‘നിവിനെതിരെയുള്ള ആരോപണം വ്യാജം; ജീവിതം എന്നെ പ്രവാസിയാക്കി’: സ്വപ്നം പങ്കുവച്ച് പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലതാരം
Mail This Article
ദുബായ്∙ മലയാള സിനിമയുടെ സ്നേഹത്തിൻ പൂഞ്ചോലത്തീരത്ത് നിന്ന് ബാദുഷ ഗൾഫിൽ ഒരു ജോലി തേടിയെത്താനുള്ള കാരണമെന്താണ്? പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കൊച്ചി വൈറ്റില സ്വദേശിയായ ബാദുഷ, സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും എന്തുകൊണ്ട് മലയാള സിനിമയിലെ യുവനടന്മാരിലൊരാളായില്ല?. ഇദ്ദേഹത്തെ ഏതെങ്കിലും പവര്‍ ഗ്രൂപ്പ് തഴഞ്ഞതാണോ?. ചോദ്യങ്ങൾ ഒട്ടേറെ.
പപ്പയുടെ സ്വന്തം അപ്പൂസ് റിലീസായി 32 വർഷം പിന്നിടുന്ന വേളയിൽ, ഇതിനെല്ലാം മനോരമ ഓൺലൈനിലൂടെ മറുപടി പറയുകയാണ് ദുബായിൽ ജോലിയന്വേഷിച്ചെത്തിയ ബാദുഷ മുഹമ്മദ്.
∙ഒരു പാട്ടു മുഴുവൻ മമ്മൂട്ടിയുടെ നെഞ്ചൊട്ടിച്ചേർന്ന്
ഒരു പാട്ടുമുഴുവൻ മമ്മൂട്ടിയുടെ നെഞ്ചോട് ഒട്ടിച്ചേർന്ന് അഭിനയിക്കാൻ സുവർണാവസരം ലഭിച്ച ഒരേയൊരു അഭിനേതാവായിരിക്കാം മാസ്റ്റർ ബാദുഷ. മോഹത്തിൻ പൂനുള്ളി ബാല്യങ്ങൾ കോർക്കുന്ന അഭിനയ കളരിയിൽ നിന്ന് സിനിമയുടെ പൂക്കാലത്തിലേക്ക് വളരാൻ പക്ഷേ, ഈ യുവാവിന് സാധിച്ചില്ല.
1990ൽ അശോകന്‍– താഹയുടെ സംവിധാനത്തിൽ സുരേഷ് ഗോപി–പാർവതി ജോഡി നായികാ നായകന്മാരായി അഭിനയിച്ച 'സാന്ദ്ര'മായിരുന്നു എന്‍റെ ആദ്യ സിനിമ. അന്നെനിക്ക് നാല് വയസ്സ് മാത്രമായിരുന്നു. ഇന്നസെന്‍റ് ചേട്ടന്‍റെ മകനായിട്ടായിരുന്നു അഭിനയിച്ചത്. സെവൻത് ഡേ അഡ്വന്‍റിസ്റ്റ് സ്കൂളിൽ പുഞ്ചിരി മത്സരത്തിൽ ജേതാവായ എന്നെ സിനിമയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അശോകൻ താഹ സംവിധായക ജോടിയിൽ താഹയുടെ മകൻ എന്‍റെ ക്ലാസമേറ്റായിരുന്നു. അങ്ങനെയാണ് അവസരം ലഭിച്ചത്. തുടർന്ന് ഇതേവർഷം തന്നെ രഘുവരൻ, സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംഗീത് ശിവൻ സംവിധാനം ചെയ്ത 'വ്യൂഹ'ത്തിലും ബാലതാരമായി. സുകുമാരൻ ചേട്ടന്‍റെ മകനായിട്ടായിരുന്നു അഭിനയിച്ചത്. ഈ സിനിമയിലേയ്ക്ക് എത്തിച്ചേർന്നത് ഓഡിഷൻ വഴിയും. തുടർന്ന് സിനിമകളൊന്നും ലഭിച്ചില്ല. സിനിമ ബാദുഷയെ തേടിയെത്തിയില്ല എന്ന് പറയാം.
നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരി പുത്രനാണ് ബാദുഷ. ഒരു യാഥാസ്ഥിതിക കുടുംബമായതിനാൽ വാപ്പയ്ക്ക് ഞാൻ സിനിമയിൽ തുടരുന്നതിനോട് അത്ര താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഉമ്മയുടെ കുടുംബത്തിന് എതിർപ്പുമില്ലായിരുന്നു. അങ്ങനെയാണ് രണ്ട് വർഷത്തിന് ശേഷം, 1992ൽ ഫാസിൽ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ നായകനായ മമ്മൂട്ടിയുടെ മകൻ അപ്പൂസായി അഭിനയിക്കുന്നത്. ആ സിനിമ സൂപ്പർ ഹിറ്റാവുകയും ബാദുഷയ്ക്ക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ഫിലിംക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു. ഈ പയ്യൻ ഭാവിയിൽ തിരക്കേറിയ നടനാകുമെന്ന് എല്ലാവരും കരുതി. പക്ഷേ, സംഭവിച്ചതോ?!
∙അഭിനയം മറന്നില്ല; പഠനത്തിൽ മുഴുകി
പിന്നീട് അവസരത്തിന് വേണ്ടി കാര്യമായി ശ്രമിക്കാതെ വിദ്യാഭ്യാസത്തിൽ മുഴുകുകയായിരുന്നു താനെന്ന് ബാദുഷ പറയുന്നു. എംബിഎ നേടിയെങ്കിലും അക്കൗണ്ട്സിലായിരുന്നു താത്പര്യം. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ആറ് വർഷം ജോലി ചെയ്തു. ഇതിനിടെ സിനിമയിൽ പ്രതീക്ഷ പുലർത്തി ഒട്ടേറെ സംവിധായകരെ സമീപിച്ചെങ്കിലും അവസരം ലഭിച്ചില്ല.
പിന്നീട് 2015ൽ നവാഗതനായ ഫാസിൽ ബഷീർ സംവിധാനം ചെയ്ത മുംബൈ ടാക്സി എന്ന ചിത്രത്തിൽ നായകനായി. ഏറെ പ്രതീക്ഷ പുലർത്തിയ ചിത്രം റിലീസാകാൻ സമയമെടുത്തു. തിയറ്ററുകൾ കിട്ടുക വലിയ പ്രയാസമായിരുന്നു. പിന്നീട് തിയറ്റർ റിലീസായിരുന്നെങ്കിലും മറ്റു വലിയ ചിത്രങ്ങളോട് മത്സരിച്ച് കാര്യമായ ചലനം സൃഷ്ടിക്കാതെ പോയി. ചിത്രത്തിലെ കഥാപാത്രത്തിന്‍റെ കോസ്റ്റ്യൂം ചെലവു പോലും ഞാൻ തന്നെയായിരുന്നു വഹിച്ചത്. ഇതോടെ ഒരു കാര്യം മനസിലാക്കി, അഭിനയിക്കുന്നെങ്കില്‍ മികച്ച ബാനറിന് കീഴിലായിരിക്കണമെന്ന്. പക്ഷേ, ആ കാത്തിരിപ്പ് വെറുതെയായി.
∙ പവർ ഗ്രൂപ്പ് ബാദുഷയെ ഒതുക്കിയോ
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്നൊന്നും പറയാൻ ഞാനാളല്ല. പക്ഷേ, എന്നെ ഒരു ഗ്രൂപ്പും ഒതുക്കിയെന്ന് കരുതുന്നില്ല. നല്ല ബാനറിനോടൊപ്പം മാത്രമേ ഇനി അഭിനയിക്കുള്ളൂ എന്ന വാശിയായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിൽ കൊള്ളാവുന്ന അവസരങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് വിവാഹിതനായി, ഒരു പെൺകുട്ടിയുടെ പിതാവുമായി. ഇനിയും നാട്ടിൽ സിനിമ എന്ന് പറഞ്ഞ് കറങ്ങി നടന്നാൽ ശരിയാകില്ല എന്ന് കരുതി രണ്ട് മാസം മുൻപാണ് യുഎഇയിലേയ്ക്ക് വിമാനം കയറിയത്.
