500,000 ദിർഹം പിഴയും 5 വർഷം തടവും: യുഎഇയില്‍ നിരോധിച്ചിരിക്കുന്ന 7 ഓണ്‍ലൈന്‍ സമൂഹമാധ്യമ ഉളളടക്കങ്ങള്‍
Mail This Article
ദുബായ് ∙ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുതല്‍ ഹേമ കമ്മീഷന്‍ റിപ്പോർട്ട് വരെ, പ്രളയമായി മാറിയ മഴപ്പെയ്ത്തു മുതല്‍ ഉരുളെടുത്ത ചൂരല്‍ മല വരെ, നാട്ടിലെ ചെറുതും വലുതുമായ ഓരോ ചലനങ്ങളിലും ഗൗരവമുളള അഭിപ്രായങ്ങളായും ട്രോളുകളായും പ്രവാസി പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്. അഭിപ്രായങ്ങളായും പ്രതികരണങ്ങളായും ചൂടേറിയ ചർച്ചകളുടെ ഭാഗമാകുമ്പോള്‍ ഓർക്കുക സമൂഹമാധ്യമ ഉപയോഗത്തിന് കർശന നിയമങ്ങളുളള രാജ്യമാണ് യുഎഇ.
തെറ്റായ വിവരങ്ങള്‍, കിംവദന്തികള്‍ തുടങ്ങിയവ പ്രചരിപ്പിക്കുക, അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തുക, തുടങ്ങിയവയെല്ലാം നിയമപ്രശ്നങ്ങളിലേക്ക് എത്തിക്കും. മറ്റുളളവരുടെ സ്വകാര്യതയെ മാനിക്കുക, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക, മറ്റുളളവരുടെ വിശ്വാസത്തെയും മതത്തെയും ബഹുമാനിക്കുക എന്നതടക്കമുളള കാര്യങ്ങളില്‍ വ്യക്തമായ നിർദ്ദേശം നല്‍കുന്നു യുഎഇ. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പടെയുള ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നിയമം ലംഘിച്ചാല്‍ പിഴയടക്കമുളള ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ ഏഴു കാര്യങ്ങള്‍ ഓർക്കുക.
1. യുഎഇ പ്രസിഡന്റിനെയോ മറ്റ് ഭരണാധികാരികളെയോ, രാജ്യത്തിന്റെ ഭരണ സംവിധാനത്തേയോ രാജ്യതാല്‍പര്യങ്ങളെയോ വിമർശിക്കുന്നത് നിയമവിരുദ്ധമാണ്
2. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും കുറ്റകരമാണ്.
3. പൊതു ധാർമ്മികത ലംഘിക്കുന്നതോ പ്രായപൂർത്തിയാകാത്തവരെ അപമാനിക്കുന്നതോ വിനാശകരമായ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ ആയ അഭിപ്രായങ്ങൾ പ്രചരിപ്പിക്കരുത്.
4. രാജ്യത്തെ നീതിന്യായ വ്യവസ്ഥകളുടേയോ റെഗുലേറ്ററി സംവിധാനങ്ങളുടെയോ ചർച്ചകളോ പൊതുസെഷനുകളോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാഖ്യാനിക്കരുത്.
5. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെയുളള ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ മറ്റൊരാളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യരുത്. വ്യക്തികളുടെ സമ്മതമില്ലാതെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുളള പ്രവൃത്തികളുണ്ടായാലും ശിക്ഷ കിട്ടും. ഫോട്ടോ എടുക്കല്‍, ഒളിഞ്ഞുനോക്കല്‍ ഉള്‍പ്പടെയുളള പ്രവൃത്തികളെല്ലാം ഇതിന്റെ പരിധിയില്‍ വരും
6. തെറ്റായ വാർത്തകൾ ബോധപൂർവ്വം പ്രചരിപ്പിക്കുക, വ്യാജമോ കെട്ടിച്ചമച്ചതോ ആയ രേഖകൾ പങ്കുവയ്ക്കുക, വ്യാജ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുക.
7. ഒരു പൊതു ഉദ്യോഗസ്ഥന്റെയോ ഒരു പൊതു പ്രതിനിധി സ്ഥാനത്തുള്ള വ്യക്തിയുടെയോ പ്രവർത്തനങ്ങളെ വിമർശിക്കുക
രാജ്യത്തിന്റെ പ്രശസ്തി, അന്തസ്സ് അല്ലെങ്കിൽ പദവി എന്നിവയെ പരിഹസിക്കുകയോ കളങ്കമേല്‍ക്കുന്ന രീതിയിലുളള പരാമർശങ്ങള്‍ നടത്തുന്നതും നിയമവിരുദ്ധമാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പ്രവൃത്തികള്‍ ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ 5,00,000 ദിർഹം (ഏകദേശം1 കോടി ഇന്ത്യന്‍ രൂപ) വരെ പിഴയും 5 വർഷം വരെ തടവും കിട്ടും.