നേപ്പാളിൽ പരിശീലനം, ദുബായ് ആസ്ഥാനമായ കമ്പനിയിൽ ജോലി; ഖത്തറിലെ ‘ന്യൂജെൻ’ തട്ടിപ്പ്
Mail This Article
ദോഹ∙ ദുബായ് ആസ്ഥാനമായ കമ്പനിയുടെ ഖത്തർ ശാഖയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. 18 ഇന്ത്യക്കാരാണ് തട്ടിപ്പിന് ഇരയായത്. തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലെ എൻജിനീയറിങ്, ഡിപ്ലോമ ബിരുദധാരികളായ യുവാക്കളാണ് ഇരകൾ. "എ വൺ വീസ" നൽകി 4000 മുതൽ 7000 വരെ ഖത്തർ റിയാൽ ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം മുതൽ മൂന്നര ലക്ഷം വരെ രൂപയാണ് ഇവരിൽ നിന്ന് തട്ടിയെടുത്തത്.
എച്ച് ആർ മാനേജർ, ടൈം കീപ്പർ, എച്ച്ആർ അസിസ്റ്റന്റ് തുടങ്ങിയ ജോലികൾ ഒഴിവുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് സുമൻ പാൽതുറെ എന്ന തമിഴ്നാട് സ്വദേശിയാണ് ഇവരെ വലയിൽ വീഴ്ത്തിയത്. തട്ടിപ്പ് ഇരയായവർ ഇപ്പോൾ ഖത്തറിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരിക്കുകയാണ്. സ്വന്തം നാട്ടുകാരനായയാൾ പണം തട്ടിയെടുത്തത് ഒരു മാസം മുൻപ് ഖത്തറിൽ എത്തിയ ഇവർ എംബസി അധികൃതരെ അറിയിച്ചു. ഖത്തറിൽ എത്തുന്നതിന് മുമ്പ് നേപ്പാളിൽ പോയി രണ്ടു മുതൽ മൂന്ന് ആഴ്ച വരെ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് വീസ തട്ടിപ്പ് നടത്തിയയാൾ ഇവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വന്തം ചെലവിൽ നേപ്പാളിൽ എത്തിയ ഇവർ അവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ദോഹയിൽ എത്തുന്നത്. എന്നാൽ തങ്ങൾക്ക് കാര്യമായ പരിശീലനങ്ങൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും തങ്ങളെ കൊണ്ടുപോയി ഒരു ഹോട്ടലിൽ താമസിപ്പിച്ച് പരിശീലനമെന്ന പേരിൽ ചില കാര്യങ്ങൾ പറഞ്ഞ് തരിക മാത്രമാണ് ചെയ്തത് എന്നും തട്ടിപ്പിന് ഇരയായവർ പറഞ്ഞു
ഖത്തറിൽ സന്ദർശകർക്ക് അനുവദിക്കുന്ന എ വൺ വീസയിലാണ് ദോഹയിലേക്ക് പോകുന്നതെന്നും ഒരു മാസത്തെ പ്രബേഷന് ശേഷം തൊഴിൽ വീസയിലേക്ക് മാറാമെന്നുമായിരുന്നു വാഗ്ദാനമെന്ന് തട്ടിപ്പിനിരയായ തിരുനെൽവേലി സ്വദേശി നിധീഷ് പറഞ്ഞു.ദോഹയിലെത്തുമ്പോൾ ഇവർക്ക് താമസവും മറ്റും ഒരുക്കാനായി, വീസ നൽകിയ വ്യക്തി ചുമതലപ്പെടുത്തിയ ആളുമുണ്ടായിരുന്നു.
സ്വന്തമായി ഓഫിസോ മറ്റു കാര്യങ്ങളോ ഇല്ല എന്നും ഹോട്ടലിൽ ഇരുന്നുകൊണ്ട് സമൂഹ മാധ്യമം ഉപയോഗിച്ച് നാട്ടിൽ നിന്നും പുതിയ റിക്രൂട്ട്മെന്‍റ് നടത്തുക എന്നതാണ് ടാസ്ക് എന്ന് നാട്ടിൽ നിന്നും കയറ്റി അയച്ച ഏജന്‍റ് ഇവരെ അറിയിച്ചിരുന്നു. ഓരോരുത്തരും 25 മുതൽ 50 വരെ ആളുകളെ എച്ച് ആർ മേഖലയിലേക്ക് ജോലിക്കായി റിക്രൂട്ട്മെന്‍റ് നടത്തിയാൽ പ്രൊബേഷൻ കാലയളവ് പൂർത്തിയാകുകയും, തൊഴിൽ വീസ നൽകുകയും ചെയ്യുമെന്നായിരുന്നു വാഗ്ദാനം.
