സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങൾക്ക് പിടി വീണു
Mail This Article
ദുബായ് ∙ സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം പിടികൂടി. ഈ കമ്പനികൾ 2,784 പൗരന്മാരെ 2022 പകുതി മുതൽ 2024 സെപ്റ്റംബർ 17 വരെ നിയമവിരുദ്ധമായി നിയമിക്കുകയും സാങ്കൽപിക പ്രാദേശികവൽക്കരണം ഉപയോഗിച്ച് ലക്ഷ്യങ്ങൾ മറികടക്കാൻ ശ്രമിക്കുകയും ഇതുവഴി നിയമങ്ങൾ ലംഘിക്കുച്ചതായി തെളിയിക്കപ്പെടുകയും ചെയ്തു.
ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 20,000 ദിർഹവും 500,000 ദിർഹവും പിഴ ചുമത്തുന്നു. തുടർന്ന് അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. നിയമലംഘകരെ മന്ത്രാലയം സിസ്റ്റങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് തരംതിരിച്ചിരിക്കുന്നത്. യഥാർഥ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം ആവശ്യമായ സാമ്പത്തിക സംഭാവന നൽകാനും കമ്പനികളോട് ആവശ്യപ്പെടുന്നു.
സ്വദേശിവത്കരണ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് അവരുടെ നാഫിസ് ആനുകൂല്യങ്ങളും മറ്റ് മുൻകാല സാമ്പത്തിക ആനുകൂല്യങ്ങളും നിർത്തലാക്കും. 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്‌സൈറ്റ് വഴിയോ കോൾ സെന്ററുമായി ബന്ധപ്പെട്ട് സ്വദേശിവത്കരണ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായ നിഷേധാത്മക സംഭവങ്ങൾ റിപോർട്ട് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.