വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി
Mail This Article
റിയാദ്∙ സൗദി അറേബ്യയിൽ വാഹനങ്ങളിൽ മാഗ്നറ്റിക് ഫോൺ ഹോൾഡറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. സൗദി വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സ്റ്റിയറിങ് വീലിൽ ഘടിപ്പിക്കുന്നത് ഉൾപ്പെടെ 13,763-ഓളം ഇനം മാഗ്നറ്റിക് ഫോൺ ഹോൾഡറുകളാണ് നിരോധിച്ചത്.
അപകട സമയത്ത് എയർബാഗ് വിന്യസിക്കുമ്പോൾ, സ്റ്റിയറിങ്ങിൽ ഒട്ടിച്ചിരിക്കുന്ന മാഗ്നറ്റിക് ഹോൾഡർ പുറത്തേക്ക് തെറിക്കും. ഇത് യാത്രക്കാരന് ഗുരുതരമായ പരുക്കുകൾക്ക് കാരണമാകും. വാഹനങ്ങളുടെ ഉപയോഗ നിർദ്ദേശ പുസ്തകത്തിൽ എയർബാഗ് പ്രവർത്തനത്തെ ബാധിക്കുന്ന വസ്തുക്കൾ സ്റ്റിയറിങ്ങിൽ നിന്ന് മാറ്റി നിർത്തണമെന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും പലരും ഇത് പാലിക്കുന്നില്ല.
വാഹനത്തിൽ ഉപയോഗിക്കുന്ന ഫോൺ ഹോൾഡർ നിരോധിത പട്ടികയിലുണ്ടോ എന്ന് Recalls.sa വെബ്‌സൈറ്റ് സന്ദർശിച്ച് പരിശോധിക്കാം. നിരോധിത പട്ടികയിലുണ്ടെങ്കിൽ ഉടൻ തന്നെ ഹോൾഡർ നീക്കം ചെയ്യുക. വാങ്ങിയ സ്ഥാപനത്തിൽ ഹോൾഡർ തിരികെ നൽകി തുക തിരികെ ലഭിക്കുന്നതിനുള്ള നടപടിക്ക് ശ്രമിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
സർക്കാർ വിപണിയിൽ നിന്ന് നിരോധിത ഉൽപന്നങ്ങൾ നീക്കം ചെയ്യുന്നതിന് നിർമാതാക്കളുമായി സഹകരിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കും . ഈ നിരോധനം വാഹനയാത്രകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണ്. വാഹന ഉടമകൾ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാൻ സാധിക്കമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.