'ആരെങ്കിലും ഫോണെടുത്തെങ്കിൽ', നെഞ്ചുനീറി പ്രവാസി; ഒലിച്ചുപോയത് വായ്പയെടുത്ത് നിർമിച്ച വീട്, കുടുംബത്തിലെ 7 അംഗങ്ങളെക്കുറിച്ചു വിവരമില്ല
Mail This Article
ദമാം ∙ 'എന്റെ എല്ലാരും എവിടെ, ആരെങ്കിലുമൊന്ന് ഫോണെടുത്തെങ്കിൽ' എന്ന് നെഞ്ചുനീറി വീട്ടിലുള്ള ഓരോരുത്തരെയും മാറി മാറി വിളിക്കുകയാണ് അൽഹസയിലെ പ്രവാസിയായ വയനാട് സ്വദേശി ജിഷ്ണു രാജൻ. ഉരുൾപൊട്ടലിന്റെ കേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിവട്ടത്താണ് ജിഷ്ണുവിന്റെ വീട്. മാതാപിതാക്കളും മുത്തശ്ശിയും സഹോദരങ്ങളും വീട്ടുകാരും എന്താണ് ഫോണെടുക്കാത്തതെന്ന് കടുത്ത ആശങ്കയോടെ ജിഷ്ണു ചോദിക്കുന്നു. .
പിതാവ് രാജൻ, അമ്മ മരുതായ്, മൂത്ത സഹോദരൻ ജിനു (27), ജിഷ്ണുവിന്റെ ഇളയവരായ ഷിജു (25), ജിബിൻ (18) സഹോദരി ആൻഡ്രിയ (16), ജിനുവിന്റെ ഭാര്യ പ്രിയങ്ക (25), മുത്തശ്ശി നാഗമ്മ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഉരുൾപൊട്ടിയെന്ന വാർത്ത എത്തിയതോടെ രാത്രി മുഴുവൻ നാട്ടിലെ അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചു. പലതും സ്വിച്ച്ഡ് ഓഫ് എന്നോ പരിധിക്കുപുറത്തെന്നും മറുതലക്കൽ കേട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ കടുത്ത നിരാശയിലും ഭയപ്പാടിലുമാണ് ഈ യുവാവ്.
26 കാരനായ ജിഷ്ണു നാട്ടിൽ നിന്നും സൗദിയിലെ അൽഹസയിൽ ജോലിക്കെത്തിയിട്ട് 6 മാസം ആകുന്നതേയുള്ളു. അതുകൊണ്ട് തന്നെ സമയം കിട്ടുമ്പോഴൊക്കെ വീട്ടിലെയും നാട്ടിലെയും എല്ലാരെയും വിളിക്കുമായിരുന്നു. മഴ കനത്തു പെയ്യുമെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പും വാർത്തയുമൊക്കെ വന്നതൊടെ ജോലി സ്ഥലത്തും താമസസ്ഥലത്തുമൊക്കെ കടുത്ത അസ്വസ്ഥതിയിലായിരുന്നു ജിഷ്ണു. രണ്ടു വർഷം മുൻപ് ഉണ്ടായ ഉരുൾപൊട്ടലിൽ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അനുഭവമുള്ളതാണ് ജിഷ്ണുവിന് സ്വന്തം കുടുംബത്തെ കുറിച്ച് ആശങ്ക വർധിപ്പിച്ചത്. അന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നിരുന്നു. എങ്കിലും ജിഷ്ണുവും കൂടുംബവും വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പ് വന്നപ്പോൾ പരിഭ്രാന്തിയോടെ നടന്ന യുവാവിനോട് കാര്യം തിരക്കിയ സഹപ്രവർത്തകരോട് നാട്ടിൽ മുൻപ് നടന്ന പ്രകൃതി ദുരന്തവും വീട് തകർന്ന സംഭവുമൊക്കെ പങ്കുവച്ചിരുന്നു. കൂടപ്പിറപ്പുകളും മാതാപിതാക്കളുമൊക്കെ സുരക്ഷിതരാണോ, അവരെല്ലാം എവിടെയാണുളളതെന്നും മറ്റുമുള്ള എന്തെങ്കിലും വിവരം അറിയാൻ വഴി തേടുകയാണ് ജിഷ്ണുവിനൊപ്പം സഹപ്രവർത്തകരും കൂട്ടുകാരും.
∙ ബാങ്ക് വായ്പയെടുത്ത് നിർമിച്ച വീട് .
