ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിൽ പിന്നീട് ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ല
Mail This Article
ദുബായ്∙ യുഎഇ, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് സ്വപ്നം കാണുന്ന പ്രവാസ ലോകം. ഈ മരുഭൂമിയിൽ ഭൂരിഭാഗം പേരും എത്തുന്നത് ഉപജീവനം തേടിയാണ്. ഈ രാജ്യത്തെ ജീവിതം സുഖകരമാക്കണമെങ്കിൽ, ഇവിടുത്തെ നിയമങ്ങൾ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വിശേഷിച്ചും, വീസ നിയമങ്ങൾ. യുഎഇയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എംപ്ലോയ്‌മെന്‍റ് വീസ നിർബന്ധമാണ്. ടൂറിസ്റ്റ് വീസയിൽ വന്ന് ജോലി ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത് വലിയ പിഴ, ജയിൽ ശിക്ഷ, ഒടുവിൽ രാജ്യത്ത് നിന്ന് പറഞ്ഞുവിടൽ എന്നിവയിലേക്ക് നയിച്ചേക്കാം.
വീസ സംബന്ധമായ പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് യുഎഇയിലെ പ്രമുഖ അഭിഭാഷക മലപ്പുറം സ്വദേശി പ്രീതാ ശ്രീറാം മാധവ് പറയുന്നു:
∙എംപ്ലോയ്മെന്‍റ് വീസ അല്ലെങ്കിൽ വര്‍ക് പെർമിറ്റ്
യുഎഇയിൽ നിങ്ങൾക്ക് ജോലി ചെയ്യണമെങ്കിൽ വർക്ക് പെർമിറ്റോ എംപ്ലോയ്മെന്‍റ് വീസയോ നിർബന്ധമായും ഉണ്ടാകണം.
ടൂറിസ്റ്റ് വീസയിൽ വന്ന് ജോലി ചെയ്ത് നിയമത്തിന്റെ പിടിയിലാകുന്ന അധികം പേരും എംപ്ലോയ്മെന്‍റ് വീസയെക്കുറിച്ച് അറിയാതെയാണ് നിയമലംഘനം നടത്തുന്നത്. ടൂറിസ്റ്റ് വീസയിൽ ജോലി ചെയ്തു പിടിക്കപ്പെട്ടാൽ പിഴയും ജയിൽവാസവും പിന്നെ രാജ്യത്ത് നിന്ന് പറഞ്ഞുവിടലുമാണ് (ഡിപോർട്ടേഷൻ) ചെയ്യുക. ഇങ്ങനെ ഡിപോർട്ട് ചെയ്തുകഴിഞ്ഞാൽ പിന്നെ യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കുന്നതല്ല. അധികവും ഇങ്ങനെ ഡിപോർട്ട് ചെയ്തു പോകുന്നത് അല്ലെങ്കിൽ വീസ ഇല്ലാതെ ജോലി ചെയ്ത് പിടിക്കപ്പെടുന്നവർ സാധാരണ ജോലിക്കാരാണ്. റസ്റ്ററന്‍റ്, കഫ് തീരിയ ജീവനക്കാർ, ലേബർ കാറ്റഗറിയിൽ ജോലി ചെയ്യുന്നവർ, ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ. എംപ്ലോയ്മെന്‍റ് വീസ ൈകയ്യിൽ കിട്ടിയതിനുശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക എന്നത് മാത്രമാണ് പിഴയിൽനിന്നും നാടുകടത്തലിൽ നിന്നും രക്ഷപ്പെടാനുള്ള ഏക പോംവഴി.
∙ വീസയ്ക്ക് പണം ഈടാക്കാൻ പാടില്ല
യുഎഇ തൊഴിൽ നിയമപ്രകാരം ഒരു കമ്പനിയും വീസയ്ക്ക് ജീവനക്കാർ/ തൊഴിലാളികൾ എന്നിവരിൽ നിന്ന് നിരക്ക് ഈടാക്കാൻ പാടുള്ളതല്ല. ഏതെങ്കിലും കാരണവശാലും കമ്പനി നിങ്ങളുടെ വീസയുടെ ചാർജ് ഈടാക്കുന്നുണ്ടെങ്കിൽ ലേബർ കോടതിയിൽ പരാതിപ്പെടാവുന്നതുമാണ്. യുഎഇ നിയമപ്രകാരം വീസയുടെ ചാർജ് നൽകേണ്ടത് കമ്പനി ഉടമ തന്നെ.
