'ദിവസം 500 ഡോളർ വരുമാനം, വെറുതെ വീട്ടിലിരുന്ന് സമ്പാദിക്കാം'; ക്ലിക്ക് ചെയ്താൽ പണവും മാനവും നഷ്ടമാകും, അറിയണം ഇക്കാര്യങ്ങൾ
Mail This Article
ദുബായ് ∙ ബാങ്കുകളുടെ പേരു പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന തട്ടിപ്പുകാർ ഏതു നിമിഷവും ഫോണിലോ ഇ–മെയിലിലോ കടന്നുവരാമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. വ്യക്തിവിവരവും ബാങ്ക് വിവരവും ചോർത്തിയെടുക്കുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ റീചാർജ്, ഐബാനുമായി ബന്ധപ്പെട്ട പൊരുത്തക്കേട്, ജോലി വാഗ്ദാനം, സമ്മാന പദ്ധതികൾ, ക്രെഡിറ്റ് കാർഡ് വിളികൾ അങ്ങനെ തട്ടിപ്പുകാർ തിരഞ്ഞെടുക്കുന്ന വഴികൾ വ്യത്യസ്തമായിരിക്കും. ഇക്കാര്യങ്ങൾ ഓർമപ്പെടുത്തി ബാങ്കുകൾ നിരന്തരം ഇ–മെയിലുകളും എസ്എംഎസുകളും ജനങ്ങൾക്ക് അയയ്ക്കുന്നുണ്ട്.
∙ ഐബാൻ പരിശോധിക്കുക
അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുമ്പോൾ ഐബാൻ നമ്പറും അതിന്റെ ഉടമയുടെ പേരും പരിശോധിക്കുക. അക്കൗണ്ട് ഉടമ നൽകിയിരിക്കുന്ന യഥാർഥ പേര് ഐബാൻ അടിക്കുമ്പോൾ തന്നെ ഫോണിൽ തെളിയും. ആ പേരും നമ്മൾ പണം നൽകാൻ പോകുന്ന ആളുടെ പേരും ഒന്നാണെന്ന് ഉറപ്പു വരുത്തണം. പേരുകൾ തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വീണ്ടും പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പാക്കണം.
∙ വീട്ടിലിരുന്ന് തൊഴിൽ വാഗ്ദാനം
വെറുതെ വീട്ടിലിരുന്ന് ആയിരങ്ങൾ സമ്പാദിക്കാമെന്ന് ആരു പറഞ്ഞാലും വിശ്വസിക്കരുത്. ദിവസം 500 ഡോളർ വരുമാനം ഉറപ്പാക്കുന്ന ചില ജോലികളുടെ പട്ടികയുമായാണ് പുതിയ തട്ടിപ്പ്. നമുക്ക് വാഗ്ദാനം ചെയ്ത ജോലിക്ക് നമ്മൾ അർഹരാണോ എന്ന് ആദ്യം ചിന്തിക്കണം. ചെയ്യുന്ന ജോലി ഇത്രയധികം വേതനം ലഭിക്കുന്നതാണോ എന്നു പരിശോധിക്കണം. ജോലി ഒന്നും ചെയ്യാതെ വാട്സാപ് മെസേജ് വായിച്ചും യുട്യൂബ് കണ്ടും കാശുകാരാകാമെന്ന് പറഞ്ഞു വരുന്നതിലെ തട്ടിപ്പ് ആദ്യമേ മനസ്സിലാക്കണം.
‘ഇന്നു തീരും’ തട്ടിപ്പിന്റെ ഓഫർ
ഇന്നു കാലഹരണപ്പെടും മുൻപ് നിങ്ങളുടെ റിവാർഡ് പോയിന്റുകൾ സ്വന്തമാക്കൂ എന്നതാണ് തട്ടിപ്പുകാരുടെ മറ്റൊരു ചൂണ്ട. ആരു നൽകുന്ന റിവാർഡ് പോയിന്റുകളാണെന്നു പോലും ചിന്തിക്കാതെ ലിങ്കിൽ കയറുന്നവർക്ക് പണവും മാനവും നഷ്ടമാകുമെന്ന് ഉറപ്പ്. ബാങ്കുകൾ റിവാർഡ് പോയിന്റുകൾ നൽകുന്നത് അവരുടെ മൊബൈൽ ആപ്പിലോ ഇന്റർനെറ്റ് ആപ് വഴിയോ ആകും. അത്തരം പോയിന്റുകളെ കുറിച്ച് അറിയാൻ ബാങ്കുകളുടെ സൈറ്റിൽ കയറി നോക്കിയാൽ മതി. ആരെങ്കിലും അയച്ചു തരുന്ന ലിങ്കിൽ കയറി റിവാർഡ് പോയിന്റ് ഈടാക്കാൻ ശ്രമിക്കരുത്.