ഏറെ പ്രാരാബ്ധങ്ങൾ നിറഞ്ഞ കുടുംബത്തിൽ നിന്നുമാണ് ജിഷ്ണു തൊഴിൽ വീസയിൽ അൽഹസയിലെത്തുന്നത്. ബാങ്ക് വായ്പയെടുത്തും സർക്കാർ സഹായത്തിലുമൊക്കെ പണികഴിപ്പിച്ച വീടിന്റെറെ ബാധ്യത തീരും മുൻപാണ് കഴിഞ്ഞ പ്രാവശ്യത്തെ പ്രകൃതിദുരന്തത്തിൽ ഭാഗീകമായി വീട് തകർന്നുവീണത്. സർക്കാർ സഹായവും കടംവാങ്ങിയും പിന്നീട് കേടുപാടുകൾ തീർത്തെങ്കിലും വീടുപണി വരുത്തിവച്ച സാമ്പത്തിക ബാധ്യതയ്ക്കിടയിലാണ് എല്ലാം തകർത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന പിതാവ് ശാരീരിക അവശതകളെ തുടർന്ന് പണിക്ക് പോകുന്നില്ല. മാതാവ് അർബുദം ബാധിച്ച് ചികിത്സയിലാണ്. മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു വെൽഡറായി ജോലി ചെയ്യുന്ന മൂത്ത സഹോദരൻ ജിനുവിന്റെയും പ്രിയങ്കയുടെയും വിവാഹം. ഗർഭിണിയായ പ്രിയങ്ക സ്വന്തം വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് എത്തിയത്. ഇളയസഹോദരൻ ഷിജു സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നു. ജിബിൻ നാട്ടിലെ സ്വകാര്യ റിസോർട്ടിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥിനിയാണ് ഏറ്റവും ഇളയവളായ ആൻഡ്രിയ.
റവന്യൂ അധികൃതരും പോലീസുമൊക്കെ അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് വീട്ടുകാരോട് അവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അമ്മയുടെ സഹോദരിയായ വിജിയുടെ വീട്ടിലേക്ക് എല്ലാരും മാറിയത്. ഉരുൾപൊട്ടലിൽ ആ വീടും അപ്രത്യക്ഷമായെന്നും അവിടെയുള്ളവർക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ജിഷ്ണുവിന്റെ സുഹൃത്തുക്കൾ ആശങ്കപ്പെടുന്നു. റിസോട്ടിൽ ജോലിക്കുപോയിരുന്നത് കൊണ്ട് ജിബിൻ സുരക്ഷിതനാണെന്ന് സൂചന നാട്ടിൽ നിന്നും ലഭിച്ചെന്നു സഹപ്രവർത്തകർ പറയുന്നു. ഇതിനിടയിൽ അപകടമേഖലയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ കൂട്ടത്തിൽ ഷിജുവിന്റെയും അമ്മയുടെയും മൃതദേഹങ്ങൾ ലഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടെന്നും ജിഷ്ണുവിന്റെ സഹപ്രവർത്തകർ വെളിപ്പെടുത്തി.
∙എന്തു പറഞ്ഞ് ആശ്വസിപ്പിക്കും?
എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും എങ്ങനെ സമാധാനിപ്പിക്കുമെന്നും അറിയാതെ കുഴയുകയാണ് ജിഷ്ണു ജോലി ചെയ്യുന്ന സ്ഥാപനം നടത്തുന്ന ഇന്ത്യൻ എംബസി ജീവകാരുണ്യവിഭാഗം വൊളണ്ടിയറുമായ പ്രസാദ് കരുനാഗപ്പള്ളിയും ഒപ്പം സഹപ്രവർത്തകരും. തനിക്കു വേണ്ടപ്പെട്ടവരൊക്കെ എവിടെയെങ്കിലും കാണുമെന്നു ശുഭാപ്തിവിശ്വാസത്തോടെ പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള വഴിതേടി പ്രതീക്ഷയോടെ നാട്ടിലേയ്ക്ക് മടങ്ങുകയാണ് ജിഷ്ണു. മിണ്ടിയും പറഞ്ഞുമിരുന്ന ഉറ്റവരും ഉടയവരും ഓടികളിച്ചുവളർന്ന വീടും ഇടവഴികളും നാടുമൊക്കെ ഒന്ന് ഇരുട്ടിവെളുക്കും മുൻപെ പ്രകൃതിയുടെ വിളയാട്ടത്തിൽ ഇല്ലാതായപ്പോൾ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ നെടുവീർപ്പും നിലവിളിയുമാണ് കാതുകളിൽ ബാക്കിയാവുന്നത്.