തീപിടിത്ത സാധ്യത കണക്കിലെടുത്ത് 4,000 വാഹനങ്ങൾ സൗദിയിൽ തിരികെ വിളിച്ചു
Mail This Article
റിയാദ് ∙ തീപിടിത്ത സാധ്യത കണക്കിലെടുത്ത് 4,000 ചങ്ഗൻ വാഹനങ്ങൾ സൗദിയിൽ തിരികെ വിളിച്ചു. കൂളിങ് സിസ്റ്റം കൺട്രോൾ യൂണിറ്റിലെ തകരാർ പരിഹരിക്കുന്നതിനായി 4,150-ലേറെയുള്ള ചങ്ഗൻ UNI-T 2023-2025 മോഡൽ കാറുകളാണ് വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചത്. വാഹനം നിർത്തിയിടുമ്പോളൊ ഓടിക്കൊണ്ടിരിക്കുമ്പോഴോ ചില സാഹചര്യങ്ങളിൽ എൻജിൻ കമ്പാർട്ടുമെന്റിനുള്ളിൽ പുക ഉയരാൻ ഈ തകരാർ കാരണമാകുമെന്നും ഇത് തീപിടുത്തത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
Recalls.sa വെബ് സൈറ്റ് വഴി വാഹന ഷാസി നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യമായ അപ്‌ഡേറ്റുകൾ സൗജന്യമായി നൽകുന്നതിന് കമ്പനിയുമായി ബന്ധപ്പെടാനും മന്ത്രാലയം കാർ ഉടമകളോട് ആവശ്യപ്പെട്ടു.
അതേപോലെ ഫോർഡ് എഫ്150 വാഹനങ്ങളും സാങ്കേതിക കുഴപ്പം മൂലം തിരികെ വിളിച്ചിട്ടുണ്ട്. ഇതിലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സെൻസറിലെ തകരാർ കാരണം 2014 മോഡൽ 2,765 ഫോർഡ് എഫ്-150 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഓട്ടത്തിൽ വാഹനത്തിന്റെ വേഗത പെട്ടെന്ന് കുറയാൻ ഇടയാക്കുന്ന തകരാറാണ് കാരണം, അതുവഴി അപകടത്തിനും സാധ്യതയുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. തിരിച്ചുവിളിക്കുന്നതിൽ ഉൾപ്പെടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർ ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തുന്നതിന് പ്രാദേശിക വാഹന ഡീലർമാരുമായി ബന്ധപ്പെടണമെന്നും Recalls.sa വെബ് സൈറ്റ് വഴി വാഹന ഷാസി നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം അഭ്യർത്ഥിച്ചു.