ഇന്റർവ്യൂ കഴിഞ്ഞ് നിങ്ങളെ തിരഞ്ഞെടുത്തു എന്ന് അറിയിച്ചു കഴിഞ്ഞാൽ കമ്പനി നിങ്ങൾക്ക് ഓഫർ ലെറ്റർ തരുന്നതാണ്. അത് കമ്പനിയുടെ ലെറ്റർ ഹെഡിൽ ഉള്ള ഓഫർ ആയിരിക്കും. തുടർന്ന് പാസ്പോർട്ട് കോപ്പിയും ഫോട്ടോഗ്രാഫും എച്ച്ആറിനെ ഏൽപ്പിക്കുക. അവർ വീസയുടെ തുടർനടപടികൾ ആരംഭിക്കും. പ്രോസസ് സ്റ്റാർട്ട് ആയാൽ നിങ്ങൾക്ക് ലേബറിന്റെ ഓഫർ ലെറ്റർ ലഭിക്കുന്നതാണ്. ഓഫർ ലെറ്റർ കമ്പനി യുടെ ലെറ്റർ ഹെഡിൽ ആയിരിക്കില്ല, അത് ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് വരുന്നതായിരിക്കും. അതിൽ നിങ്ങളുടെ പ്രഫഷൻ, അടിസ്ഥാന(ബേസിക്) ശമ്പളം, അലവൻസ്, വീസ പ്രൊസസ് ചെയ്യുന്ന കമ്പനിയുടെ പേര് തുടങ്ങിയ വിശദാംശങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അത് കൃത്യമായി വായിച്ചു നോക്കി കമ്പനി പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കാവുന്നതാണെങ്കിൽ മാത്രം ഒപ്പിട്ടുകൊടുക്കാം. ഇതിനെല്ലാം ആകെ എടുക്കുന്ന സമയം രണ്ടു ദിവസമാണ്. എന്നാലും ഒരാഴ്ച വരെ നിങ്ങൾക്ക് ഓഫർ ലെറ്ററിന് കാത്തിരിക്കാവുന്നതാണ്.
ഒപ്പിട്ടു നൽകിയതിനുശേഷം നിങ്ങൾക്ക് എംപ്ലോയ്മെന്‍റ് വീസ ലഭിക്കുന്നതാണ്. വീസയുടെ പകർപ്പ് കൈയിൽ കിട്ടിയാൽ നിങ്ങൾക്ക് ജോലിയിൽ പ്രവേശിക്കാം. പിന്നെ കമ്പനി വീസാ സ്റ്റാറ്റസ് മാറ്റും. എന്നു പറഞ്ഞാൽ നിങ്ങൾ ഇപ്പോൾ ടൂറിസ്റ്റ് വീസയിലോ അല്ലെങ്കിൽ ഏതെങ്കിലും വീസ ക്യാൻസൽ ചെയ്തു നിൽക്കുകയോ ആണെങ്കിൽ അതിൽ നിന്ന് പുതിയ വീസയിലേക്ക് സ്റ്റാറ്റസ് മാറുന്ന നടപടി.
തുടർന്നാണ് മെഡിക്കൽ എടുക്കുന്ന ഘട്ടം. മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കും. ഫിറ്റാണെന്ന് ബോധ്യമായാൽ വിരലടയാളം എടുക്കുന്നതാണ്. പിന്നെ വീസ സ്റ്റാംപ് ചെയ്യും. കിട്ടിക്കഴിഞ്ഞാൽ വീസയുടെ പ്രോസസ് പൂർണമാകും. എമിറേറ്റ്സ് ഐഡി നിങ്ങളുടെ കൈയ്യിൽ സൂക്ഷിക്കേണ്ടതാണ്. അത് വേറെ ആർക്കും കൈമാറാനേ പാടുള്ളതല്ല.
