ADVERTISEMENT

ദുബായ്∙ 'എയ്ഞ്ചൽസ് ഓഫ് ഡെത്ത്' (മരണത്തിന്‍റെ മാലാഖ) എന്ന ക്രിമിനൽ സംഘടനയുടെ തലവനായ ഡച്ച് പൗരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ഡച്ച് പൊലീസിന് കൈമാറി. ഫൈസൽ താഗി(24) എന്ന കൊടുംകുറ്റവാളിയെയാണ് ദുബായ് പൊലീസ് സമർഥമായി പിടികൂടിയത്.  ലഹരിമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രതിക്കെതിരെ രാജ്യാന്തര വാറണ്ട് ഉണ്ടായിരുന്നു.

കൊടുംകുറ്റവാളിയായ ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം ഡച്ച് സർക്കാർ നടപ്പാക്കി വരികയായിരുന്നു. വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് യുഎഇയിലേക്ക് കടന്ന ഫൈസലിന്‍റെ പിതാവ് റിദുവാൻ താഗി 2019-ൽ ദുബായിൽ അറസ്റ്റിലായിരുന്നു. നെതർലൻഡ്‌സിന്‍റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന റിദുവാൻ അന്ന് 'എയ്ഞ്ചൽസ് ഓഫ് ഡെത്തിന്‍റെ ' നേതാവായിരുന്നു.

റിദുവാൻ താഗി 2019-ൽ അറസ്റ്റിലായ വേളയിലെടുത്ത ചിത്രം
റിദുവാൻ താഗി 2019-ൽ അറസ്റ്റിലായ വേളയിലെടുത്ത ചിത്രം

ഈ വർഷം ഫെബ്രുവരിയിൽ, റിദുവാൻ താഗിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊലപാതകങ്ങളും കൊലപാത ശ്രമങ്ങളും ഉൾപ്പെടെ 300-ലധികം വ്യത്യസ്ത കുറ്റകൃത്യങ്ങൾക്ക് ഇയാളുടെ ക്രിമിനൽ സിൻഡിക്കേറ്റ് ഉത്തരവാദിയാണെന്ന് കരുതപ്പെടുന്നു. ഇന്‍റർപോൾ അദ്ദേഹത്തെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായും ലോകത്തിലെ ഏറ്റവും അക്രമാസക്തമായ സംഘത്തിന്‍റെ തലവനായുമായിട്ടാണ് വിലയിരുത്തുന്നത്. അക്കാലത്ത്, ഡച്ച് അധികാരികൾ ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് 100,000 യൂറോ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് യുഎഇയുടെ സുരക്ഷാ സഹകരണത്തെ അഭിനന്ദിക്കുകയും ഫൈസലിനെ കൈമാറുന്നതിൽ ദുബായ് പൊലീസിന്‍റെ 'വിലപ്പെട്ട പങ്കിനെ' പ്രശംസിക്കുകയും ചെയ്തു.

English Summary:

Dubai Police extradite wanted criminal Faisal Taghi to Netherlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com