'മമ്മൂക്ക സ്നേഹം' കടൽ കടത്തി, യുഎഇയിൽ 'സിഐഡി പൊക്കി'; ദുബായിലെ 'ഗുലാനില്ലാതെ' മമ്മൂട്ടി സിനിമകൾക്ക് എന്ത് ആഘോഷം!
Mail This Article
ദുബായ് ∙ ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരന്‍ റഷീദിന് മമ്മൂട്ടിയെന്നാല്‍ കുടുംബത്തിലെ ഒരംഗമാണ്. കുഞ്ഞുനാള്‍ മുതലേ കൂടെ കൂടിയ ഇഷ്ടം വളർന്നപ്പോഴും മാറിയില്ല. മമ്മൂട്ടി സിനിമ ഇറങ്ങുമ്പോള്‍ തുടങ്ങി പിറന്നാളായാലും മറ്റ് ആഘോഷ പരിപാടികളെന്തായാലും മുന്നില്‍ നില്‍ക്കാന്‍ റഷീദുണ്ടാകും, അല്ല, ദുബായിലെ ഈ ഗുലാനില്ലാതെ മമ്മൂട്ടി സിനിമകള്‍ക്കെന്ത് ആഘോഷം?
∙ ഗുലാന്‍റെ ആളാണ്
ആദ്യം തിയറ്ററില്‍ പോയി കണ്ട സിനിമ പട്ടാളമാണ്. റിസർവേഷനൊന്നുമില്ലാതിരുന്ന കാലത്ത് ഭക്ഷണം പോലുമില്ലാതെ രാവിലെ മുതല്‍ രാത്രി വരെ ക്യൂ നിന്ന് ടിക്കറ്റെടുത്തതും സിനിമ കണ്ടതുമെല്ലാം ഇപ്പോഴും തെളിച്ചമുളള ഓർമ. അന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന അഷ്റഫ് ഉണ്യാലുമായുളള സൗഹൃദമാണ് ഫാന്‍സ് അസോസിയേഷനിലേക്ക് അടുപ്പിച്ചത്.
അങ്ങനെയൊരു സിനിമ റിലീസ് കാലത്താണ് ഗുലാനെന്ന പേരുവീഴാനിടയായ സംഭവമുണ്ടായത്. അന്ന് തിരൂർ സെന്‍ട്രല്‍ തിയറ്ററിലാണ് ചിത്രം കാണാനായി പോയത്. രാവിലെ അഞ്ച് മണിക്കായിരുന്നു ആദ്യ പ്രദർശനം. രണ്ട് പ്രദർശനത്തിനുളള ആളുകള്‍ അപ്പോള്‍ തന്നെ ഉണ്ടായിരുന്നു. തിരൂരില്‍ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് നഗരത്തില്‍ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയ സമയമായിരുന്നു അത്. സുരക്ഷയുടെ ഭാഗമായി സിനിമ കാണാനെത്തിയവരെയും പൊലീസ് തടഞ്ഞു. സിനിമ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. അന്ന് പൊലീസുകാരുടെ കൈയ്യില്‍ നിന്ന് അടിയൊക്കെ കിട്ടിയെങ്കിലും പിന്നീട് ആ പൊലീസുകാരുമായി സൗഹൃദത്തിലായി. അവരാണ് ആദ്യം 'ഗുലാനെ'ന്ന് വിളിച്ചത്. പിന്നീടത് റഷീദിന്‍റെ വിളിപ്പേരായി.
അബുദാബിയിലെത്തിയതിന് ശേഷം മമ്മൂട്ടി ഫാന്‍സ് യുഎഇ പ്രസിഡന്‍റായിരുന്നു. ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍റെ മുഖ്യ രക്ഷാധികാരിയാണ് റഷീദ്. മമ്മൂട്ടി പടം യുഎഇ റിലീസ് വന്നാല്‍ ഇപ്പോഴും തിയറ്ററില്‍ കട്ട് ഔട്ടും ഫ്ളക്സും വയ്ക്കാനും ഫാന്‍സ് ഷോ സംഘടിപ്പിക്കാനും ഗുലാന്‍ മുന്നില്‍ തന്നെയുണ്ടാകും. ദുബായിലും റഷീദെന്ന് പറഞ്ഞാല്‍ അറിയാത്തവരും ഗുലാനെ അറിയും. ഫാന്‍സിനിടയില്‍ ഗുലാന്‍റെ ആളാണെന്ന് പറഞ്ഞാല്‍ മമ്മൂട്ടി ചിത്രത്തിനൊരു ടിക്കറ്റ് ഉറപ്പ്.
