യുഎഇയിൽ സ്കൂൾ തുറക്കുന്ന ദിവസം സർക്കാർ ജീവനക്കാർക്ക് ജോലി സമയം മാറ്റിയെടുക്കാം
Mail This Article
ദുബായ് ∙ സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ സർക്കാർ മേഖലയിലെ ചില ജീവനക്കാർക്ക് ഫ്ലെകിസിബിൾ ജോലി സമയം അനുവദിച്ച് യുഎഇ. നഴ്സറിയിലും കിന്റർഗാർട്ടനിലും പഠിക്കുന്ന കുട്ടികളുള്ളവർക്ക് അധ്യയന വർഷത്തിലെ ആദ്യ ആഴ്ച മുഴുവൻ ഈ ഇളവ് പ്രയോജനപ്പെടുത്താം. സ്കൂൾ തുറക്കുന്ന ദിവസം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വേനലവധിക്ക് ശേഷം യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസം 26ന് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) പ്രഖ്യാപനം നടത്തിയത്. 2024-2025 അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും പുതിയ നയം നടപ്പിലാക്കുകയെന്ന് അറിയിപ്പിൽ പറയുന്നു.
ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് വ്യക്തമാക്കിയതനുസരിച്ച് ഇളവിന്റെ കാലാവധി മൂന്ന് മണിക്കൂറിൽ കൂടരുത്. ഈ മണിക്കൂറുകൾ ഒറ്റയടിക്ക് എടുക്കാം അല്ലെങ്കിൽ രാവിലെയും വൈകിട്ടുമായി എടുക്കാം. പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ മാതാപിതാക്കൾക്കാണ് സ്കൂൾ തുറക്കുന്ന ആദ്യ ദിവസം ഫ്ലെകിസിബിൾ ജോലി സമയം അനുവദിക്കുന്നത്. സ്ഥാപനത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾക്കും ഡയറക്ടറുടെ അനുമതിക്കും വിധേയമായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനുമുള്ള ഫ്ലെകിസിബിൾ ജോലി സമയം അനുവദിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.