ഇന്ത്യയിലെ സ്വർണത്തിനു നികുതി കുറച്ചാൽ, ദുബായിലെങ്ങനെ അറിയും? തിരിച്ചടി സ്വർണക്കടത്തുകാർക്ക്!
Mail This Article
നിർമല സീതാരാമൻ ഇഫക്ടായിരുന്നു ഈ ആഴ്ച ദുബായ് സ്വർണവിപണിയിലെ ചർച്ച. ഇന്ത്യയുടെ കേന്ദ്ര ബജറ്റ് ദുബായിലെ സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നതു കാണുമ്പോൾ ലോകം എത്ര ചെറുതായെന്നു കൂടി നമ്മൾ അറിയുന്നു. ഇന്ത്യയിലെ സ്വർണത്തിനു നികുതി കുറച്ചാൽ, ദുബായിലെങ്ങനെ അറിയും? അതറിയണമെങ്കിൽ ഇന്ത്യക്കാരുടെ സ്വർണം വാങ്ങൽ സ്വഭാവം അറിയണം. സ്വർണം വാങ്ങാൻ മാത്രം ദുബായിൽ വന്നു പോയിരുന്ന എത്രയോ പേരുണ്ട്. ഇന്ത്യയിൽ സ്വർണവിലയ്ക്ക് മേൽ 15% നികുതി കൂടി നൽകേണ്ടതിനാൽ, മൂന്നര മണിക്കൂർ യാത്ര ചെയ്തു ദുബായിലെത്തി നല്ല സ്വർണവും വാങ്ങി ഒരു രൂപ പോലും നികുതിയും കൊടുക്കാതെ എത്രയോ പേർ മടങ്ങിപ്പോയിരിക്കുന്നു.
നികുതി കുറച്ചതിന്റെ തിരിച്ചടി നേരിടുന്ന മറ്റൊരു വിഭാഗമാണ് സ്വർണക്കടത്തുകാർ. അവർക്കിടയിലെ കിടമത്സരത്തിന് അറുതി വരുത്താനും പുതിയ തീരുമാനം കാരണമായി. ഒരു പവൻ സ്വർണത്തിന് 6000 – 7000 രൂപ ലാഭം കിട്ടുന്ന ഇടപാടായിരുന്നു ഇതുവരെ സ്വർണക്കടത്ത്. നികുതി 15ൽ നിന്ന് 6 ശതമാനത്തിലേക്ക് താഴ്ത്തിയപ്പോൾ ഇന്ത്യയിൽ സ്വർണവിലയിലുണ്ടായത് 5000 രൂപയുടെ കുറവാണ്. അതായത്, യുഎഇ വിപണിയും ഇന്ത്യൻ വിപണിയും തമ്മിലുള്ള അന്തരം നേർത്തുവെന്നു പറയാം. അപ്പോഴും 5 ശതമാനത്തിന്റെ ലാഭം ഇപ്പോഴും ദുബായിലുണ്ടെന്നതു വേറെ കാര്യം. പക്ഷേ, ഇതിനു വേണ്ടി വിമാന ടിക്കറ്റ് എടുത്തു, താമസം സൗകര്യം ഒരുക്കി, അനുബന്ധ ചെലവുകൾ കൂടി കണക്കു കൂട്ടിയാൽ 5 ശതമാനം ലാഭം ആ വഴിക്കു പറന്നുപോകും. ദുബായ് കാണാൻ വരുന്നവർക്ക് അക്കൂട്ടത്തിൽ വാങ്ങാവുന്ന ഒന്നായി ഇപ്പോൾ ഇവിടത്തെ സ്വർണം മാറി.
ഇവിടെ നിന്നു സ്വർണം വാങ്ങി നാട്ടിൽ കൊണ്ടുപോയി വിൽക്കുമ്പോൾ പ്രവാസികൾക്കു കിട്ടിയിരുന്ന ലാഭവും ഇതോടെ ഇല്ലാതായി. സന്ദർശക വീസക്കാർക്ക് സ്വർണത്തിനു മുടക്കുന്ന 5% നികുതി വിമാനത്താവളത്തിൽ നിന്നു തിരികെ ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അങ്ങനെയൊരു സാധ്യത ഇല്ല. 5% നികുതി നൽകി വാങ്ങുന്ന സ്വർണം നാട്ടിൽ കൊണ്ടുപോയി വിറ്റാൽ പരമാവധി ഒരു ശതമാനത്തിന്റെ ലാഭമാണുണ്ടാവുക. അവധിക്കു നാട്ടിൽ പോകുമ്പോൾ അല്ലറചില്ലറ വട്ടച്ചെലവിനായി ഒരു വിഭാഗം പ്രവാസികൾ ഇത്തരത്തിലുള്ള സ്വർണവിൽപന നടത്തിയിരുന്നു. ആ വരുമാന സ്രോതസ്സിന്റെ മേലാണ് കഴിഞ്ഞ ദിവസത്തെ ബജറ്റ് വന്നു പതിച്ചത്.