∙ തുറന്നവയ്ക്കല്ലേ, ബാങ്ക് അക്കൗണ്ട്
നിങ്ങളുടെ അക്കൗണ്ടിലേക്കു പണം ഇടാനാണെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ച് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചാൽ അതിന്റെ ഉറവിടം കൃത്യമായി പരിശോധിക്കുക. നിങ്ങൾക്കു ലഭിക്കാനുള്ള പണം തന്നെയാണ് അതെന്ന് ഉറപ്പു വരുത്തുക. അക്കൗണ്ട് വിവരം നൽകുമ്പോൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറും അതിന്റെ സിവിവി നമ്പറും പാസ്‌വേഡും ഒടിപിയും നൽകേണ്ടതില്ല. അത്തരം വിവരങ്ങൾ ആവശ്യപ്പെട്ടാൽ ആ ഫോൺ വിളിയോടോ വാട്സാപ് മെസേജിനോടോ പ്രതികരിക്കാതിരിക്കുക.
‘ബാങ്കിൽ നിന്നാ വിളിക്കുന്നത്...’
ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെട്ടുള്ള വിളികളെയും കരുതിയിരിക്കുക. ഒരിക്കലും ബാങ്കുകളിൽ നിന്നു വിളിച്ചു നിങ്ങളുടെ അക്കൗണ്ടിനെക്കുറിച്ചോ ഫണ്ടിനെക്കുറിച്ചോ സംസാരിക്കില്ല. നിങ്ങളുടെ ഒടിപി നമ്പർ, പാസ്‌വേഡ് തുടങ്ങിയവയും ബാങ്കിൽ നിന്ന് ആവശ്യപ്പെടില്ല.
∙ മൊബൈൽ ഫോൺ, സാലിക്ക് റീചാർജ്
മൊബൈൽ സേവനദാതാവിന്റെ ഔദ്യോഗിക വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജ സൈറ്റുകൾ വെബ് ബ്രൗസിങ്ങിനിടെ നമ്മുടെ ശ്രദ്ധയിൽ വരാം. ആകർഷകമായ ഓഫറുകളായിരിക്കും ഇവ വാഗ്ദാനം ചെയ്യുക. ഇപ്പോൾ റീചാർജ് ചെയ്താൽ ഇരട്ടി ലാഭം, ലോകം മുഴുവൻ സൗജന്യമായി വിളിക്കാം, കൂടുതൽ ഡേറ്റ, ഒടിടി സൈറ്റുകൾ സൗജന്യമായി നേടാം, റാഫിൾ നറുക്കെടുപ്പിൽ വിജയിക്കാം എന്നത് ഉൾപ്പെടെ ആരെയും വീഴ്ത്താൻ പറ്റുന്ന ഓഫറുകളായിരിക്കും ഈ സൈറ്റുകൾ അവതരിപ്പിക്കുക. ഒരിക്കൽ ഇതിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചതിക്കുഴിയിലേക്കു കാൽവച്ചതിനു തുല്യമാകും. ലിങ്കിൽ കയറി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ നമ്മുടെ കയ്യിലെ പണം മുഴുവൻ തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തും. ഏതു സൈറ്റിൽ കയറുമ്പോഴും അതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണം.
അവിശ്വസനീയ ഓഫറുമായി ആരു സമീപിച്ചാലും വേണ്ടെന്നു പറയാൻ മനസ്സിനെ പാകപ്പെടുത്തണം. സാലിക്ക് റീചാർജ് ചെയ്യുന്നവർക്ക് വൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തു ലിങ്കുകൾ ലഭിക്കാം. കണ്ടാൽ സാലിക്ക് വെബ്സൈറ്റ് പോലെ തോന്നുമെങ്കിലും രണ്ടാമതൊന്നു കൂടി പരിശോധിച്ച് ഉറപ്പിക്കുന്നത് ഗുണം ചെയ്യും. ആവശ്യപ്പെടുന്ന തുക, പണം അടയ്ക്കുന്ന ലിങ്ക് തുടങ്ങിയ കാര്യങ്ങൾ രണ്ടു പ്രാവശ്യം പരിശോധിച്ച് ഉറപ്പിക്കണം.