യുഎഇയിൽ അജ്ഞാത മൃതദേഹമായി സംസ്ക്കരിച്ചത് ജിത്തുവിനെ; 5 മാസത്തെ തിരച്ചിലിന് വേദനാജനകമായ അന്ത്യം
Mail This Article
ഷാർജ∙ അഞ്ച് മാസത്തോളമായി മകനെ അന്വേഷിച്ചു നടന്ന തൃശൂർ മാള കുഴൂർ സ്വദേശി സുരേഷിന്‍റെ പ്രതീക്ഷകളെല്ലാം വൃഥാവിലായി. ഷാർജയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മാർച്ച് 10ന് കാണാതായ മകൻ ജിത്തു സുരേഷ്(28) മരിച്ചതായി കഴിഞ്ഞ ദിവസം ഷാർജ പൊലീസ് സുരേഷിനെ അറിയിച്ചു. എന്നാൽ മൃതദേഹം മൂന്ന് മാസത്തിൽക്കൂടുതൽ മോർച്ചറിയിൽ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ അജ്ഞാത ജഡമെന്ന പേരിൽ പോലീസ് സംസ്കരിച്ചിരുന്നു. തുടർന്ന് സുരേഷിന്‍റെയും ജിത്തുവിന്‍റെയും ഡിഎൻഎ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.
കാണാതായി 10 ദിവസം കഴിഞ്ഞ് ഷാർജ കോർണിഷിലെ അടച്ച ഹോട്ടലിന്‍റെ സ്റ്റെയർകെയിസിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ജിത്തുവിന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചതായി സുരേഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. മരണാനന്തര കർമങ്ങൾക്കായി സുരേഷ് ഇന്ന് (ബുധൻ) രാത്രി 10.45ന് ഒമാൻ വഴി നാട്ടിലേയ്ക്ക് യാത്ര തിരിക്കും.
മകനെ കാണാതായതായി സുരേഷ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സുരേഷിനോടൊപ്പം അധികൃതരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ജിത്തുവിന് വേണ്ടി വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ 20 വർഷമായി അബുദാബിയിലെ പ്രമുഖ ഹോട്ടലിൽ ട്രാൻസ്പോർട് സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുരേഷിന് ഭാര്യയും രണ്ടു മക്കളുമാണുള്ളത്. നേരത്തെ അബുദാബി ടാക്സിയിൽ ഡ്രൈവറായിരുന്നു. ഭൂരിഭാഗം പ്രവാസികളെയും പോലെ കുടുംബത്തിന് വേണ്ടിയായിരുന്നു ഇദ്ദേഹം ജീവിച്ചത്. മക്കൾ ഒരാണും പെണ്ണും. ഇരുവരെയും നല്ല നിലയിൽ പഠിപ്പിച്ചു. മൂത്ത മകൻ ജിത്തു ബിബിഎ എയർപോർട് മാനേജ്മെന്‍റ് ആണ് പഠിച്ചത്.
മകൾ എറണാകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ഓപ്റ്റോമെട്രിസ്റ്റും. ബിരുദം നേടിയ ശേഷം ജിത്തു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ജോലിക്കായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ബെംഗ്ലുരുവിൽ ഇൻഡിഗോ എയർലൈൻസിൽ ജോലിയിൽ പ്രവേശിച്ചു. പക്ഷേ, അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല. ഇതേത്തുടർന്നാണ് സുരേഷ് മകനെ കോവിഡ്19ന് ശേഷം യുഎഇയിലേയ്ക്ക് കൊണ്ടുവന്നത്. സുരേഷും കൂട്ടുകാരും ചേർന്ന് അബുദാബിയിൽ ആരംഭിച്ച ഒരു റസ്റ്ററന്‍റിന്‍റ് നോക്കി നടത്താനുള്ള ചുമതലയായിരുന്നു ആദ്യം ജിത്തുവിന്. ആറു മാസത്തോളം റസ്റ്ററന്‍റ് നടത്തിയെങ്കിലും നഷ്ടം സംഭവിച്ചതിനെ തുടർന്ന് പൂട്ടി. ഇതോടെ കൂട്ടുകാർ ക്ഷണിച്ചതനുസരിച്ച് ജിത്തു അബുദാബിയിൽ നിന്ന് ഷാർജയിലെത്തി. ഒരു ഗ്യാസ് ഏജൻസിയിലടക്കം പല ജോലിയും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നിലും പച്ചപിടിച്ചില്ല. പിന്നീട് ഇത്തിസാലാത്തിന്‍റെ ജോലികള്‍ കരാറെടുത്ത് ചെയ്യുന്ന ഒരു കമ്പനിയിലായിരുന്നു.
മകനെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു സുരേഷിന് ജിത്തുവിന്‍റെ കൂട്ടുകാരനിൽ നിന്നൊരു ഫോൺ കോൾ ലഭിക്കുന്നത്. ജിത്തുവിനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് അദ്ദേഹത്തിന്‍റെ കൂടെ ബുത്തീനയിൽ താമസിക്കുന്നവർ വിളിച്ചറിയിച്ചു എന്നായിരുന്നു കൈമാറിയ വിവരം. പതിവുപോലെ താമസ സ്ഥലത്ത് നിന്ന് രാവിലെ ജോലിക്ക് പോയതിന് ശേഷമായിരുന്നു അപ്രത്യക്ഷനായത്. അന്ന് വൈകിട്ട് ഏഴ് വരെ ജിത്തുവിന്‍റെ മൊബൈൽ ഫോൺ ഓണായിരുന്നു. വിവരമറിഞ്ഞയുടൻ സുരേഷ് ഷാർജയിലേയ്ക്ക് പാഞ്ഞു. ബന്ധുക്കളോടും രണ്ടുപേരുടെയും കൂട്ടുകാരോടും അന്വേഷിച്ചെങ്കിലും ആർക്കും ഒരു വിവരവുമില്ലായിരുന്നു. തുടർന്ന് ഷാർജ അൽ ഗർബ പൊലീസിൽ പരാതി നൽകി. അതോടെ അവരും അന്വേഷണം ആരംഭിച്ചു.
∙ജിത്തു ഹാപ്പിയായിരുന്നു; തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു
ജോലി കഴിഞ്ഞുള്ള ഓരോ ഇടവേളകളിലും സുരേഷിന്‍റെ ചിന്ത മകനെ കണ്ടുപിടിക്കുക എന്നത് തന്നെയായിരുന്നു. യുഎഇയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും തിരച്ചിൽ നടത്തി. നിരാശയായിരുന്നു ഫലം. എന്‍റെ മോന് യാതൊരു പ്രശ്നവുമില്ല. അവൻ ഹാപ്പിയായിരുന്നു. അവൻ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് സുരേഷ് ഇൗ മാസം മേയിൽ മനോരമ ഒാണ്‍ലൈനിനോട് പറഞ്ഞു. മറ്റു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നതിനേക്കാളും സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണം എന്നായിരുന്നു അവന്‍റെ ആഗ്രഹം. അതിന് പറ്റാത്തതിലുള്ള നിരാശയുണ്ടായിരിക്കാം. പക്ഷേ, ജീവനൊടുക്കിയതിന് പിന്നിൽ അതൊരു കാരണമാണെന്ന് സുരേഷ് കരുതുന്നില്ല. അജ്ഞാത കാരണത്താൽ അവനെവിടെയോ കൂട്ടുകാരുടെ കൂടെ കഴിയുന്നുണ്ടാകും എന്നായിരുന്നു കഴിഞ്ഞ ദിവസം ഷാർജ പൊലീസ് മരണവിവരം അറിയിക്കും വരെ സുരേഷിന്‍റെയും കുടുംബത്തിന്‍റെയും വിശ്വാസം. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകിയിരുന്നു. പക്ഷേ, എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി ജിത്തു മരണത്തിന്‍റെ ആഴക്കയങ്ങളിലേയ്ക്ക് സ്വയം എടുത്തുചാടി. സീനാ സുരേഷാണ് മാതാവ്. സഹോദരി–അമൃതാ സുരേഷ്.