വാദ്യമാല - സംഗീത ഉപകരണങ്ങളുടെ പേരുകൾ കോർത്ത വേറിട്ട ഗാനമാല; ആൽബം പുറത്തിറങ്ങി
Mail This Article
ദുബായ് ∙ ഗാനാവിഷ്കാരങ്ങളിൽ രചനയിലും അവതരണത്തിലും തന്റേതായ ഒരു വ്യത്യസ്തവും നൂതനവുമായ ശൈലി വച്ചു പുലർത്തുന്ന പ്രവാസി എഴുത്തുകാരനാണ് മേതിൽ സതീശൻ. കേരളീയ വാദ്യ വിശേഷങ്ങൾ ഉൾപ്പെടെ നാൽപ്പതോളം ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ പേരുകളും അതിന്‍റെ കാല്പനിക ഭാവങ്ങളും പ്രതിപാദിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ 'വാദ്യമാല' എന്ന ഗാനം ശ്രദ്ധ നേടുന്നു.
പഞ്ചവാദ്യത്തിലെ വാദ്യങ്ങൾ, ചെണ്ട, ഉടുക്ക്, തുടി, മൃദംഗം, മുഖർശംഖ്, നാഗസ്വരം, ഓടക്കുഴൽ, പറവാദ്യം, തബല, വയലിൻ, ഹാർമോണിയം, സരോദ്, സാരംഗി തുടങ്ങി നമുക്ക് പരിചിതമായ ഒട്ടുമിക്ക സംഗീത ഉപകരണങ്ങളും പാട്ടിലൂടെ കടന്നുവരുന്നുണ്ട്. ഇത്തരത്തിൽ ഒരു ഗാനം ആദ്യമായാണ് സൃഷ്ടിക്കപ്പെടുന്നത് എന്നുള്ളത് ഗാനത്തെ വ്യത്യസ്തമാക്കുന്നു. ഗാനമാലയുടെ ഈണവും ആലാപനവും സതീശൻതന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
ഓരോ ഉപകരണത്തിന്‍റെ ശബ്ദവും ഗാന പശ്ചാത്തലത്തിൽ മനോഹരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. പാട്ടിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയത് വടകര സ്വദേശിയായ ശശി വള്ളിക്കാടാണ്. സതീശന്‍റെ നിരവധി വ്യത്യസ്തങ്ങളായ പാലക്കാടൻ ഗാനങ്ങൾക്ക് ശശി വള്ളിക്കാട് മുൻപ് ഈണവും സംഗീതവും ഒരുക്കിയിട്ടുണ്ട്. പാട്ടിലെ വാദ്യ വിശേഷങ്ങളെ അവയുടെ അവതരണ ദൃശ്യങ്ങളോടെ ആൽബത്തിൽ ആവിഷ്കരിച്ചത് ആർ സി നായരാണ്.
ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ മാനേജരായി പ്രവർത്തിക്കുന്ന മേതിൽ സതീശന്‍റെ രചനയിലും ഈണത്തിലും ആലാപനത്തിലുമായി നൂറോളം ഗാനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. പാലക്കാടൻ സ്ഥല നാമങ്ങൾ കോർത്തിണക്കിയ ഗാനം, കേരളത്തിലെ ജില്ലകളുടെ പേരുകളും സവിശേഷതകളും വരച്ചുകാട്ടുന്ന ഗാനം, പാലക്കാടൻ സാംസ്‌കാരിക അടയാളങ്ങൾ പ്രതിപാദിക്കുന്ന ഗാനങ്ങൾ, കണ്ണ്യാർകളിയെ അധികരിച്ചുള്ള ഗാനങ്ങൾ, അക്ഷരമാലയിലെ അമ്പത്തിയൊന്ന് അക്ഷരങ്ങളിൽ നിന്നും ആരംഭിക്കുന്ന വരികളിൽ എഴുതപ്പെട്ട ഗാനം, ദേവരാജൻ മാസ്റ്ററെക്കുറിച്ചുള്ള ഗാനം, പഞ്ചവാദ്യത്തെക്കുറിച്ചുള്ള ഗാനം, പാചക ഗാനങ്ങൾ, കവിതകളുടെ മാഷപ്പ്, എന്നിവയൊക്കെ അതത് രംഗങ്ങളിൽ ആദ്യമായി ആവിഷ്ക്കരിക്കപ്പെട്ട സൃഷ്ടികളാണ്. ഈ ഒരു ശ്രേണിയിലേക്കാണ് പുതിയ 'വാദ്യമാല'യും കടന്നുവരുന്നത്. പാലക്കാട് ജില്ലയിലെ പുതിയങ്കം സ്വദേശിയാണ് മേതിൽ സതീശൻ.