∙ പരീക്ഷ പിന്നെ, സിനിമ ആദ്യം
പത്താം ക്ലാസ് പരീക്ഷയുളള ദിവസമാണ് മമ്മൂട്ടി ചിത്രം 'തൊമ്മനും മക്കളും' റിലീസ് ചെയ്തത്. പരീക്ഷയെഴുതണോ, 'തൊമ്മനും മക്കളും' കാണണോയെന്ന ചോദ്യത്തിന് റഷീദിന് മറ്റൊരുത്തരമുണ്ടായിരുന്നില്ല. സിനിമകാണണമെന്ന് ഉറപ്പിച്ചു. പരീക്ഷ പിന്നെയും വരുമല്ലോ, ചിത്രത്തിന്‍റെ റീലീസ് ഒരു ദിവസമല്ലേ ഉണ്ടാകൂ.
∙ ആദ്യം കാണുന്നത് 'അണ്ണന്‍ തമ്പി'യുടെ സെറ്റില്‍ വച്ച്
മമ്മൂട്ടിയെ ആദ്യം കാണുന്നത് 'അണ്ണന്‍ തമ്പി'യുടെ സെറ്റില്‍ വച്ചാണ്. പൊളളാച്ചിയിലായിരുന്നു ഷൂട്ടിങ്. പഠിപ്പാണ് ആദ്യം, തന്‍റെ പുറകെ നടന്നിട്ടൊന്നും കാര്യമില്ലെന്നുളള ഉപദേശമാണ് അന്ന് കണ്ടപ്പോള്‍ മമ്മൂട്ടി നല്‍കിയത്. പക്ഷെ ആ ഉപദേശമൊന്നും വിലപ്പോയില്ല, മമ്മൂട്ടിക്കൊപ്പം റഷീദിന്‍റെ ജീവിതം സഞ്ചരിച്ചു.ഒട്ടും മടുപ്പില്ലാതെ.
മമ്മൂട്ടിയെന്നാല്‍ ജീവനാണ് അന്നും ഇന്നും എന്നും, റഷീദ് പറയുന്നു. പിന്നീടും പല സെറ്റുകളില്‍ വച്ചും യുഎഇയില്‍ വച്ചും മമ്മൂട്ടിയെ കണ്ടു. അടുത്ത് ചെന്ന് സംസാരിച്ചു. സിനിമയും മമ്മൂട്ടി സ്നേഹവും അതിരുകടന്നപ്പോഴാണ് റഷീദിനെ കടലുകടത്താന്‍ കുടുംബം തീരുമാനിക്കുന്നത്. 2008 ൽ ഉമ്മയുടെ സഹോദരനാണ് അബുദാബിയിലേക്ക് കൊണ്ടുവന്നത്. അവിടെ നിന്ന് പിന്നീട് ദുബായില്‍ മമ്മൂട്ടി സിനിമയുടെ നിർമ്മാതാവ് ഫൈസല്‍ ലത്തീഫിന്‍റെ സ്ഥാപനത്തിലേക്ക് മാറി. ഒരു ഹോട്ടല്‍ ശൃംഖലയില്‍ പർച്ചേസിങ് ജോലിയാണ് ഇപ്പോള്‍.
∙ ലാലേട്ടന്‍ ഫാന്‍സുമായും നല്ല ബന്ധം
മോഹന്‍ലാല്‍ ഫാന്‍സുമായും നല്ല സൗഹൃദമുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ സിനിമ 'ജില്ല' ഇറങ്ങിയപ്പോള്‍ '14 ജില്ലയ്ക്കും ഒരോറ്റ സംസ്ഥാനം -മമ്മൂട്ടി' എന്ന പേരില്‍ ഇറക്കിയ ട്രോള്‍ ലാല്‍ ഫാന്‍സിന് ഇഷ്ടപ്പെട്ടില്ല. ചിലർ തമാശയായി എടുത്തുവെങ്കിലും മറ്റ് ചിലർ വിമർശിച്ചു. അതിനുശേഷം അത്തരം ട്രോളുകള്‍ ഇറക്കിയിട്ടില്ല. എല്ലാവരോടും സൗഹൃദം സൂക്ഷിക്കാനാണ് ഇഷ്ടം.
∙ അബുദാബി സിഐഡി പൊക്കി, 500 ദിർഹം പിഴയും കിട്ടി
ഓരോ മമ്മൂട്ടി സിനിമയും റിലീസ് ചെയ്യുമ്പോള്‍ ചെണ്ടമേളവും കേക്ക് മുറിക്കലുമൊക്കെയായി തിരക്കിലാകും റഷീദും കൂട്ടുകാരും. അങ്ങനെ അബുദാബിയില്‍ ജോലി ചെയ്യുന്ന സമയത്ത് 'പഴശ്ശിരാജ' സിനിമ റിലീസിനോട് അനുബന്ധിച്ച് ഫ്ളക്സ് വച്ചു. സിഐഡി വന്നു കാര്യമന്വേഷിച്ചു. അനുവാദമില്ലാതെ ഫ്ളക്സ് വച്ചതിനാല്‍ 500 ദിർഹം പിഴയും കിട്ടി.
