ADVERTISEMENT

ഷാർജ ∙  ദുരിതബാധിതരെ തേടിയുള്ള സിറാജിന്റെ സൈക്കിൾ യാത്ര അൽ നഹ്ദയിലുമെത്തി. അതും പൊരിവെയിലത്ത് കിലോ മീറ്ററുകളോളം സഞ്ചരിച്ച്. ഷാർജയിൽ ജീവകാരുണ്യ–സാമൂഹിക പ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ ഡെലിവറി ബോയി കണ്ണൂർ പാനൂർ സ്വദേശി സിറാജ് വി.പി. കീഴ്ടമാടമാണ് അൽ നഹ്ദയിൽ രണ്ട് പെൺമക്കളെ സ്കൂളിലേയ്ക്ക് അയക്കാൻ പോലും സാധിക്കാതെ ദുരിതത്തിലായ കാസർകോട് സ്വദേശികളായ കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി എത്തിയത്. സിറാജിന്റെ പരിചയത്തിലുള്ള മലയാളികളടക്കമുള്ള ഇന്ത്യൻ കുടുംബങ്ങളും സ്വദേശികളും നൽകുന്ന പണം കൊണ്ടാണ് സിറാജ് ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നത്. കോവിഡ്19 കാലത്തും പ്രളയ ദിനങ്ങളിലും ഇത്തരത്തിൽ വിവിധയിടങ്ങളിൽ സിറാജ് സജീവമായി സേവനം നടത്തിയിരുന്നു. 'ഇന്ന് ജീവിച്ചാൽ ഇന്ന് ജീവിച്ചു എന്ന് പറയാം, നാളെ നമുക്കെന്താണെന്ന് അറിയില്ലല്ലോ. കഴിയുംവിധം മറ്റുള്ളവർക്ക് സഹായം ചെയ്യുക'– ഇതാണ് സിറാജിന്റെ ജീവിത തത്ത്വം.

∙ വിശപ്പിന്റെ വില അറിയുന്നു
നാട്ടിൽ അല്ലറ ചില്ലറ ജോലി ചെയ്തിരുന്ന സിറാജിന്റെ മാതാവ് അയൽപ്പക്കങ്ങളിൽ പകലന്തിയോളം കഠിനമായി അധ്വാനിച്ച് കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചായിരുന്നു കുടുംബം പുലർന്നത്. അതുകൊണ്ട് തന്നെ മറ്റാരേക്കാളും തനിക്ക് വിശപ്പിന്റെ വിലയറിയാമെന്ന് ഈ യുവാവ് പറയുന്നു. അന്ന് നാട്ടിൽ ഒരുനേരം ഭക്ഷണം പോലും കഴിക്കാനാകാതെ ഒരുപാട് കുടുംബങ്ങളുണ്ടായിരുന്നു. നാട്ടിലെ  വലിയ വിവാഹങ്ങള്‍ നടക്കുന്ന വീടുകളിൽ ബാക്കിയാകുന്ന ഭക്ഷണ സാധനങ്ങൾ പട്ടിണിപ്പാവങ്ങൾക്ക് എത്തിച്ചുകൊടുത്താണ് ഈ സഹജീവി സ്നേഹത്തിന് തുടക്കം കുറിച്ചത്. പിന്നീട് കടൽക്കടന്നിട്ടും സിറാജ് ആ സഹജീവി സ്നേഹം തുടരുന്നു.

