ലോകത്തിലെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി റിയാദ്
Mail This Article
റിയാദ് ∙ റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പതിനാറ് വയസ്സിൽ താഴെയുള്ള രോഗിക്ക് റോബോട്ട് ഉപയോഗിച്ച് സമ്പൂര്‍ണ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. ലോകത്തു തന്നെ ആദ്യമായാണ് റോബോട്ട് ഉപയോഗിച്ച് സമ്പൂര്‍ണ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.
കൺസൾട്ടന്റ് കാർഡിയാക് സർജനും ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയുമായ സൗദി സർജൻ ഡോ. ഫിറാസ് ഖലീൽ ആഴ്‌ചകൾ നീണ്ട തയാറെടുപ്പുകൾക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. നൂതന രീതിയുടെ ഫലപ്രാപ്തി തെളിയിക്കാന്‍ മൂന്നു ദിവസത്തിനിടെ തുടര്‍ച്ചായി ഏഴു തവണ വെര്‍ച്വല്‍ രീതിയില്‍ ഓപ്പറേഷന്‍ പ്രക്രിയ നടത്തി.
ആശുപത്രി മെഡിക്കല്‍ കമ്മിറ്റിയുടെയും രോഗിയുടെ ബന്ധുക്കളുടെയും അനുമതികള്‍ നേടിയ ശേഷം ദൗത്യം പൂര്‍ത്തിയാക്കാന്‍ ഡോ. ഫിറാസ് ഖലീല്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കുകയും ടീം അംഗങ്ങള്‍ തമ്മിലെ യോജിപ്പിന് മുന്‍ഗണന നല്‍കുകയും ചെയ്തു.
ഓപ്പറേഷൻ റൂമിൽ പ്രവേശിക്കുന്നതിനുമുമ്പ് ടീം ലീഡർ ഓപ്പറേഷൻ പ്ലാനിന്റെ വിശദമായ വിശദീകരണം നൽകി. രോഗിയുടെ സുരക്ഷയും ഓപ്പറേഷന്റെ വിജയവും ഉറപ്പാക്കുന്നതിന് ഓരോ വ്യക്തിയുടെയും റോളുകൾ കൃത്യമായി വിശദീകരിച്ചു. സാധ്യമായ ഏറ്റവും കുറഞ്ഞ ശസ്ത്രക്രിയാ ഇടപെടലോടെ ഓപ്പറേഷന്‍ നടത്താന്‍ അനുവദിക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യകള്‍ വേദനയും വീണ്ടെടുക്കല്‍ കാലയളവും സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതയും കുറയ്ക്കും.
കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ സിഇഒ ഡോ. മാജിദ് അൽ ഫയാദ് 1960-കളിൽ ലോകം ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ച ചരിത്ര നിമിഷം മുതൽ ശസ്ത്രക്രിയകളിലെ സുപ്രധാനമായ വികസനമാണ് ഈ നേട്ടമെന്ന് വിശേഷിപ്പിച്ചു.
'നമ്മുടെ ബുദ്ധിമാനായ നേതൃത്വത്തിന്റെ നിരന്തര പിന്തുണയില്ലാതെ ഈ നേടിയ നേട്ടം സാധ്യമാകുമായിരുന്നില്ല, ആരോഗ്യ മേഖലയുടെ വികസനത്തിന് മുൻഗണന നൽകിയ ഭരണകൂടത്തിന് നന്ദി' പറയുന്നതായും അദ്ദേഹം പറഞ്ഞു.