പ്രവാസി കുടുംബങ്ങളിലെ കല്യാണത്തിനുള്ള സ്വർണം ഇനി ഇവിടെ നിന്നു വേണോ നാട്ടിൽ നിന്നു വേണോ എന്ന നിലയിലേക്കു ചർച്ചകൾ വഴിമാറി. രണ്ടായാലും നമ്മുടെ ജ്വല്ലറികളെ ബാധിക്കില്ലെന്നു പറയാം. ഇവിടെ നിന്നു വാങ്ങിയാലും നാട്ടിൽ നിന്നു വാങ്ങിയാലും ബിസിനസ് കിട്ടുന്നത് നമ്മുടെ ജ്വല്ലറികൾക്കു തന്നെ. ഇവിടെ നിന്നു സ്വർണം കൊണ്ടു പോകുമ്പോഴുള്ള ‘റിസ്ക്കും’ ഇതുവഴി ഒഴിവാക്കാമെന്ന് ആശ്വസിക്കുന്നവരുണ്ട്. പുരുഷന് 50000 രൂപയുടെയും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെയും സ്വർണമാണ് നിയമപരമായി കൊണ്ടുപോകാൻ കഴിയുക. അതിൽ കൂടുതൽ കൊണ്ടുപോകുന്നവർ സ്വർണത്തിന്റെ അളവ് വെളിപ്പെടുത്തി നികുതി അടയ്ക്കണമെന്നാണ് ചട്ടം. ഇക്കാര്യങ്ങളിലൊക്കെ ഇനിയും കെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.
സ്വർണവിപണിയിൽ ഇന്ത്യയും യുഎഇയും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. യുഎഇയുടെ സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഇവ ആഭരണങ്ങളാക്കി ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്നത് യുഎഇയിലേക്കും. പരസ്പര പൂരകങ്ങളായി കഴിയുന്ന ഈ ഇടപാടിൽ ഇനിമുതൽ ആർക്കുമാർക്കും നഷ്ടവും ലാഭവുമില്ലാത്ത അവസ്ഥയുണ്ടാകുമെന്നു കരുതാം. നികുതി കുറച്ചതോടെ ഏറ്റവും വലിയ ആശ്വാസം ജ്വല്ലറികൾക്കു തന്നെയാണ്. കാരണം, കള്ളക്കടത്തുകാരുടെ സമാന്തര വിപണിയോട് ഏറ്റുമുട്ടിയാണ് എന്നും കേരളത്തിലെ ജ്വല്ലറികൾ കച്ചവടം നടത്തിയിരുന്നത്. അംഗീകൃത ജ്വല്ലറികൾ പത്രങ്ങളിൽ പരസ്യം നൽകി പ്രചാരണം നടത്തുമ്പോൾ സമാന്തര വിപണിക്കാർ അവരുടെ കച്ചവടത്തിനു പ്രചാരണം നൽകുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്തുകാരെ ഇടയ്ക്കിടെ വിമാനത്താവളത്തിൽ പിടിപ്പിക്കുന്നതെന്നൊരു പിന്നാമ്പുറ കഥകൾ പോലും പ്രചാരത്തിലുണ്ട്.
സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വിയർപ്പിന്റെയും ചോരയുടെയുമൊക്കെ കഥകളുണ്ട് ഓരോ സ്വർണത്തരിമ്പിനു പോലും പറയാൻ. നികുതി കൂടിയാലും വില കൂടിയാലും നമ്മൾ പെട്രോൾ വാങ്ങുമെന്നു പറയും പോലെയാണ് സ്വർണത്തിന്റെ കാര്യവും. ഇനി, എവിടെനിന്നു വേണം എന്നു മാത്രം നോക്കിയാൽ മതി.