദിശ മാറിയിരിക്കണം. ഇനി അദ്ഭുതങ്ങള്‍ സംഭവിക്കണം. നാലുപാടും ഒരേഭൂമി. മുറിയില്‍ കുടുങ്ങിയ പൂച്ചയെ കണ്ടിട്ടില്ലേ. അത് നാലുപാടും ഓടിക്കൊണ്ടിരിക്കും. പുറത്തേക്കുള്ള വഴി എവിടെയെന്നറിയാത്ത ഓട്ടം. ഇതിനെ ഓര്‍മിപ്പിക്കും മരുഭൂമിയില്‍ കുടുങ്ങിയ മനുഷ്യന്‍. ജീവിതത്തിലേക്കുള്ള വാതില്‍ എവിടെയെങ്കിലും തുറന്നെങ്കിലായി.
മരുഭൂമിയുടെ ഉള്ളില്‍ കയറിയാല്‍ കാണാം. വീണുപോയ ജീവിതങ്ങളെ. മനുഷ്യരുടെ, മൃഗങ്ങളുടെ, പക്ഷികളുടെ വ്യാകരണം നിയമം തെറ്റാത്ത അസ്ഥികള്‍. മരുഭൂമിയുടെ ആത്മകഥയില്‍ മുസഫര്‍ അഹമ്മദ് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മരുഭൂമിയുടെ ഉള്ളിലൊരിടത്ത് മരിച്ചുകിടക്കുന്ന ഒട്ടകത്തിന്റെ അസ്ഥി. ഒട്ടകത്തിന്റെ മുഖത്ത്നിന്ന് ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല. മുന്‍ വര്‍ഷം ഇതുവഴി എത്തിയ മറ്റൊരു സംഘവും ഒട്ടകത്തിന്റെ അസ്ഥിപഞ്ജരം ഇവിടെ കണ്ടിരുന്നു. ആ അസ്ഥി ഇപ്പോഴും അവിടെയുണ്ട്. അതിന്റെ മുഖത്തൂം ആ ചിരിയുണ്ട്. മരുഭൂമിക്ക് മൃതശരീരങ്ങളോടൊരു കനിവുണ്ട്. ശരീരത്തിന്റെ സന്ധികളും സമാസങ്ങളും പൊട്ടാനും പൊളിയാനും സമ്മതിക്കാതെ കാത്തുവയ്ക്കുന്ന കരുത്തിന്റെ കനിവ്.
മരുഭൂമിയിൽ കുടുങ്ങി തേളിനെ തിന്നു, ഖബർ കുഴിച്ചു കാത്തിരുന്നു
ഏതാനും വർഷം മുമ്പാണ്. റിയാദിന്റെ തെക്ക് ഭാഗത്ത് സുലൈലിലെ മരുഭൂമിയിൽ സൗദി പൗരൻ ഫഹദ് ബിൻ മർസൂഖ് അൽവദആനി (22) ക്ക് വഴി തെറ്റി. പൊലീസിന്റെ അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ വാഹനത്തിന്റെ മൂന്നു ടയറും പൊട്ടിയ നിലയിൽ മരുഭൂമിയിൽ കണ്ടെത്തി.
ഞാൻ ഈ ഭാഗത്തേക്ക് നടക്കുകയാണെന്നുള്ള ദിശാസൂചിക വലിയ വലുപ്പത്തിൽ പിക്കപ്പിന്റെ മുൻ ഭാഗത്ത് വരച്ചുവച്ചിരുന്നു. ആ ആരോ മാർക്കിന് പിറകെ അന്വേഷണ സംഘം സഞ്ചരിച്ചു. ഒടുക്കം പതിനഞ്ചു കിലോമീറ്റർ അകലെ ഇയാളെ അവശ നിലയിൽ കണ്ടെത്തി. ഉടൻ സുലൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹോദരിയെ കാണാനാണ് ഫഹദ് സുലൈലിൽ എത്തിയത്. സഹോദരിയുടെ കാണാതായ ഒട്ടകത്തെ തേടിയാണ് ഇയാൾ മരുഭൂമിയിലേക്ക് കയറിയത്. ഇടക്ക് വാഹനം കേടായി. തുടർന്ന് ബന്ധുക്കളിലൊരാൾ വാഹനത്തിന്റെ കേടുപാടുകൾ തീർത്തു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റി. ടയർ പൊട്ടി.
രണ്ടുദിവസം വാഹനത്തിൽ തന്നെ കഴിഞ്ഞു. അതിലുണ്ടായിരുന്ന പച്ചവെള്ളം മാത്രം കുടിച്ചു. മൂന്നാം ദിവസം വിശപ്പ് സഹിക്കാനായില്ല. വാഹനത്തിൽ ചിത്രം വരച്ച് പുറത്തേക്കിറങ്ങി. വഴി തേടി അലയുന്നതിനിടെ കണ്ട തേളുകളെയും മറ്റു ചെറിയ ജീവികളെയും മുൾച്ചെടികളുടെ ഇലകളും ഭക്ഷിച്ചു. ഇനിയൊരിക്കലും രക്ഷപ്പെടില്ലെന്ന് മനസിലാക്കിയതോടെ ഒരു കിണറിനടുത്ത് തന്റെ അന്ത്യാഭിലാഷങ്ങൾ എഴുതിവെച്ച് ഖബർ കുഴിച്ചു അവിടെ ഇരുന്നു. മരണമെത്തുന്ന നേരവും കാത്ത്.
എന്നാൽ അയാളെ തേടി എത്തിയത് മരണമായിരുന്നില്ല. ഒരു ജീപ്പ് ദൂരെനിന്ന് അരിച്ചെത്തുന്നത് പാതിയടഞ്ഞ കണ്ണിലൂടെ കാണുന്നുണ്ടായിരുന്നു. മരണത്തിൽനിന്ന് ജീവിതത്തിലേക്ക് വാഹനം കയറി അയാൾ തിരിച്ചുനടന്നു. തനിക്കായി ഒരുക്കിവച്ച ഖബർ അടുത്ത കാറ്റിൽ താനേ തൂർന്നുപോയിട്ടുണ്ടാകും.