വീസ ലഭിക്കാൻ നാല് മിനിറ്റ് വൈകി; നഷ്ടമായത് ഒരു വർഷത്തെ സ്വപ്നവും സമ്പാദ്യവും
Mail This Article
സ്‌കോട്ട്‌ലൻഡ് ∙ വീസ ലഭിക്കാൻ നാല് മിനിറ്റ് വൈകിയതോടെ മുത്തശ്ശിക്കും കൊച്ചുമകൾക്കും നഷ്ടമായത് സ്വപ്ന യാത്ര. ഇംഗ്ലണ്ടിലെ സതാംപ്ടൺ തീരത്ത് നിന്നും ഉല്ലാസകപ്പൽ യാത്ര പുറപ്പെട്ടത് കണ്ണീരോടെ നേക്കി നിൽക്കാനായിരുന്നു സ്‌കോട്ട്‌ലൻഡിലെ ഗൗറോക്കിലെ ആനി കോൺവേയുടെയും(75) ചെറുമകൾ ലീല കോൺവേയുടെയും(15) വിധി.
ജൂലൈ 21 ഞായറാഴ്ചയായിരുന്നു ന്യൂയോർക്കിലേക്കുള്ള രണ്ടാഴ്ച നീണ്ട കുനാർഡ് ക്രൂയിസ് യാത്ര. ചെറുമകൾ ജിസിഎസ്ഇ പഠനം പൂർത്തിയാക്കിയതിന്റെ സന്തോഷം ആഘോഷിക്കാനായിരുന്നു 3,934 പൗണ്ട് വില വരുന്ന ക്രൂയിസ് യാത്ര ഇരുവരും ബുക്ക് ചെയ്തത്. ഒരു വർഷത്തിലേറെ കാലമെടുത്ത് ആനി സ്വരൂപിച്ച പണമായിരുന്നു ഈ ഉല്ലാസ യാത്രയക്കായ് മാറ്റിവെച്ചത്.
വീസ ആവശ്യകതകൾ ശരിയായി മനസ്സിലാകാതെ ആയിരുന്നു ഇരുവരും യാത്രയ്ക്കായ് തയാറെടുത്തത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരോടൊപ്പം യാത്ര ചെയ്യുമ്പോൾ ഇഎസ്ടിഎ വീസ ആവശ്യമില്ലന്നായിരുന്നു ഇവർ മനസ്സിലാക്കിയത്. എന്നാൽ സതാംപ്ടണിലെ തീരത്തെത്തിയപ്പോഴാണ് ഡോക്യുമെന്റേഷനിലെ പിഴവുകളെ പറ്റി അറിയുന്നത്. ഉടൻ തന്നെ ഓൺലൈനായി വീസയ്ക്ക് അപേക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല.
കപ്പൽ യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ വീസ ലഭിക്കുമെന്നായിരുന്നു തുറമുഖത്തുണ്ടായിരുന്ന അധികൃതരടക്കമുള്ളവർ പ്രതീക്ഷച്ചത്. എന്നാൽ 5 മണിക്കുള്ള യാത്രയ്ക്ക് വീസ ലഭിച്ചത് 5 മണി കഴിഞ്ഞ് നാല് മിനിറ്റുകൾക്ക് ശേഷം. ഒരുപാട് നല്ല ഓർമകൾക്കായ് തിരഞ്ഞെടുത്ത യാത്ര അങ്ങനെ സ്ഥലമാകാതെ പോയി.