പ്രവാസികൾക്ക് ഇരുട്ടടി: വാനോളം ഉയർന്ന് വിമാനനിരക്ക്; വർധന അഞ്ചിരട്ടിയിലേറെ
Mail This Article
അബുദാബി ∙ മധ്യവേനൽ അവധിക്കുശേഷം തിങ്കളാഴ്ച യുഎഇയിലെ സ്കൂളുകൾ തുറക്കാനിരിക്കെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ ഉയർത്തി വിമാന കമ്പനികൾ. ഈ മാസം അവസാനംവരെ പൊള്ളുന്ന നിരക്കാണ്. സ്കൂൾ തുറക്കുന്നതിന് മുൻപ് തിരിച്ചെത്താനാകാതെ പ്രയാസത്തിലാണ് പ്രവാസി കുടുംബങ്ങൾ. ഓണം കഴിയുംവരെ ടിക്കറ്റ് നിരക്ക് ഉയർത്തിയതും ഇരുട്ടടിയായി. മടക്കയാത്രാ ടിക്കറ്റ് എടുക്കാതെ നാട്ടിലേക്ക് പോയവരാണ് കുടുങ്ങിയത്. വിമാന നിരക്ക് കുറയുന്നതും കാത്തിരുന്നാൽ മക്കളുടെ 15 ദിവസത്തെ ക്ലാസ് നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്. ജീവിതച്ചെലവ് കൂടിയതോടെ പിടിച്ചുനിൽക്കാൻ പാടുപെടുന്ന പ്രവാസി കുടുംബങ്ങൾക്ക് ഒന്നുനാട്ടിൽ പോയിവരാൻ രണ്ടോ മൂന്നോ വർഷത്തെ സമ്പാദ്യം മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്.
കേരളത്തിൽനിന്ന് യുഎഇയിലേക്ക് തിരക്കില്ലാത്ത സമയങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് 6500 രൂപയ്ക്ക് നൽകിയിരുന്ന വൺവേ ടിക്കറ്റ് ഇപ്പോൾ 40,000 രൂപയ്ക്ക് മുകളിലാണ്. 4 മണിക്കൂർ ദൈർഘ്യമുള്ള നേരിട്ടുള്ള വിമാനങ്ങളിലും 11 മണിക്കൂർ എടുക്കുന്ന കണക്‌ഷൻ വിമാനങ്ങളിലും നിരക്കിൽ വലിയ വ്യത്യാസമില്ല. മറ്റു സ്വകാര്യ, വിദേശ വിമാന കമ്പനികളുടെ നിരക്കിലും വൻ വർധനയുണ്ട്.
45,000 രൂപ പിന്നിട്ട് വൺവേ നിരക്ക്
സ്പൈസ് ജെറ്റ്, ഇൻഡിഗോ, ശ്രീലങ്കൻ എയർലൈൻസ് തുടങ്ങിയവയിലും വൺവേ ടിക്കറ്റിന് കുറഞ്ഞത് 45,000 രൂപയ്ക്ക് മുകളിലാകും. നാലംഗ കുടുംബത്തിന് 2 ലക്ഷത്തോളം രൂപയാകും. എയർ ഇന്ത്യ വിസ്താര, സൗദി എയർലൈൻസ്, ഖത്തർ എയർവെയ്സ് എന്നിവയിൽ ഒരാൾക്ക് 73,500 രൂപയാണ് നിരക്ക്. കണക്ഷൻ വിമാനങ്ങൾക്കാണ് ഈ നിരക്ക്. ഒക്ടോബറിൽ തിരുവനന്തപുരം–ദുബായ് സെക്ടറിൽ എമിറേറ്റ്സ് ഈടാക്കിയിരുന്നത് 14,000 രൂപയാണ്. നാളെ ഇതേ സെക്ടറിൽ ഈ വിമാനത്തിലെ നിരക്ക് 74000 രൂപയും. നാലംഗ കുടുംബത്തിന് യാത്ര ചെയ്യാൻ വേണ്ടിവരുന്നത് 3 ലക്ഷത്തോളം രൂപയും.