മൂന്ന് ദിനം 35 പരിപാടികൾ, ട്രാഫിക് ലൈറ്റുകൾ അണച്ച് സ്വീകരണം; ബഹ്‌റൈനിൽ താരമായ ഉമ്മൻ ചാണ്ടി
Mail This Article
മനാമ ∙ പ്രവാസികളുമായി നിരന്തരം ബന്ധപ്പെട്ടു നിന്ന് പ്രിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ വിയോഗം അദ്ദേഹവുമായി നിരന്തര സമ്പർക്കമുണ്ടായിരുന്ന ബഹ്‌റൈനിലെ പ്രവാസികളിൽ ഉണ്ടാക്കിയത് വലിയ ദുഃഖമാണ്. അദ്ദേഹം ബഹ്‌റൈൻ പ്രവാസികൾക്ക് നൽകിയത് മറക്കാനാവാത്ത അനുഭവമാണ്.
∙ മൂന്ന് ദിവസം; 35 പരിപാടികൾ
2013 ൽ ഐക്യരാഷ്ട്ര സംഘടന ആഗോളതലത്തില്‍ പൊതുജന സേവനത്തിന് ആദ്യമായി നല്‍കുന്ന അവാര്‍ഡ് ബഹ്‌റൈനിൽ സമ്മാനിച്ചപ്പോഴാണ് ആ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൈവന്നത്. അന്ന് മൂന്നു ദിവസം 35 പരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്. കോൺഗ്രസ് പ്രവർത്തകർ അവധി എടുത്തുപോലും അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും സംബന്ധിച്ചു.
മനാമയിലെ ബഹ്‌റൈന്‍ നാഷനല്‍ തിയറ്ററില്‍ നടന്ന അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് തന്നെ കാണാനെത്തിയവരുടെ ബാഹുല്യം കാരണം അകത്ത് കടക്കാൻ പോലും കഴിയാതെ നിൽക്കേണ്ടി വന്നതും ജനപ്രീതി വെളിവാക്കുന്നതായിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണില്‍ നിന്നാണ് അന്ന് കേരളാ മുഖ്യമന്ത്രി കൂടിയായിയിരുന്ന ഉമ്മൻ ചാണ്ടി അവാർഡ് ഏറ്റുവാങ്ങിയത്. ബഹ്‌റൈൻ കേരളീയ സമാജം, കെഎംസിസി, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ, ഇന്ത്യൻ സ്‌കൂൾ തുടങ്ങി ഒട്ടേറെ പ്രസ്‌ഥാനങ്ങൾ ഒരുക്കിയ സ്വീകരണ ചടങ്ങുകളിലും അദ്ദേഹം സംബന്ധിച്ചിരുന്നു.പിന്നീട് 2017 ലും ബഹ്‌റൈനിൽ എത്തി.
∙ അന്ന് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ അണച്ചു
ഉമ്മൻ ചാണ്ടി ബഹ്‌റൈനിൽ യു എൻ അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോൾ രാഷ്ട്ര നേതാക്കളുടെ പ്രോട്ടോക്കോൾ പ്രകാരമുള്ള സ്വീകരണമായിരുന്നു ലഭിച്ചത്. അദ്ദേഹം കടന്നുപോകുന്ന വഴിയിലെ ട്രാഫിക് സിഗ്നലുകൾ എല്ലാം അണച്ച് കൊണ്ടാണ് താമസ സ്‌ഥലത്ത നിന്ന് അദ്ദേഹത്തെ സ്വീകരണ സ്‌ഥലമായ നാഷനൽ തീയേറ്ററിലേക്ക് ആനയിച്ചത്. ബഹ്‌റൈനിലെ ഉയർന്ന ഉദ്യോഗസ്‌ഥരുടെയും ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെയും വാഹനങ്ങളും അകമ്പടി സേവിക്കുകയും ചെയ്ത കാഴ്ച ബഹ്‌റൈൻ പ്രവാസികൾക്ക് മറക്കാനാവാത്ത അനുഭവമാണ്.
∙ ഇറാഖിലെ പ്രശ്നങ്ങൾക്കും വിളി ബഹ്റൈനിലേക്ക്
ഇറാഖിലെ ആഭ്യന്തര യുദ്ധം ഉണ്ടായപ്പോൾ അവിടെയുള്ള നഴ്‌സുമാരെ മോചിപ്പിക്കാൻ ഉമ്മൻചാണ്ടി ആദ്യം വിളിച്ചതും ബഹ്റൈനിലേക്ക് ആയിരുന്നു. ഇറാഖിലെ സ്ഥാനപതി അജയകുമാർ ബഹ്‌റൈനിൽ ഇന്ത്യൻ എംബസിയിൽ മുൻ സെക്കൻഡ് സെക്രട്ടറി ആയിരുന്നത് തന്നെ അതിനു കാരണം. അജയ് കുമാറിനെ ഉടൻ ബന്ധപ്പെട്ടത് ബഹ്‌റൈനിലെ അന്നത്തെ ഒഐസിസിനേതാവും ഗ്ലോബൽ ജനറൽ സെക്രട്ടറിയുമായ രാജു ഓർമിക്കുന്നു. നഴ്‌സുമാരുടെ നമ്പർ അദ്ദേഹം വഴി അജയ് കുമാറിന് കൈമാറുകയുമായിരുന്നു.
ഏതു പാതിരാത്രിയിൽ വിളിച്ചാലും ഫോൺ എടുക്കുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാജു കല്ലും പുറം ഓർക്കുന്നു. ബഹ്‌റൈനിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ എപ്പോഴും ശ്രമിക്കാറുമുണ്ടായിരുന്നെന്നും രാജു പറഞ്ഞു. ബഹ്‌റൈൻ സന്ദർശനത്തിനിടെ നടന്നു പോകുമ്പോൾ വഴിയിൽ ഉമ്മൻചാണ്ടിയുടെ ചെരിപ്പ് പെട്ടെന്ന് പൊട്ടിപ്പോയി. ഉടൻ തന്നെ ഒരു കോൺഗ്രസ് പ്രവർത്തകൻ ചെരുപ്പിന്റെ അളവുമായി കുറച്ചകലെയുള്ള കടയിൽ പോകാൻ ഒരുങ്ങിയെങ്കിലും അത് തുന്നിയാൽ കുറച്ച് നാളുകൾ കൂടി ഉപയോഗപ്പെടുത്താം എന്ന് പറഞ്ഞു തുന്നിക്കുകയായിരുന്നു. അത്രയും എളിമയോടെ ജീവിച്ച ഒരു നേതാവായിരുന്നു അദ്ദേഹമെന്നും രാജു അനുസ്മരിച്ചു.