ADVERTISEMENT

ദോഹ ∙ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കായി പത്ത് കായിക മത്സരങ്ങൾ ഒരുക്കി ഇന്ത്യൻ സ്പോർട്സ് സെന്ർ ‘ഖേൽ മഹോത്സവ് 2024’. നാലു മാസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ പ്രവാസി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർക്ക് പങ്കെടുക്കാൻ  അവസരം ഒരുക്കുന്നതായിരിക്കുമെന്ന് ഇന്ത്യൻ എംബസിക്ക് കീഴിലെ കായിക സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ടീം ഇനങ്ങളിലും വ്യക്തിഗത വിഭാഗങ്ങളിലുമായി മാറ്റുരക്കാവുന്ന പത്ത് കായിക മത്സരങ്ങളാണ് നാലു മാസം നീണ്ടു നിൽക്കുന്ന ‘ഖേൽ മഹോത്സവ’ത്തിൽ നടക്കുക. സെപ്റ്റംബർ 20ന് ആരംഭിക്കുന്ന അണ്ടർ 17 ഫുട്ബാൾ ചാമ്പ്യൻഷിപ്പോടെ കായികോത്സവത്തിന് തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്മാൻ പറഞ്ഞു. മെഷാഫിലെ ജെംസ് അക്കദമിയിലാണ് 16 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ മത്സരങ്ങൾ അരങ്ങേറുന്നത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

തുടർന്ന് സെപ്റ്റംബർ അവസാന വാരത്തിൽ വനിതകൾക്കായി ബോക്സ് ക്രിക്കറ്റ് ആരംഭിക്കും. നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിന് ഹാമിൽട്ടൻ ഇന്റർനാഷനൽ സ്കൂൾ വേദിയാകും. ഒക്ടോബർ എട്ടിന് ഐ.എസ്.സിയുടെ ശ്രദ്ധേയമായ ഇന്ത്യ ഓപൺ കപ്പ് ബാഡ്മിന്റൺ ചാംപ്യ‌ൻഷിപ്പിന് തുടക്കം കുറിക്കും.   ഇ സ്പോർട്സ് പ്രേമികൾക്കായി ഇ ഗെയിം മത്സരങ്ങളും ഒക്ടോബറിൽ നടക്കും. തുടർന്ന് ബാസ്കറ്റ്ബാൾ, കബഡി, മാസ്റ്റേഴ്സ് അത്‍ലറ്റിക്സ്, വനിതകൾക്കാളയുള്ള ത്രോബാൾ, നീന്തൽ ഉൾപ്പെടെ പത്ത് ചാംപ്യ‌ൻഷിപ്പുകൾ ഖേൽ മഹോത്സവിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.

യുവതലമുറക്ക് കൂടുതൽ മികച്ച മത്സരങ്ങൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് അണ്ടർ 17 വിഭാഗത്തിലെ സെവൻസ് ഫുട്ബാളിന് ഐ.എസ്.സി ആദ്യമായി വേദിയൊരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. അണ്ടർ 17 ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ടീമുകൾക്കുള്ള  ജഴ്‌സി പ്രകാശനവും വാർത്താസമ്മേളനത്തിൽ വച്ച് നടന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഐസിസി അശോകഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ്സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ ലോഗോയും ടി ഷർട്ടും പുറത്തിറക്കി.  വാർത്താ സമ്മേളനത്തിൽ ഇ.പി അബ്ദുൽറഹ്മാൻ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, ‘ഖേൽ മഹോത്സവ്’ സംഘാടകസമിതി ചെയർമാൻ മിബു ജോസ്, മാനേജിങ് കമ്മിറ്റി അംഗം പർവിന്ദർ ബുർജി എന്നിവർ പങ്കെടുത്തു.

English Summary:

Indian Sports Center 'Khel Mahotsav 2024' Sports Competitions will start Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com