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

സ്വന്തമായി കയറിക്കിടക്കാനൊരു വീട്, കുടുംബത്തിന്റെ പട്ടിണി മാറ്റണം, സഹോദിരമാരെ വിവാഹം കഴിച്ചയക്കണം–ഇതൊക്കെയായിരുന്നു 2006ൽ യുഎഇയിലെത്തുമ്പോൾ സിറാജിന്റെ ലക്ഷ്യങ്ങൾ. ഷാർജ അൽ ജുബൈലിലെ മദീന സൂപ്പർമാർക്കറ്റിൽ ഡെലിവറി ബോയിയായി. മലയാളി കുടുംബങ്ങൾ ഒട്ടേറെ താമസിക്കുന്ന പ്രദേശമാണിത്. ആദ്യകാലങ്ങളിൽ നടന്നായിരുന്നു സാധനങ്ങൾ എത്തിച്ചിരുന്നത്. പിന്നീടത് സൈക്കിളിലായി. രാവിലെ ഏഴര മുതൽ രാത്രി 10 വരെയാണ് ഡ്യൂട്ടി. ഇതിനിടയ്ക്ക് ലഭിക്കുന്ന വിശ്രമവേളകളിലാണ് സാമൂഹിക പ്രവർത്തനം.  തൊട്ടടുത്തെ മത്സ്യത്തൊഴിലാളികൾക്കും ലോഞ്ച് ജീവനക്കാര്‍ക്കും ഭക്ഷണമെത്തിച്ചുകൊടുത്തായിരുന്നു തുടക്കം. അതറിഞ്ഞ് മറ്റു പലരും വിളിച്ച് ഭക്ഷണം തരികയും ആവശ്യക്കാർക്കെല്ലാം എത്തിച്ചുകൊടുക്കുകയും ചെയ്തു.

കോവിഡ് കാലത്തായിരുന്നു ഇത് വളരെ സജീവമായത്. ഗുജറാത്തി, മലയാളി, തമിഴ് കുടുംബങ്ങൾ നൽകുന്ന ഭക്ഷണസാധനങ്ങൾ ദുരിത ബാധിതർക്ക് എത്തിച്ചുകൊടുക്കാൻ സമയം കണ്ടെത്തി. കൂടാതെ വസ്ത്രങ്ങളുമെത്തിച്ചു. അടുത്ത കാലത്ത് യുഎഇയിലുണ്ടായ ചരിത്രത്തിലെ ഏറ്റവു വലിയ മഴയെ തുടർന്ന് പ്രളയബാധിതരായ ഒട്ടേറെ കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങളും മരുന്നും എത്തിച്ചുകൊടുക്കാൻ സിറാജ് ഒറ്റയാൾ പട്ടാളമായി രംഗത്തുണ്ടായിരുന്നു. കൂടാതെ, ഷാർജ സർക്കാരിന് കീഴിലുള്ള സന്നദ്ധ സേവകരോടൊത്തും ഇദ്ദേഹം പ്രവർത്തിച്ചു. റമസാനിൽ തൊട്ടടുത്തെ പള്ളിയിൽ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനും മുന്നിലുണ്ടാകാറുണ്ട്. ജോലിയോടൊപ്പം സാമൂഹിക സേവനവും തുല്യ പ്രാധാന്യത്തോടെ കാണുന്ന സിറാജ് അധ്വാനിച്ചുണ്ടാക്കിയ പണത്തിലാണ് കുടുംബം കരകയറിയത്. സഹോദരിമാരുടെയും മറ്റും വിവാഹം നടത്തി. കൂത്തുപറമ്പിൽ 10 സെന്റ് സ്ഥലം വാങ്ങി വീടുവച്ചു. ഇതിന് ആകെ 48 ലക്ഷം രൂപ ചെലവായതായി സിറാജ് പറയുന്നു. 

ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ കുടുംബപ്രശ്നം തീർത്തു; ഉംറ ചെയ്തു
അൽ ജുബൈലില്‍ സിറാജിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവിടേയ്ക്ക് ആദ്യം ഒാടിയെത്തുക ഇൗ യുവാവാണ്. ഒരിക്കൽ ശണ്ഠകൂടിയ ഭാര്യയെയും ഭർത്താവിനെയും രമ്യതയിലെത്തിച്ച് കൈയടി നേടി. ഇദ്ദേഹത്തിന്റെ നന്മകൾ കണ്ട് ഒരു സ്വദേശി ഉദ്യോഗസ്ഥൻ ഉംറ നിർവഹിക്കാൻ മക്കയിലേയ്ക്കയച്ചു. കൂടാതെ, വിലകൂടിയ സാധനങ്ങൾ സമ്മാനമായും ലഭിക്കുന്നുവെന്ന് തുറന്നുപറയാൻ സിറാജിന് മടിയില്ല. 