∙ വീസാ കാലാവധി കഴിഞ്ഞാൽ 'അബ്സ്കോൻഡിങ്ങാ'യേക്കാം
യുഎഇ പാസ് ആപ്ലിക്കേഷൻ വഴി നിങ്ങൾക്ക് വീസയുടെയും എമിറേറ്റ്സ് ഐഡിയുടെയും പകർപ്പ് സ്വയം എടുക്കാൻ സാധിക്കുന്നതാണ്. ടൂറിസ്റ്റ് , സന്ദർക വീസാ കാലാവധി കഴിഞ്ഞു യുഎഇയിൽ താമസിച്ചാൽ പിഴ കൂടാതെ ട്രാവൽ ഏജന്‍റ് അബ്സ്കോൻഡിങ് പരാതി നൽകിയേക്കും. ഈ പരാതി ഒഴിവാക്കിയ ശേഷം മാത്രമേ നിങ്ങൾക്ക് പിഴ അടച്ച് അടുത്ത വീസയിലേയ്ക്ക് മാറുവാൻ സാധിക്കുകയുള്ളൂ. വീസയുടെ പിഴ കുറയ്ക്കാൻ അതാത് എമിറേറ്റ്സിന്റെ ഇമിഗ്രേഷനിൽ പോയി അപേക്ഷിക്കാം. പുതിയ കമ്പനിയിൽ നിന്ന് ലഭിച്ച ഓഫർ ലെറ്റർ ഇതിനുവേണ്ടി അവിടെ കാണിക്കേണ്ടതായി വരും. അതേ സമയം പിഴയടച്ച് അന്നേദിവസം തന്നെ നാട്ടിലേയ്ക്ക് പോകാവുന്നതുമാണ്. പുതിയ വീസയിൽ പിന്നെയും വരാൻ സാധിക്കും എന്ന സന്തോഷം കൂടിയുണ്ട്.
∙ ഔട്ട് പാസ് നേടി പോകാം; പക്ഷേ...
എന്നാൽ പിഴ അടയ്ക്കാതെയും അബ്സ്കോൻഡിങ് മാറ്റാതെയും യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ സാധിക്കും, പക്ഷേ, പിന്നെയൊരിക്കലും യുഎഇയിലേയ്ക്ക് തിരിച്ചു വരാൻ പറ്റില്ല എന്നേയുള്ളൂ. ലൈഫ് ബാൻ(ആജീവനാന്ത നിരോധനം) അടിച്ചാണ് യുഎഇ തിരിച്ചയക്കുക എന്ന് മനസിലാക്കണം. ഇതിന് ഔട്ട് പാസ് എന്നാണ് പറയുക. അതാത് എമിഗ്രേഷനിൽ പോയി ഔട്ട്പാസും ടിക്കറ്റും എടുത്ത് നാട്ടിലേയ്ക്ക് പോകാം. ഔട്ട് പാസ്എടുക്കാൻ ടൈപ്പ് ചെയ്യാൻ 400 ദിർഹം മാത്രമേ ചെലവുള്ളൂ.
∙ ആരോഗ്യപ്രവർത്തകര്‍ക്ക് ഡിഎച് എ ലൈസൻസ്
ദുബായ് ആരോഗ്യവിഭാഗത്തിൽ ജോലി ചെയ്യാൻ വരുന്നവർ ഡിഎച്എ ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ ഡിഎച്എ ലൈസൻസ് കൊണ്ട് മാത്രം ഇവിടെ ജോലി ചെയ്യാൻ സാധിക്കില്ല. വീസയും ഉണ്ടായിരിക്കണം. എംപ്ലോയ്മെന്‍റ് വീസ ലഭിക്കുന്നതിന് മുൻപ് ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്താൽ ആ സമയത്ത് ശമ്പളമോ മറ്റ് അനുകൂല്യങ്ങളോ ചോദിക്കാൻ അവകാശമുണ്ടാവില്ല. ഹസ്ബൻഡ് വീസയിൽ കമ്പനികളിൽ ജോലി ചെയ്യുമ്പോൾ പലപ്പോഴും വർക്ക് പെർമിറ്റ് എടുക്കാറില്ല. വർക്ക് പെർമിറ്റ് ഇല്ലാതെ നിങ്ങൾ ഒരു കമ്പനിയിൽ ജോലി ചെയ്താൽ ശമ്പളവും മറ്റു അനുകൂല്യങ്ങളും ചോദിച്ചു വാങ്ങാൻ സാധിക്കുന്നതല്ല. നിങ്ങൾ നിയമപരമായി ആ കമ്പനിയുടെ ഭാഗമല്ലാത്തതാണ് കാരണം. അതുകൊണ്ട് നിയമപരമായി ഒരു സഹായവും ലഭിക്കുന്നതല്ല.
