സൗജന്യ ബാഗേജ് പരിധി കുറച്ച നടപടി; എയർ ഇന്ത്യ എക്സ്പ്രസിന് എതിരെ പ്രതിഷേധം വ്യാപകം
Mail This Article
അബുദാബി ∙ എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം. ഗൾഫിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന സെക്ടറിലെ പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് ഇന്ത്യൻ വിമാന കമ്പനികളെല്ലാം 30 കിലോ സൗജന്യ ബാഗേജ് നൽകുമ്പോഴാണിത്.
മറ്റ് ജിസിസി രാജ്യങ്ങളിലെ മൊത്തം യാത്രക്കാരേക്കാൾ കൂടുതൽ പേർ യുഎഇയിൽനിന്നു മാത്രം ഈ എയർലൈനിൽ യാത്ര ചെയ്യുന്നുണ്ട്. എല്ലാ സീസണിലും യുഎഇ–കേരള സെക്ടറിൽ മാത്രമാണ് നിറയെ യാത്രക്കാരുള്ളത്.
എന്നിട്ടും ഈ സെക്ടറിലെ പ്രവാസികളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നത് ധിക്കാരമാണെന്ന് പ്രവാസി സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് പ്രവാസി സംഘടനകൾ. സൗജന്യ ബഗേജ് പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കാൻ സർക്കാർ സമ്മർദം ചെലുത്തണമെന്ന് ഇൻകാസ് അബുദാബി പ്രസിഡന്റ് എ.എം. അൻസാർ ആവശ്യപ്പെട്ടു.
പ്രവാസികളിൽ 85% പേരും സാധാരണക്കാരാണ്. പണം നൽകി ലഗേജ് പരിധി കൂട്ടേണ്ടിവരുന്നത് അധിക ചെലവുണ്ടാക്കും. സ്വകാര്യവത്കരിച്ചപ്പോൾ നഷ്ടങ്ങളുടെ പരമ്പരയാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രവാസികൾക്ക് സമ്മാനിക്കുന്നതെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി പറഞ്ഞു. വിമാനം വൈകിയും അപ്രതീക്ഷിതമായി റദ്ദാക്കിയും മറ്റും വിശ്വസിച്ച് പോകാൻ പറ്റാത്ത എയർലൈൻ ആയി മാറി. ബാഗേജ് പരിധി കുറച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ മാനേജ്മെന്റിനും ഇതിനായി സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും നിവേദനം നൽകുമെന്നും പറഞ്ഞു.
അമിത ടിക്കറ്റ് നിരക്കിനു പുറമേ സൗജന്യ ബാഗേജ് പരിധി കുറച്ചതിൽ അബുദാബി മലയാളി സമാജം പ്രതിഷേധിച്ചു. പ്രവാസികൾ എയർ ഇന്ത്യ എക്സ്പ്രസ് ബഹിഷ്ക്കരിക്കുന്നത് മാത്രമാണ് പ്രതിവിധിയെന്ന് ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് പറഞ്ഞു.
ഇതേസമയം, പുതിയ നിയമം നിലവിൽ വന്ന ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് എടുത്തവർക്കും പുതുതായി എടുക്കുന്നവർക്കും 20 കിലോയാണ് സൗജന്യ ബാഗേജ് പരിധിയെന്നും നേരത്തെ ടിക്കറ്റെടുത്തവർക്ക് 30 കിലോ ബാഗേജ് പരിധി ലഭിക്കുമെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
പ്രവാസികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്ന സ്ഥാപനമായി എയർ ഇന്ത്യ എക്സ്പ്രസ് മാറി. എയർലൈന്റെ പുതിയ തീരുമാനവും സാധാരണക്കാർക്ക് ഇരുട്ടടിയാണ്. സൗജന്യ ലഗേജ് പരിധി പുനഃസ്ഥാപിക്കാൻ സമ്മർദം ചെലുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകുമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു.