ഖത്തറിലേക്ക് ജോലിക്കായി പോയ ഇന്ത്യക്കാരൻ എത്തിയത് സൗദിയിൽ; ‘ആടുജീവിത’ത്തിനിടെ വിഡിയോ, രക്ഷകനായി മന്ത്രി
Mail This Article
റിയാദ്∙ ഖത്തറിൽ ജോലിക്ക് വേണ്ടി യാത്ര പുറപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി സരല്ല വീരേന്ദ്ര കുമാർ എത്തപ്പെട്ടത് സൗദി അറേബ്യയിൽ. ജോലി നൽകാമെന്ന പറഞ്ഞ് ഏജന്‍റ് വഞ്ചിച്ചതിനെ തുടർന്നാണ് സരല്ല വീരേന്ദ്ര കുമാർ സൗദിയിലെത്തിയത്. മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യാനായിരുന്നു സൗദിയിലെത്തിയ സരല്ലയ്ക്ക് ലഭിച്ച നിർദേശം. ഇതോടെ രക്ഷപ്പെടാനായി സരല്ല പല വഴി തേടിയെങ്കിലും ഫലം കണ്ടില്ല.
ഇതോടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായി സരല്ല വീരേന്ദ്ര കുമാർ സമൂഹ മാധ്യമത്തിലൂടെ വിഡിയോ പങ്കുവച്ചു. വിഡിയോ കാണുന്നവരുടെ സഹായത്തിനായി അഭ്യർഥിച്ചാണ് സന്ദേശം പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ മന്ത്രി നാരാ ലോകേഷ്, സരല്ല വീരേന്ദ്ര കുമാറിനെ രക്ഷപ്പെടുത്താൻ എൻആർഐ ഫോറത്തിന് നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ വിഷയത്തിൽ എൻആർഐ ഫോറവും റിയാദ് ഇന്ത്യൻ എംബസിയും ഇടപെട്ടു. സരല്ല വീരേന്ദ്ര കുമാർ ഇന്നലെ ഹൈദരാബാദിലെ രാജ്യാന്തര വിമാനത്താവളത്തിലെത്തി കുടുംബത്തോടെപ്പം ചേർന്നു. ഇക്കാര്യം എംബസി സമൂഹമാധ്യമത്തിലൂടെ സ്ഥീകരിച്ചു.
‘‘അദ്ദേഹം ഇപ്പോൾ സുരക്ഷിതമായി തിരിച്ചെത്തിയതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്‍റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ എംബസിയുമായി ചേർന്ന് പ്രവർത്തിച്ച എല്ലാ കമ്മ്യൂണിറ്റി വെളാന്‍റീയർമാർക്കും ഞങ്ങൾ നന്ദി പറയുന്നു.’’ എന്നാണ് സരല്ല വീരേന്ദ്ര കുമാർ ഇന്ത്യയിൽ തിരിച്ച് എത്തിയ വിവരം പങ്കുവച്ച് എംബസി സമൂഹ മാധ്യമത്തിൽ എഴുതിയത്.