നാട്ടിലുള്ള ഉദ്യോഗാർഥികളിൽ നിന്നും ബയോഡാറ്റ സ്വീകരിച്ച് ഓൺലൈൻ അഭിമുഖം നടത്തി അവരുടെ വിവരങ്ങൾ നാട്ടിലുള്ള ഏജന്‍റിനെ ഏൽപ്പിക്കുക എന്നതായിരുന്നു നിർദ്ദേശം . ടാർഗറ്റ് പൂർത്തിയാക്കാനുള്ള പരിശ്രമത്തിൽ പലപ്പോഴും തങ്ങളുടെ ബന്ധുക്കളെയും പരിചയത്തിലുള്ളവരെയുമാണ് തട്ടിപ്പിന് ഇരയായി ഇപ്പോൾ ദോഹയിൽ കുടുങ്ങിയ പലരും ആശ്രയിച്ചിരുന്നത്. ഇങ്ങനെ ഖത്തറിൽ ജോലി ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്ന് ആദ്യ ഘടുവായി 25,000 രൂപ വീതം നൽകാനായി നിർദേശം. ഈ തുകയും തട്ടിപ്പിനു നേതൃത്വം നൽകിയസംഘത്തിന്‍റെ അക്കൗണ്ടിലേക്കാണ് കൈമാറിയത്.
നേപ്പാളിലുള്ള പരിശീലനത്തിനും യാത്രാ ചെലവിനുമാണെന്ന് പറഞ്ഞായിരുന്നു ഇത് ഈടാക്കിയത്. ഈ സംഘം നേപ്പാളിൽ പരിശീലനത്തിന് എത്തിയതോടെയാണ് വീസ തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. പരിശീലനമെന്നു പറഞ്ഞ് ഹോട്ടലിൽ താമസിപ്പിച്ച ഇവർക്ക് ഒരു പരിശീലനവും ലഭിക്കാറായതോടെ ഇവർ നാട്ടിൽ ബന്ധപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് ജോലിവാഗ്ദാനത്തിലെ പന്തികേട് മനസ്സിലാവുന്നത്.
ഇതോടെ, ഖത്തറിലെത്തിയവർക്കും തങ്ങൾ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കി. വീസ വാഗ്ദാനം ചെയ്ത സുമൻ പാൽതുറെയെ ബന്ധപ്പെട്ടുവെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. നേപ്പാളിൽ നിന്നുള്ള സംഘം നാട്ടിലെത്തിയ ശേഷം പണം ആവശ്യപ്പെട്ട് തങ്ങളെ റിക്രൂട്ട് ചെയ്തവരുടെ വീട്ടിലെത്തിയതോടെ നാട്ടിലും പ്രശ്നമായി മാറിയതായി ഇരയായി ഇപ്പോൾ ഖത്തറിലുള്ള നിധീഷ് പറയുന്നു.
ട്ടിപ്പ് തിരിച്ചറിഞ്ഞതോടെ 18 അംഗ സംഘം സഹായത്തിനായി ഇന്ത്യൻ എംബസിയെയും ഖത്തർ തമിഴർ സംഘം എന്ന സംഘടനയെയും സമീപിക്കുകയായിരുന്നു. ഇന്ത്യൻ എംബസി തമിഴ്നാട്ടിലെ പ്രവാസി സെല്ലുമായി ബന്ധപ്പെടുകയും ഇവിടെ അകപ്പെട്ടവർക്കുള്ള ടിക്കറ്റ് നൽകാമെന്ന് തമിഴ്നാട് സർക്കാരിന് കീഴിലുള്ള എൻ ആർ ടി അറിയിക്കുകയും ചെയ്തതായി ഖത്തർ തമിഴർ സംഘം ഭാരവാഹികൾ പറഞ്ഞു.
തട്ടിപ്പിനിരയായവരിൽ ആറു പേർ, വീസാ കാലാവധി കഴിയും മുൻപായി കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങി. എന്നാൽ ബാക്കിയുള്ള 12 പേരുടെ വീസ കാലാവധി കഴിഞ്ഞതിനാൽ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി മാത്രമേ തിരിച്ചു പോകാൻ സാധിക്കുകയുള്ളൂ. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഖത്തർ തമിഴർ സംഘം ഭാരവാഹികൾ പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ വഞ്ചിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും തട്ടിപ്പിന് ഇരയായവർ പറഞ്ഞു.