ഷാർജയിലെ ദുരിതമഴ; വീടുകൾ തകർന്നവർക്ക് 4.9 കോടി ദിർഹം നഷ്ടപരിഹാരം
Mail This Article
ഷാർജ ∙ ഷാർജയിൽ ഏപ്രിലിൽ പെയ്ത കനത്ത മഴയിൽ വീടുകൾ തകർന്ന 1,806 പേർക്കായി 4.9 കോടി ദിർഹം നഷ്ടപരിഹാരം അനുവദിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സഹായത്തിനുള്ള പതിവ് മാനദണ്ഡങ്ങൾ പാലിക്കാതെ, അസാധാരണ കേസുകളായി പരിഗണിച്ചാണ് ദുരിതബാധിതരെ സർക്കാർ ചേർത്തുപിടിച്ചത്.
വീട് തകർന്നവർക്കുള്ള നഷ്ടപരിഹാരം 50,000 ദിർഹമാക്കി ഉയർത്താൻ നേരത്തേ അദ്ദേഹം നിർദേശം നൽകിയിരുന്നു. തുടക്കത്തിൽ നിരസിച്ച കേസുകൾ വീണ്ടും വിലയിരുത്തി പരിഗണിക്കാനും നിർദേശമുണ്ട്.
വീടുകളിൽ ചോർച്ചയും ഭാഗിക നാശനഷ്ടവും ഉണ്ടായവർക്ക് ഒറ്റത്തവണ സഹായമായി 25,000 ദിർഹം വീതം നൽകും. ഈയിനത്തിൽ 1,568 കേസുകളിലായി 3.92 കോടി ദിർഹം വിതരണം ചെയ്യും. വീടുകൾ പൂർണമായും തകർന്ന 117 കുടുംബങ്ങൾക്ക് അരലക്ഷം ദിർഹം വീതം ലഭിക്കും.
എമിറേറ്റിനു പുറത്തു താമസിക്കുന്ന 83 ഷാർജ നിവാസികൾക്കായി 45.6 ലക്ഷം ദിർഹം വിതരണം ചെയ്യും. ഭാഗികമായി നശിച്ച വീട്ടുപകരണങ്ങൾ മാറ്റാനും അറ്റകുറ്റപ്പണികൾ നടത്താനും ധനസഹായം നൽകുന്നുണ്ട്.