യുവാക്കൾ രാജ്യത്തിന്റെ യഥാർഥ സമ്പത്ത്; രാഷ്ട്രം അവരിൽ വിശ്വസിക്കുന്നു: മന്ത്രി നഹ്യാൻ ബിൻ മുബാറക്
Mail This Article
അബുദാബി ∙ രാജ്യത്തിന്റെ യഥാർഥ സമ്പത്തും നവോഥാന നിർമാതാക്കളുമായ എമിറാത്തി യുവാക്കളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിശ്വസിക്കുന്നുവെന്ന് സഹിഷ്ണുത– സഹവർത്തിത്വ മന്ത്രിയും സന്തൂഖ് അൽ വതന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.
പ്രയത്നം, നിശ്ചയദാർഢ്യം, സ്ഥിരോത്സാഹം, ആത്മവിശ്വാസം, മാനുഷിക മൂല്യങ്ങളോടുള്ള അനുഭാവം എന്നിവ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അസാധ്യമായതിനെ കീഴടക്കുന്നതിനുമുള്ള പാതയാണെന്ന് സ്ഥാപക പ്രസിഡന്റ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കി. ഈ പാത പിന്തുടർന്ന് ലോകത്ത് പലർക്കും കൈവരിക്കാനാകാത്ത നവോഥാനത്തിന്റെയും വളർച്ചയുടെയും സമൃദ്ധിയുടെയും തലത്തിലേയ്ക്ക് ഷെയ്ഖ് മുഹമ്മദ് രാജ്യത്തെ നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൻ കീഴിൽ യുഎഇ പുരോഗതിയുടെ മാതൃകയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രകാശഗോപുരവുമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജുസൂർ ഇന്‍റർനാഷനൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ബിരുദധാരികൾക്ക് നൽകിയ സ്വീകരണത്തിലാണ് മന്ത്രി ഷെയ്ഖ് നഹ്യാൻ ഇക്കാര്യം പറഞ്ഞത്.
ഖലീഫ യൂണിവേഴ്‌സിറ്റിയിലെ 10 പേർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ 10, ഹൈയർ കോളജ് ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള മൂന്ന്, ഷാർജ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ രണ്ട് പേർ എന്നിങ്ങനെ 25 വിദ്യാർഥികളെ ആദരിച്ചു.