∙ നിർമ്മാതാവ് ഫൈസല്‍ ആലപ്പിയുമായുളള സൗഹൃദം
'ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്' എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് ഫൈസല്‍ ലത്തീഫുമായി അടുത്ത സൗഹൃദമുണ്ട്. നാട്ടിലായിരുന്നപ്പോഴുളള സൗഹൃദം യുഎഇയിലെത്തിയും തുടർന്നു. സഹോദരനായാണ് തന്നെ അദ്ദേഹം കണ്ടത്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ കൈ തന്ന് രക്ഷിച്ചത് അദ്ദേഹമാണ്. പത്ത് വർഷത്തോളം അദ്ദേഹത്തിന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്തു.
∙ മമ്മൂട്ടിയുടെ ചാലു, ഫാന്‍സിന്‍റേയും
മമ്മൂട്ടിയോടുളള ഇഷ്ടമാണ് മകനായ ദുല്‍ഖറിനോടും മിക്ക ആരാധകർക്കുമുളളത്. റഷീദും വ്യത്യസ്തനല്ല. മമ്മൂക്ക കുടുംബം നമ്മുടേയും കുടുംബമെന്നതാണ് പോളിസി.
∙ സിനിമയിലും മുഖം കാണിച്ചു
'മധുരനാരങ്ങ'യെന്ന സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട് റഷീദ്. കുഞ്ചാക്കോ ബോബനോടൊപ്പമുളള ഒരു ടാക്സി സീന്‍. ചിത്രത്തിന്‍റെ സംവിധായകന്‍ സുഗീതും നിഷാദ് കോയയും തനിക്കായി തന്ന സമ്മാനമാണ് ആ സീനെന്ന് റഷീദ് പറയുന്നു. അജ്മാനില്‍ ചിത്രം ഷൂട്ട് ചെയ്യുന്ന ഒരു മാസക്കാലത്തോളം അവർക്കൊപ്പമുണ്ടായിരുന്നു. ബിജു മേനോന് തന്‍റെ മലപ്പുറം ഭാഷ നല്ല ഇഷ്ടമായിരുന്നു, അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്.
∙ കാത്തിരിക്കുന്നത് മമ്മൂക്കയുടെ പുതിയ ഫോട്ടോയ്ക്കായി
സെപ്റ്റംബർ ഏഴിന് പിറന്നാളാഘോഷിക്കുന്ന മമ്മൂക്ക, പുതിയ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് റഷീദ്. ബ്ലഡ് ഡോണേഷനും കേക്ക് മുറിക്കലുമൊക്കെയായി ഈ ബർത്ത് ഡെയും വിപുലമായി ആഘോഷിക്കാനാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍റെ തീരുമാനം. മമ്മൂട്ടി ഫാൻസ് ഇന്‍റർനാഷണല്‍ വിവിധ രാജ്യങ്ങളിലായി നടത്തി വരുന്ന 30K രക്തദാന ക്യാംപെയിനിന്‍റെ ദുബായ് അൽഐൻ ക്യാംപിന്‍റെ നടത്തിപ്പിനായുള്ള തിരക്കിലാണ് ഗുലാൻ. ഓരോ ജന്മദിനത്തിലും ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വിപുലമായി കാരുണ്യപ്രവർത്തനങ്ങളും ചെയ്യാറുണ്ട്.
∙ കുടുംബം
ഭാര്യ ആഷിഫയ്ക്കും മകള്‍ റിസ രസ്ലിനും സിനിമയോട് അത്ര താല്‍പര്യമില്ല. അവർക്ക് താല്‍പര്യമില്ലാത്തതിനാല്‍ പിന്നീട് സിനിമയില്‍ അവസരങ്ങള്‍ക്കായി ശ്രമിച്ചില്ല. അല്ല, മമ്മൂട്ടിയോടുളള ഇഷ്ടവും അങ്ങനെ മാറ്റി വയ്ക്കുമോയെന്ന ചോദ്യത്തോട് "മമ്മൂട്ടി മ്മടെ ഖല്‍ബിലല്ലേ" എന്നായിരുന്നു ഈ മലപ്പുറത്തുകാരന്‍റെ മറുപടി.