മത സൗഹാർദം തകർക്കാനുള്ള ശ്രമമാണ് മലയാളികൾ നേരിടുന്ന ആപത്കരമായ പ്രതിസന്ധി: സക്കറിയ
Mail This Article
മസ്കത്ത് ∙ ഹിന്ദു–മുസ്‌ലിം–ക്രൈസ്തവ സൗഹാർദവും സഹജീവിതവും തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് മലയാളി സമൂഹം നേരിടുന്ന ഏറ്റവും ആപത്കരമായ പ്രതിസന്ധിയെന്ന് പ്രശസ്ത സാഹിത്യകാരൻ സക്കറിയ പറഞ്ഞു.
സാമുദായികമായ സഹജീവിതം ആരുടെയും പ്രഘോഷണങ്ങളിലൂടെ ഉണ്ടായതല്ല. മലയാളിയുടെ സാമാന്യബുദ്ധിയാൽ സൃഷ്ടിച്ച ഈ സഹകരണമാണ് കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെയും സാമ്പത്തികമായ പിടിച്ചുനിൽപിന്‍റെയും അടിത്തറ. അതിനു കാരണമായ സൗഹാർദത്തെ തർക്കാനുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നു – സക്കറിയ പറഞ്ഞു. കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍റെ എലൈറ്റ് ജ്വല്ലറി ഉൽസവരാവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സക്കറിയ.
സംശുദ്ധവും ജനത്തോടുള്ള കൂറുള്ളതുമായ ഭരണകൂടത്തിന്‍റെ അഭാവം, മലയാളിയുടെ ചരിത്രത്തിനും സംസ്കാരത്തിനും നേരെ വർഗീയതകൾ ഉയർത്തുന്ന വെല്ലുവിളി, പരിസ്ഥിതിയോടും പൊതുസ്ഥല ശുചിത്വത്തോടും പ്രകടിപ്പിക്കുന്ന അവഗണന, ജനത്തോട് സത്യം പറയാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് മാധ്യമങ്ങൾ ഒഴിഞ്ഞു മാറുന്നത്, സമൂഹ മാധ്യമങ്ങളിലും ടിവി ചർച്ചകളിലുമുള്ള ചർച്ചകളോടു പുലർത്തുന്ന അന്ധമായ ആശ്രിതത്വം തുടങ്ങിയവയും കേരള സമൂഹത്തിന്‍റെ പ്രതിസന്ധികളാണ്.
സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിലെ സഹകരണത്തിന്‍റെ അടിത്തറയിൽ കേരളീയർ സൃഷ്ടിച്ച മതസൗഹാർദം ചിലരെ വിറളിപിടിപ്പിക്കുന്നു. തങ്ങളുടെ ശ്രമങ്ങൾ കേരളത്തിന്‍റെ സംസ്കാരത്തെ തകർക്കുമെന്നതും സമ്പദ്ഘടനയെ പിളർക്കുമെന്നതും അവർക്കൊരു പ്രശ്നമല്ല. മതവും ജാതിയും പറയാതെ, ഞാൻ മലയാളിയാണ് എന്ന് അഭിമാനത്തോടെ പറയുന്ന അവസ്ഥ തർക്കപ്പെടുമെന്നതും അവർക്കു പ്രശ്നമല്ല. മതസൗഹാർദം തകർക്കൽ കേരളത്തിൽ രാഷ്ട്രീയാധികാരം നേടാൻ അവർക്കുള്ള അവസാനത്തെ കച്ചിത്തുരുമ്പാണ് – സക്കറിയ പറഞ്ഞു.
കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളിലും എല്ലാ അഭിപ്രായ വ്യത്യാസങ്ങളോടും കിടമൽസരങ്ങളോടുംകൂടി മൂന്നു മതസ്ഥർ ഒരുമിച്ചു പ്രവർത്തിക്കുന്നു. ജനത്തിന്‍റെ മതസൗഹാർദം തകർത്താൽ മുന്നണികളിലെ സാമുദായിക സഹകരണം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴും. കോൺഗ്രസും സിപിഎമ്മും പോലെയുള്ള പാർട്ടികളുടെ അടിത്തറ ഏതെങ്കിലും സമുദായമല്ല. അവർ പിടിച്ചുനിൽക്കുന്നത് മൂന്നു സമുദായങ്ങളുടെയും ബലത്തിലാണ്.
സമുദായങ്ങളെ പരസ്പര സംശയത്തിലേക്കും ശ്രത്രുതയിലേക്കും ഏറ്റുമുട്ടലിലേക്കും, കഴിയുമെങ്കിൽ രക്തച്ചൊരിച്ചിലിലേക്കും നയിക്കുകയാണ് ചില ബാഹ്യശക്തികളുടെ ആവശ്യം. ഉത്തരേന്ത്യയിൽ അവർ വിജയകരമായി പ്രയോഗിച്ച തന്ത്രമാണത്; മതം മാത്രമല്ല, ജാതിയും പ്രയോഗിച്ചു. മതനിരപേക്ഷതയുടെയും ജാതിവിവേചന നിർമാർജനത്തിന്‍റെയും മാതൃകാസ്ഥാനമായ കേരളത്തെ കീഴടക്കാതെ ഇന്ത്യയെ കീഴടക്കുകയെന്ന സ്വപ്നം പൂർണമാവില്ലെന്നും സക്കറിയ പറഞ്ഞു.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ രാഘവൻ, വനിതാ വിഭാഗം സെക്രട്ടറി സബിതാ ലിജോ, വരുൺ ഹരിപ്രസാദ്, സിനാമാതാരം ആശാ അരവിന്ദ്, ഒമാനി നടൻ ഡോ. താലിബ് അൽ ബലൂഷി തുടങ്ങിയർ പ്രസംഗിച്ചു. മിമിക്രി ആർടിസ്റ്റ് റെജി രാമപുരം, ഗായകരായ ഡോ. ബിനീത, ജിൻസ് ഗോപിനാഥ്, കോറിയോഗ്രാഫർ രാജേഷ് മാസ്റ്റർ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു.