ADVERTISEMENT

ഷാർജ ∙ വടകര എംപി ഷാഫി പറമ്പിലിനു ഷാർജയിൽ സ്വീകരണം നൽകി. തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയ അതേ ഇന്ത്യൻ അസോസിയേഷൻ വേദിയിലേക്കാണ് വിജയിപ്പിച്ചതിനു നന്ദി പറയാനായും ഷാഫി എത്തിയത്. 

സ്വീകരണച്ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രവാസികളുടെ കൂടി എംപിയാണെന്നതിൽ അഭിമാനമുണ്ടെന്നും പ്രവാസികൾക്കായി ലോക്സഭയിൽ സംസാരിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഇവിടെ നിൽക്കുന്നതെന്നും സ്വീകരണത്തിനു മറുപടിയായി ഷാഫി പറഞ്ഞു. വിമാന ടിക്കറ്റ് കൊള്ള, ബാഗേജിന്റെ ഭാരപരിധി കുറച്ചതിലെ പ്രശ്നം എന്നീ വിഷയങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രിക്കു മുൻപിൽ അദ്ദേഹം നേരിട്ട് അവതരിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനാ പ്രതിനിധികൾ കേന്ദ്രമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘വടകരയിലും തലശ്ശേരിയിലും എംപി ഓഫിസ് പ്രവർത്തിക്കും. പരാതികളും മറ്റും നൽകാനുള്ള മൊബൈൽ ആപ്ലിക്കേഷനും ഉടൻ ആരംഭിക്കും. അതിൽ പ്രവാസികൾക്കായി പ്രത്യേക പേജും ഒരുക്കും’– അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. കെഎംസിസി ഷാർജ–കോഴിക്കോട് പ്രസിഡന്റ് പി.കെ.അബ്ബാസ് അധ്യക്ഷനായി. 

മുൻ എംഎൽ എ.പാറക്കൽ അബ്ദുല്ല, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, കെപിസിസി നേതാക്കളായ എൻ സുബ്രഹ്മണ്യൻ, കാറ്റാനം ഷാജി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുനിൽ അസീസ്, ഹാഷിം മുന്നേരി, എ.പി.പ്രജിത്ത്, വിജയ് തോട്ടത്തിൽ, ജലീൽ മഷ്ഹൂർ തങ്ങൾ എന്നിവർ പ്രസംഗിച്ചു.

നിരക്കുവർധന ചൂഷണം തന്നെ;  പോരാട്ടം തുടരും’
അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്കുവർധനയെക്കുറിച്ച് പാർലമെന്റിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി ഷാഫി പറമ്പിൽ എംപി. 

‘ഒരു രാത്രികൊണ്ട് തീരുമാനത്തിലെത്തിക്കാൻ കഴിയില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് ശ്രമം തുടരുന്നത്. നിരക്കുവർധന ചൂഷണമാണെന്ന കാര്യത്തിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിപ്രായം ഉയരുന്നുണ്ട്. സ്വകാര്യ ബിൽ ആയതിനാൽ, വിഷയത്തിലുള്ള ചർച്ച ഇതുവരെ ലോക്സഭ പൂർത്തിയാക്കിയിട്ടില്ല. വരുന്ന സമ്മേളനത്തിലും ചർച്ച തുടരും. മന്ത്രി മറുപടി പറയും. അതു കഴിഞ്ഞ് വീണ്ടും സംസാരിക്കാൻ അവസരം ലഭിക്കും. ഏറ്റെടുത്ത വിഷയം അവതരിപ്പിച്ചു എന്ന സംതൃപ്തിക്കു വേണ്ടിയല്ല, അതിൽ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നത്. ടിക്കറ്റ് നിരക്ക് തീരുമാനിക്കാനുള്ള അധികാരം പൂർണമായും കമ്പനികൾക്കു വിട്ടുനൽകി കയ്യുംകെട്ടി ഇരിക്കാനുള്ളതല്ല സർക്കാർ, ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുമ്പോൾ വിഷയത്തിൽ ഇടപെടാനുള്ള ഉത്തരവാദിത്തവും അധികാരവും അവർക്കുണ്ട്’– എംപി പറഞ്ഞു.

‘യുഎഇയിൽ നിന്നുള്ള വിമാനങ്ങളിലെ ബാഗേജിന്റെ ഭാരപരിധി കുറച്ച എയർ ഇന്ത്യയുടെ നടപടിയും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിവേചനപരമെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. വിഷയത്തിൽ എയർ ഇന്ത്യയുമായി മന്ത്രി ആദ്യഘട്ട ചർച്ച നടത്തി എന്നാണ് അറിയുന്നത്. പഴയ ബാഗേജ് പരിധി പുനഃസ്ഥാപിക്കുന്നതുവരെ പിന്നാലെയുണ്ടാകും’– ഷാഫി ഉറപ്പുനൽകി. 

English Summary:

Vadakara MP Shafi Parambil welcomed in Sharjah.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com