ഷോറൂമിൽ പോയി കഷ്ടപ്പെടേണ്ട, ട്രയംഫും കെടിഎമ്മും ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം

Mail This Article
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെ ആദ്യഘട്ടത്തില്‍ പുസ്തകങ്ങളും നാട്ടില്‍ എളുപ്പം ലഭിക്കാത്ത സാധനങ്ങളുമൊക്കെയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാങ്ങാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ പോലും വാഹനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വാങ്ങാനാവുമെന്ന തോന്നല്‍ പോലും നമ്മളില്‍ ഭൂരിഭാഗത്തിനും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഹീറോ, ബജാജ്, ടിവിഎസ് തുടങ്ങി ഇന്ത്യയിലെ മുന്‍നിര ഇരുചക്രവാഹന കമ്പനികള്‍ വാഹനങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ചാനലുകള്‍ വഴി വില്‍ക്കുന്നു. അക്കൂട്ടത്തില്‍ ഫ്ളിപ്കാര്‍ട്ടിലേക്ക് ഏറ്റവും പുതിയതായി കൂട്ടിച്ചേര്‍ത്തവയാണ് കെടിഎമ്മും ട്രയംഫും.
ബജാജുമായി സഹകരിക്കുന്ന കെടിഎമ്മും ട്രയംഫും ഏപ്രില്‍ ഒന്നു മുതലാണ് ഫ്ളിപ്കാര്‍ട്ട് വഴി ലഭ്യമായി തുടങ്ങിയത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന 11 മോഡലുകളാണ് ഫ്ളിപ്കാര്‍ട്ടിലൂടെ വില്‍പ്പനക്കെത്തിയിരിക്കുന്നത്. എട്ട് കെടിഎം മോഡലുകളും മൂന്ന് ട്രയംഫ് മോഡലുകളും ഫ്ളിപ്കാര്‍ട്ട് വഴി വാങ്ങാനാവും. ഇന്ത്യയില്‍ ബജാജ് ഓട്ടോ നിര്‍മിക്കുന്ന മോഡലുകളാണ് ഇവയെല്ലാം. ഫ്ളിപ്കാര്‍ട്ടില്‍ എക്സ് ഷോറൂം വില സഹിതമാണ് ഈ മോഡലുകള്‍ നല്‍കിയിരിക്കുന്നത്. അതേസമയം പ്രത്യേകം ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.
കെടിഎം മോഡലുകള്‍
ഇന്ത്യയില്‍ 200, 250, 390 എന്നിങ്ങനെ മൂന്നു റേഞ്ചിലാണ് ഓസ്ട്രേലിയന്‍ ബ്രാന്‍ഡ് കെടിഎം വില്‍ക്കുന്നത്. 200 ഡ്യൂക്ക്(2,03,761 രൂപ), ആര്‍സി 200(2,20,819 രൂപ), 250 ഡ്യൂക്ക്(2,27,707 രൂപ), 250 അഡ്വെഞ്ചര്‍(2,59,850 രൂപ), 390 ഡ്യൂക്ക്(2,95,000 രൂപ), ആര്‍സി 390(3,22,719 രൂപ), 390 അഡ്വഞ്ചര്‍(3,67,700 രൂപ), 390 അഡ്വഞ്ചര്‍ എക്സ്(2,91,140 രൂപ) എന്നിങ്ങനെയാണ് ഓരോ മോഡലുകളുടേയും വില നല്‍കിയിരിക്കുന്നത്. എക്സ് ഷോറൂം വിലയാണ് എല്ലാ മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്.
ട്രയംഫ്
ഇന്ത്യന്‍ വിപണിയിലെ ട്രയംഫിന്റെ മൂന്നു മോഡലുകളും ഫ്ളിപ്കാര്‍ട്ടിലൂടെ ഇനി വാങ്ങാനാവും. സ്പീഡ് 400, സ്പീഡ് ടി4, സ്ക്രാംബ്ലര്‍ 400എക്സ് എന്നീ മോഡലുകളാണ് വില്പനക്കെത്തിയിരിക്കുന്നത്. മൂന്നു മോഡലുകള്‍ക്കും ഒരേ എന്‍ജിനാണ് ട്രയംഫ് നല്‍കിയിരിക്കുന്നത്. ത്രുക്സ്റ്റണ് 400 എന്ന പേരില്‍ നാലാമതൊരു മോഡല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ട്രയംഫ്.
ട്രയംഫ് സ്പീഡ് 400ന് 2,41,780 രൂപയാണ് എക്സ് ഷോറൂം വില. മറ്റു മോഡലുകളായ ട്രയംഫ് സ്പീഡ് ടി4, ട്രയംഫ് സ്ക്രാംബ്ലര്‍ 400 എക്സ് എന്നിവക്ക് യഥാക്രമം 1,98,999 രൂപയും 2,66,449 രൂപയുമാണ് എക്സ് ഷോറൂം വില.