വർക്ക് പെർമിറ്റില്ലാതെ യുഎഇയിൽ എവിടെയും ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.
∙ ജോലിയിൽ പീഡനം നേരിട്ടാൽ ഉടൻ വിളിക്കുക
പൊതുവേ ജോലിക്ക് വരുന്ന സ്ത്രീകൾ കമ്പനിയിൽ ഏതെങ്കിലും തരത്തിലുള്ള മാനസികമോ ശരീരമായോ ബുദ്ധിമുട്ട് ആരുടെയെങ്കിലും ഭാഗത്ത് നിന്ന് നേരിട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിലേയ്ക്ക് ഫോൺ ചെയ്ത് പൊലീസിൽ വിവരമറിയിക്കാവുന്നതാണ്. അതേപോലെ തൊഴിൽവിഭാഗത്തേയും അറിയിക്കാം. പൊലീസ് ഉടനടി സഹായവുമായി എത്തുന്നതാണ്. പലപ്പോഴും തന്നെ കാണാൻ വരുന്ന പെൺകുട്ടികൾ ഇതുപോലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായി പറയാറുണ്ടെന്ന് അഡ്വ.പ്രീത പറയുന്നു.
∙ അപകടം സംഭവിച്ചാൽ 999
യുഎഇയിൽ നിങ്ങൾക്ക് എന്തെങ്കിലും അപകടം നേരിട്ടാൽ ഉടൻ തന്നെ 999 നമ്പറിലേക്ക് ഫോൺ ചെയ്യാവുന്നതാണ്. എന്നാൽ ഇന്ന് ഒരു പ്രശ്നം നേരിട്ട് ഒരാഴ്ച കഴിഞ്ഞ് പൊലീസിനെ വിളിച്ചാൽ തെളിവുകളും മറ്റു കാര്യങ്ങളും ശേഖരിക്കാന്‍ ബുദ്ധിമുട്ടാവും. അങ്ങനെ കേസ് ചാർജ് ചെയ്യാൻ സാധിക്കുന്നതുമല്ല. അതുകൊണ്ട് എന്തെങ്കിലും ഒരു ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ അപ്പോൾ തന്നെ പൊലീസിനെ ബന്ധപ്പെടുക.
അതുപോലെ ടൂറിസ്റ്റ് വീസയിലോ ജോബ് സീക്കർ വീസയിലോ വരുന്നവർ ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കണം. ഇവിടെ വന്നിട്ട് അപകടം അല്ലെങ്കിൽ ആരോഗ്യപ്രശ്നം നേരിട്ടാൽ ഇൻഷുറൻസ് ഇല്ലെങ്കിൽ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരും. അതുപോലെ പുതുതായി വിസയിൽ യുഎഇയിൽ വന്നവർ അറിഞ്ഞിരിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. ഇവിടെ ഒരു ആരോഗ്യപ്രശ്നം വന്നാൽ ആശുപത്രിയിൽ പോകാൻ ആംബുലൻസിനെ വിളിക്കാവുന്നതാണ്. 998 നമ്പറിലേയ്ക്ക് വിളിച്ചാൽ ഉടൻ തന്നെ ആംബുലൻസെത്തി സർക്കാർ ആശുപത്രി അടിയന്തര വിഭാഗത്തിൽ എത്തിക്കും.
