ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവ്
Mail This Article
ദോഹ ∙ ഈ വര്‍ഷം ആദ്യപകുതിയില്‍ ഖത്തറിലെ ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 2.6 കോടി യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2023 ല്‍ ഈ കാലയളവിലെ കണക്കനുസരിച്ച് 25 ശതമാനം കൂടുതലാണിത്. എയര്‍ ക്രാഫ്റ്റ് മൂവ്മെന്റില്‍ 19 ശതമാനവും കാര്‍ഗോ കൈകാര്യം ചെയ്യുന്നതില്‍ 12 ശതമാനവും വര്‍ധനയുണ്ട്.
പുതിയ വിമാനക്കമ്പനികള്‍ സര്‍വീസ് തുടങ്ങിയത് യാത്രക്കാരുടെ എണ്ണം കൂടാന്‍ ഇടയാക്കിയിടുണ്ട്. ജപ്പാന്‍ എയര്‍ലൈന്‍സ്, ഗരുഡ ഇന്തോനേഷ്യ, ചൈന സതേണ്‍ എയര്‍ലൈന്‍സ്, ആകാശ എയര്‍ എന്നീ നാല് വിമാനക്കമ്പനികള്‍ ഈ വര്‍ഷം ഹമദ് വിമാനത്താവളത്തിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നു. മിഡിലീസ്റ്റ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ഇക്കാലയളവില്‍ സര്‍വീസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. മിഡിലീസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസില്‍ 45 ശതമാനത്തിലധികമാണ് വര്‍ധന, യൂറോപ്പ്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് 32.8 ശതമാനത്തിന്റെയും വര്‍ധനയുണ്ട്. കൂടാതെ സന്ദർശകർക്ക് എളുപ്പം ഖത്തറിൽ എത്താൻ സാധിക്കുന്ന എ വൺ വീസ നടപ്പിലാക്കിയതും ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായി. ഒപ്പം കുടുംബ വീസകൾ അനുവദിക്കുന്നതിലും ചില ഇളവുകൾ കൊണ്ട് വന്നതും അതുവഴി നിരവധിപേർക്ക് വീസ ലഭിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായതായി കണക്കാക്കുന്നു.
ജിസിസി രാജ്യങ്ങൾ, പ്രത്യേകിച്ച് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവയ്‌ക്കിടയിലുള്ള വിമാന സർവീസ് ശക്തിപ്പെട്ടതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി ഈ മേഖലയിൽ 45.3% വളർച്ചയാണ് കൈവരിച്ചത്. ഖത്തർ എയർവേയ്‌സു പുതിയ പ്രദേശങ്ങളിലേക്ക് സർവീസ് ആരംഭിച്ചതും നിലവിലുള്ളവ ശേഷി വർധിപ്പിച്ചതും ഹമദ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായി. തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ പ്രധാന ഏഷ്യൻ വിപണികളിൽ ഖത്തർ എയർവേയ്‌സ് അതിന്റെ ശേഷി കൂടുതൽ വിപുലീകരിച്ചിരുന്നു. കൂടാതെ കംബോഡിയ, മധ്യേഷ്യ, മറ്റ് ഏഷ്യൻ നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് പുതിയ റൂട്ടുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.