ഡ്രോൺ ബോക്സ്: അതിവേഗം ഗതാഗതക്കുരുക്കഴിക്കാൻ ഡ്രോണുകൾ എത്തുന്നു, അപകടസ്ഥലങ്ങളിലേക്കും ‘പറന്നെത്തും’ സഹായം
Mail This Article
ദുബായ് ∙ അപകടങ്ങളിൽ സഹായമെത്തിക്കാനും ഗതാഗതക്കുരുക്കഴിക്കാനും ദുബായ് പൊലീസ് ഇനി ഡ്രോൺ പറത്തും. അപകടസ്ഥലത്തേക്ക് മറ്റ് വാഹനങ്ങൾ എത്തുന്നതിനേക്കാൾ വേഗത്തിൽ ഡ്രോണുകൾക്ക് എത്താനാകും. അപകടത്തിന്റെ കാഠിന്യം, പരുക്കേറ്റവരുടെ അവസ്ഥ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഡ്രോൺ വഴി പൊലീസ് ശേഖരിക്കും. കുറ്റകൃത്യങ്ങളിൽ പ്രതികളെ പിടിക്കാനും ഇനി ഡ്രോണിന്റെ സഹായമുണ്ടാകും. ഡ്രോൺ ബോക്സ് എന്നതാണ് പറക്കും സഹായിക്ക് പൊലീസ് നൽകിയിരിക്കുന്ന പേര്.
ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള വഴികൾ ആകാശ നിരീക്ഷണത്തിലൂടെ പൊലീസിനു മനസ്സിലാക്കാൻ ഡ്രോൺ സഹായിക്കും. സുരക്ഷാ സജ്ജീകരണങ്ങൾ നടപ്പാക്കുമ്പോഴും പ്രാഥമിക വിവരങ്ങൾ ഡ്രോണുകൾ നൽകും. അതിനാൽ, അതനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ പൊലീസിനു ചെയ്യാനാകും. അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയുണ്ടാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താനും അപകടങ്ങൾ മുൻകൂട്ടി അറിഞ്ഞ് പ്രതിരോധം ഒരുക്കാനും ഡ്രോൺ നിരീക്ഷണം പൊലീസിനെ സഹായിക്കും. ഉൾപ്രദേശങ്ങളിലേക്കും കെട്ടിടങ്ങളുടെ ഇടയിലേക്കുമൊക്കെ ഡ്രോണിനു പറന്നു ചെല്ലാം എന്നതിനാൽ, രക്ഷാപ്രവർത്തനവും ക്രമസമാധാന പാലനവും കൂടുതൽ മെച്ചപ്പെടുത്താനാകും.
ഡ്രോൺ ബോക്സുകൾ സ്മാർട് പ്ലാറ്റ്ഫോമുകളിൽ
∙ ദുബായുടെ വിവിധ മേഖലകളിൽ ഡ്രോൺ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക സൗകര്യങ്ങളോടു കൂടിയ സ്മാർട് പ്ലാറ്റ്ഫോമുകളിലാണ് ഡ്രോണുകൾ നിലയുറപ്പിച്ചിരിക്കുന്നത്.
ആവശ്യ ഘട്ടങ്ങളിൽ ഏറ്റവും അടുത്ത സ്മാർട് പ്ലാറ്റ്ഫോമിലെ ഡ്രോണുകൾ പറന്നുയരും. ഡ്രോണിൽ നിന്നുള്ള വിവരങ്ങൾ പൊലീസിന്റെ കൺട്രോൾ റൂമിലാണ് ലഭിക്കുക. ഡ്രോണിലെ നിർദേശങ്ങൾ അനുസരിച്ചുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതും കൺട്രോൾ റൂമാണ്.
ഇപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന ഡ്രോണുകൾ പൊലീസ് വിന്യസിച്ചിട്ടുള്ളതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോണുകളുടെ പ്രവർത്തനം കൃത്യമാക്കാനും ചുമതലകൾ നിർണയിക്കാനും പിഴവുകളും ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള പരീക്ഷണ പറക്കലുകളാണ് ഇപ്പോൾ നടക്കുന്നത്.