∙ കമ്പനികളെ മനസിലാക്കി വിമാനം കയറുക
യുഎഇയിൽ ജോലിക്ക് വേണ്ടി വരുമ്പോൾ നാട്ടിൽ നിന്ന് തന്നെ ഇന്റർനെറ്റ് വഴി പല കമ്പനികളിലേയ്ക്കും അപേക്ഷകൾ അയക്കാവുന്നതാണ്. അതിനുശേഷം വിടെ വന്നാൽ പെട്ടെന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും ജോലി കരസ്ഥമാക്കാനും സാധിക്കും. ഏജന്‍റ് മുഖേന വരുന്നവർ അവരെപ്പറ്റി നന്നായി അന്വേഷിച്ച ശേഷം മാത്രം എഗ്രിമെന്‍റ് സൈൻ ചെയ്യുക. ഏജന്റിന് പണം കൊടുത്ത് ഇവിടെ വന്നു ജോലിയും താമസ സൗകര്യവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്നവർ ഇന്നും ഒട്ടേറെ. സന്ദർശക വീസാ കാലാവധി തീർന്ന് ഓവർ സ്റ്റേയായി ഒടുവിൽ ഔട്ട് പാസ് വഴി പോയവർക്ക് പിന്നെ യുഎഇയിലേക്ക് വരാനും സാധ്യമല്ല. അതുപോലെ സ്വർണം പണയംവച്ചും അല്ലാതെയും വായ്പയെടുത്ത് യുഎയിലേയ്ക്ക് വരാൻ ഏജന്റിന് പണം കൊടുത്തവർ പിന്നെ എന്തു ചെയ്യണം എന്ന് അറിയാതെ പകച്ചു പോകുന്നു.
∙ കർശന നിയമങ്ങൾ നമ്മുടെ നന്മയ്ക്ക്
ഇതൊക്കെ കൊണ്ടാണ് ദുബായ് സർക്കാർ ടൂറിസ്റ്റ്, സന്ദർശക വീസയുടെ കാര്യത്തിൽ വളരെയേറെ കർശന നിയമങ്ങൾ എടുത്തിട്ടുള്ളത്. അതിലെന്നാണ് പുതുതായി ടൂറിസ്റ്റ് വീസയിൽ വരുന്നവർ നിർബന്ധമായും 3,000 ദിർഹമോ അതി്ന് സമാനമായ ക്രെഡിറ്റ് കാര്‍ഡോ കൈയ്യിൽ കരുതേണ്ടതാണ് എന്ന് ശഠിക്കുന്നത്. അഡ്രസ് പ്രൂഫും ഇൻഷുറൻസും തിരിച്ചു പോകാൻ വിമാന ടിക്കറ്റും ഉണ്ടാവേണ്ടതുമാണ്. അതേപോലെ ബന്ധുക്കളുടെ അടുത്തേയ്ക്ക് വരുന്നതാണെങ്കിൽ അവരുടെ കോൺടാക്ട് നമ്പർ ഡീറ്റെയിൽസും കയ്യിൽ കരുതണം.
അങ്ങനെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ട് ജോലി സ്വപ്നവുമായി യുഎഇയിലേക്ക് വരിക. വന്നാലോ യുഎഇയുടെ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ട് ഇവിടെ ജോലിയോ ബിസിനസ് ചെയ്താൽ ഭാവി സുരക്ഷിതമായിരിക്കും. വളർന്ന് വളർന്ന് ഏത് നിലയിലുമെത്താൻ യാതൊരു തടസ്സവുമില്ല. യുഎഇ ഗവൺമെന്‍റ് എല്ലാ നല്ല കാര്യത്തിനും നമ്മുടെ കൂടെയുണ്ടാകും. നമ്മളുടെ സുരക്ഷയൊരുക്കി പൊലീസും. അഡ‍്വ.പ്രീത ശ്രീറാം മാധവിനെ ബന്ധപ്പെടേണ്ട നമ്പർ:+971 52 731 8377.