പക്ഷേ, ഇവിടെയും വിചാരിച്ചത്ര എളുപ്പത്തിൽ ഒരു ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. എങ്കിലും ശുഭപ്രതീക്ഷയോടെ ശ്രമം തുടരുന്നു.
∙ മമ്മൂട്ടിയെ കണ്ടുമുട്ടി, പലപ്രാവശ്യം;പക്ഷേ...
പപ്പയുടെ സ്വന്തം അപ്പൂസില്‍ മമ്മൂട്ടി തന്നോട് ചേർത്തുപിടിച്ചപോലെ അക്കാലത്ത് മലയാളികളെല്ലാം ബാദുഷയെ മനസാ താലോലിച്ചു. വെള്ളിനിലാ നാട്ടിലെ പൗർണമി തൻ വീട്ടിലെ പൊന്നുരുകും പാട്ടിലെ രാഗദേവതകളെ പോലെ അവരീ ബാലനടനെ സ്നേഹിച്ചു. ഒരിക്കലും തിരിച്ചുലഭിക്കില്ലെന്നറിയാമെങ്കിലും രോഗിയായ മകനെ ചേർത്തുപിടിച്ച് മമ്മൂട്ടി കരഞ്ഞപ്പോൾ പ്രേക്ഷ ലക്ഷങ്ങളും വിതുമ്പി. അന്ന് തനിക്ക് സിനിമയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നുവെന്ന് ബാദുഷ പറയുന്നു.
പിന്നീട് മമ്മൂക്കയെ പലപ്രാവശ്യം കണ്ടു. അദ്ദേഹത്തിന്‍റെ മാനേജർമാരായ ജോർജേട്ടൻ, ഔസേപ്പച്ചൻ എന്നിവര്‍ അടുത്ത പരിചയക്കാരാണ്. മമ്മൂക്കായ്ക്ക് എറണാകുളത്ത് ഷൂട്ടുള്ളപ്പോൾ അവരെന്നെ അറിയിക്കും. ഞാൻ ചെന്ന് കാണും. ഏറ്റവുമൊടുവിൽ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം എറണാകുളം മഹാരാജാസ് കോളജിൽ നടന്നപ്പോൾ ചെന്ന് കണ്ടു. കൂടെ നിന്ന് പടമെടുത്തു. തിരക്കിട്ട ചിത്രീകരണമായതിനാൽ കൂടുതൽ സംസാരിക്കാനൊന്നും കഴിഞ്ഞില്ല.
അവസരത്തിന് വേണ്ടി ആരോടെങ്കിലും ചോദിക്കാൻ മടിയാണ്. എനിക്കുള്ളത് എന്നെത്തേടിയെത്തുമെന്ന് കരുതുന്നു. മുംബൈ ടാക്സിക്ക് ശേഷം രണ്ടുമൂന്ന് അവസരങ്ങൾ വന്നിരുന്നു. പക്ഷേ, മികച്ച ടീമല്ല എന്ന് തോന്നിയതിനാൽ സമ്മതം മൂളിയില്ല. ഒടുവിൽ പ്രവാസിയാകാനായിരുന്നു വിധി. എങ്കിലും മികച്ച ബാനറിന് കീഴിൽ അവസരം ലഭിച്ചാൽ അഭിനയം തുടരാണ് ഉദ്ദേശിക്കുന്നത്. അതൊരിക്കലും നായക കഥാപാത്രം തന്നെ വേണമെന്നില്ല. അഭിനയപ്രാധാന്യമുള്ള ഏതു റോളായാലും സ്വീകരിക്കും–ബാദുഷ പറയുന്നു.