∙ സഹായിച്ചവർ ഒട്ടേറെ; മനുഷ്യസ്നേഹത്തിന്റെ നിറകുടങ്ങൾ
കഠിനാധ്വാനമാണ് സിറാജിന്റെ വിജയരഹസ്യം എന്ന് പറയാതെ വയ്യ. ചൂടത്തും മഴയത്തും ഡെലിവറി ചെയ്യുന്നതിനിടെ കിട്ടുന്ന ഒഴിവു സമയത്ത് അൽ ജുബൈലിലെയും പരിസരപ്രദേശങ്ങളിലെയും ഫ്ലാറ്റുകളില്‍ ക്ലീനിങ് ജോലി ചെയ്യും. അങ്ങനെ പരിചയപ്പെടുന്ന കുടുംബങ്ങൾ സിറാജിനെ അവരിലൊരാളായി കാണാൻ അധികനാളുകൾ വേണ്ടിവരാറില്ല. ഒരു വിളിപ്പാടകലെ സിറാജുണ്ടെന്ന ആശ്വാസം എല്ലാ കുടുംബങ്ങളിലുമുണ്ട്. സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ മാത്രമല്ല, ഒഴിവു സമയങ്ങളിൽ മരുന്നും മറ്റു അവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കും. സ്ഥിരമായി മലയാള മനോരമ പത്രം വായിക്കുകയും മനോരമ ഓൺലൈന്‍ പിന്തുടരുകയും ചെയ്യുന്ന ഇദ്ദേഹം വാർത്തകൾ എല്ലാവരുമായും പങ്കുവയ്ക്കും. അങ്ങനെയായിരുന്നു നിരാലംബരായ മനുഷ്യർക്ക് സഹായം എത്തിച്ചുതുടങ്ങിയത്. വീട്ടുകാർ നൽകുന്ന ഭക്ഷണവും വസ്ത്രങ്ങളും പണവുമെല്ലാം കൃത്യമായി സിറാജ് കിലോ മീറ്ററുകളോളം സൈക്കിൾ ചവിട്ടിച്ചെന്ന് എത്തിച്ചുകൊടുക്കും. 

