അൽ സദ്ദ് ക്ലബ് പരിശീലകനായി ഫെലിക്സ് സാഞ്ചസ് ഖത്തറിൽ മടങ്ങിയെത്തുന്നു
Mail This Article
ദോഹ ∙ 2022ലെ ഖത്തർ ലോകകപ്പോടെ ഖത്തർ ദേശീയ ടീം പരിശീലക സ്ഥാനമൊഴിഞ്ഞ ഫെലിക്സ് സാഞ്ചസ് വീണ്ടും ഖത്തറിൽ എത്തുന്നു. ഒരു ഇടവേളക്കു ശേഷം ഖത്തറിലെ അൽ സദ്ദ് ക്ലബ് പരിശീലകനായാണ് ഫെലിക്സ് സാഞ്ചസിന്റെ തിരിച്ചു വരവ്. ഖത്തർ ദേശീയ സീനിയർ ടീമിനെയും ജൂനിയർ ടീമിനെയും പരിശീലിപ്പിച്ച സ്പാനിഷ് കോച്ച് ഫെലിക്സ് സാഞ്ചസ് 2022 ഡിസംബർ 31നായിരുന്നു ഖത്തർ ദേശീയ ടീം പരിശീലക സ്ഥാനമൊഴിഞ്ഞത്. ഇതിനുശേഷം ഇക്വഡോർ ടീമിനൊപ്പമായിരുന്നു സാഞ്ചസ്. രണ്ടു വർഷത്തെ കരാറിലാണ് ഇദ്ദേഹം അൽ സദ്ദിലെത്തുന്നത്. ജൂലായ് 29ന് സ്‍പെയിനിൽ ആരംഭിക്കുന്ന ക്യാമ്പിൽ ടീമിനൊപ്പം ചേരും.
ബാർസിലോന അക്കാദമിയിലൂടെ പരിശീലന രംഗത്ത് തുടക്കം കുറിച്ച സാഞ്ചസ് 2006ലാണ് ഖത്തറിലെത്തുന്നത്. ആസ്പയർ അക്കാദമി പരിശീലകനായ അദ്ദേഹം അണ്ടർ 17, 19, 23 തുടങ്ങിയ പ്രായവിഭാഗങ്ങളിലെ ദേശീയ ടീമിനെ പരിശീലിപ്പിച്ചു. 2017 ജൂലൈയിൽ ദേശീയ സീനിയർ ടീം പരിശീലകനായ്. 2019ൽ ഖത്തറിനെ ഏഷ്യൻ ജേതാക്കളാക്കി ചരിത്രം കുറിച്ച സാഞ്ചസ് ലോകകപ്പിലേക്കും ടീമിനെ ഒരുക്കി. അന്ന് ഫൈനലിൽ 3 -1 നാണ് ഖത്തർ ജപ്പാനെ പരാജയപെടുത്തിയത്.