∙ ഹേമ കമ്മിറ്റി റിപ്പോട്ട്; പരാതികളിൽ വ്യാജവുമുണ്ട്
മലയാള സിനിമയിൽ പീഡനമടക്കമുള്ള പ്രശ്നങ്ങൾ ഇല്ലെന്ന് ഒരിക്കലും ബാദുഷ പറയില്ല. കുറ്റം ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ, എനിക്ക് തോന്നുന്നത് 10 ആരോപണം വരുമ്പോൾ ഏഴെണ്ണം ശരിയാണെങ്കിൽ മൂന്നെണ്ണം വ്യാജമാണെന്നുമാണ്. നിവിൻ പോളിക്കെതിരെയുള്ള ആരോപണം അതാണ് വ്യക്തമാക്കുന്നത്. പുള്ളി വളരെ ആത്മവിശ്വാസത്തോടെ പരാതികൾ ഖണ്ഡിക്കുന്നു. ഒരു സിനിമാ സെറ്റിൽ നടക്കുന്ന ഇത്തരം മോശം പ്രവണതയെക്കുറിച്ച് അതിലെ പ്രധാന കഥാപാത്രങ്ങൾ അറിയണമെന്നില്ല. അതുകൊണ്ട് അവര്‍ കുറ്റക്കാരാണെന്ന് പറയാനാവില്ല.
സിനിമാ രംഗം ഏറെ കഷ്ടപ്പെടേണ്ട മേഖലയാണ്. സ്വയം സൂക്ഷിച്ചാൽ ആരും അപകടങ്ങളിൽ ചെന്ന് ചാടില്ല. പ്രതിഭയുള്ളവർ തീർച്ചയായും കയറിവരും. ഓഡിഷനിലൂടെയും മറ്റും തിരഞ്ഞടുക്കപ്പെട്ട നടിമാർ മലയാള സിനിമയിൽ ഏറെയുണ്ട്. കഴിവുള്ളവർ തീർച്ചയായും രക്ഷപ്പെടും എന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. ലോകത്ത് നല്ലതും ചീത്തയുമുണ്ട്. നല്ലത് തിരഞ്ഞെടുക്കാൻ ശ്രമിക്കുക മാത്രമേ ഇതിന് പരാഹരമായി പറയാനുള്ളൂ. അല്ലാതെ ഒരു നടനോ മറ്റു മുറിയിലേയ്ക്ക് വിളിച്ചാൽ ഇവരെന്തിന് ഉടനെ കയറിപ്പോകണം?
എല്ലാം ആരോപണങ്ങൾ മാത്രമാണ്. തെളിയിക്കപ്പെട്ടാലേ യാഥാർഥ്യം തിരിച്ചറിയുകയുള്ളൂ. വ്യാജ പരാതിയുന്നയിക്കുന്നവർ ഒന്നോർക്കണം, എല്ലാവർക്കും കുടുംബമുണ്ട്. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ കുറച്ചുനാൾ കഴിയുമ്പോൾ എല്ലാവരും മറക്കും. വയനാട്ടെ ഉരുൾപ്പൊട്ടൽ ഇപ്പോൾ ആരും ഓർക്കുന്നില്ലല്ലോ?
∙ തിരിച്ചുവരും; ഇത് ചെറിയൊരു ഇടവേള
ബാദുഷയുടെ മൊബൈൽ ഫോൺ റിങ് ടോൺ ഇപ്പോഴും പപ്പയുടെ സ്വന്തം അപ്പൂസിലെ ഗാനങ്ങളാണ്. വളരെ ഗൃഹാതുരത്വമുണർത്തുന്ന ആ ഗാനങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്ന് ഇദ്ദേഹം പറയുന്നു. എറണാകുളത്തെ തിയറ്ററിൽ ഏതാണ്ട് 365 ദിവസം പ്രദർശിപ്പിച്ച ചിത്രമാണത്. അന്ന് ആ ചിത്രത്തിന് സംസ്ഥാന, ക്രിട്ടിക്സ് അവാർഡുകൾ ലഭിച്ചപ്പോൾ അതൊക്കെ വലിയ കാര്യമാണെന്ന് അറിയില്ലായിരുന്നു.
ഫാസിൽ എന്ന മഹാപ്രതിഭയുടെ കീഴിൽ അഭിനയിക്കുക എന്നത് തന്നെ മഹാഭാഗ്യം. അദ്ദേഹം കാണിച്ചു തരുന്നതിന്‍റെ ചെറിയൊരു ശതമാനം അഭിനയിച്ചാൽ തന്നെ വലിയ സംഭവമായി. ഇത് ചെറിയൊരു ഇടവേളയാണ്. വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചുവരും– ബാദുഷയുടെ വാക്കുകളിൽ ശുഭപ്രതീക്ഷ.