സിറാജ് വി.പി.കീഴ്ടമാടം ഷാർജ അൽ നഹ്ദയിലേയ്ക്കുള്ള യാത്രയിൽ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
സിറാജ് വി.പി.കീഴ്ടമാടം ഷാർജ അൽ നഹ്ദയിലേയ്ക്കുള്ള യാത്രയിൽ. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ കുഞ്ഞുങ്ങളല്ലേ, സന്തോഷിക്കട്ടെ
യു‌എയിൽ വന്ന ശേഷമാണ് ഞാൻ നല്ല ഭക്ഷണവും വസ്ത്രവുമൊക്കെ കാണുന്നത് തന്നെ. യുഎഇ എന്താണെന്നോ സൂപ്പർമാർക്കറ്റ് എങ്ങിനെയിരിക്കുമെന്നോ, ജോലി എന്തായിരിക്കുമെന്നോ എനിക്കറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ എല്ലാം വലിയ അത്ഭുതമായി തോന്നി. ആദ്യമായി നല്ല ഭക്ഷണം കഴിച്ചു. പുതിയ ഉടുപ്പിട്ടു. 'യുഎഇ എനിക്ക് എല്ലാം തന്നു' –സിറാജ്  പ്രവാസിയായതിന് ശേഷമുള്ള ജീവിതം ഓർമിക്കുന്നു. അൽ നഹ് ദയിലെ ദുരിത കുടുംബത്തിന് സിറാജ് എത്തിച്ചത് ഭക്ഷണം മാത്രമല്ല, യുഎഇയിലെ പ്രവാസി സമൂഹം നിങ്ങളുടെ കൂടെയുണ്ടെന്ന ആശ്വാസം കൂടിയാണ്. ആ കുഞ്ഞുമക്കൾക്ക് ജ്യൂസും മറ്റും യഥേഷ്ടം നൽകി. അവര്‍ സന്തോഷിക്കട്ടെ, തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന ആ പിഞ്ചുമക്കൾ സന്തോഷിക്കട്ട. സാധനങ്ങൾ കൈപ്പറ്റുമ്പോൾ ആ സ്ത്രീ വിതുമ്പുകയായിരുന്നുവെന്ന് സിറാജ് പറയുന്നു. അവരെ പറ്റിച്ചേർന്ന് നിൽക്കുന്ന ആ കുട്ടികളെ കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നുപോയി. നാട്ടിലുള്ള എന്റെ മക്കളെ ഞാൻ ഒാർത്തു. അവർക്ക് ഇൗ ഗതി വന്നിരുന്നെങ്കിലോ എന്ന് ഒാർത്തപ്പോൾ, സങ്കടം സഹിക്കാതെ എന്താവശ്യമുണ്ടെങ്കിലും ബന്ധപ്പെട്ടോളൂ എന്ന് പറഞ്ഞ് പെട്ടെന്ന് തിരിഞ്ഞു നടന്നു–ഇതാണ് സിറാജ് എന്ന മനുഷ്യസ്നേഹി. വിശന്നിരിക്കാൻ പാടില്ല, ആരായായാലും. ലോകത്ത് ‌കോടിക്കണക്കിന് പേർ പട്ടിണിയിലായിരിക്കാം, പക്ഷേ, നമ്മുടെ മുന്നിലുള്ളവരെയെങ്കിലും നമുക്ക് സഹായിക്കാൻ പറ്റും– സിറാജ് പറയുന്നു.

സിറാജ് വി.പി.കീഴ്ടമാടം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
സിറാജ് വി.പി.കീഴ്മാടം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്

∙ ലക്ഷ്മിച്ചേച്ചിയെ മറക്കാനാവില്ല; മറ്റു പലരേയും
ഷാർജയിലെ ഗുജറാത്തികളാണ് ഏറ്റവും കൂടുതൽ സഹായം ചെയ്യുന്നത്. ജയശ്രീ, ലാവണ്യച്ചേച്ചി... ഇങ്ങനെ ഒട്ടേറെ പേർ. ലക്ഷ്മിച്ചേച്ചി, എറണാകുളത്തുകാരായ ഡോക്ടർ ചേച്ചി... എന്റെ ഡ്യൂട്ടി സമയം എല്ലാവർക്കും അറിയാം. ഫ്രീ ടൈമിൽ അവർ വിളിക്കും. ലക്ഷ്മിച്ചേച്ചിക്ക് നന്ദി പറഞ്ഞേതീരു... ചേച്ചിയുടെ സഹായത്താൽ കോവിഡ് കാലത്ത് ഒട്ടേറെ പേർക്ക് സഹായം ചെയ്യാൻ സാധിച്ചു. ഇപ്പോഴും തുടരുന്നു. എന്താവശ്യം പറഞ്ഞാലും മറ്റൊന്നും നോക്കാതെ ചേച്ചി സഹായം ചെയ്യും.

നമുക്ക് ആർക്കും ഗ്യാരന്റിയില്ല. ഇന്നോ നാളെയോ നമ്മൾ പോകേണ്ടി വരും. ഉളള സമയത്ത് മറ്റുള്ളവർക്ക് സഹായം ചെയ്യുക. അതിന് പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും – അതാണ് എന്നും കൂടെക്കൊണ്ടുപോകുന്ന മന്ത്രമെന്ന് സിറാജ് പറയുന്നു.
+971 50 387 3477: (സിറാജ്)

സിറാജ് വി.പി.കീഴ്ടമാടം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
സിറാജ് വി.പി.കീഴ്ടമാടം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്
English Summary:

Life Story: Siraj VP Keezhamadam, Malayali Social Worker in Sharjah Shares his Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com