അബുദാബിയിൽ 'ചീറിപ്പാഞ്ഞാൽ' കടുത്ത ശിക്ഷ; ആദ്യം 2000 ദിർഹം പിഴ, ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും
Mail This Article
അബുദാബി ∙ അപകടകരമായി വാഹനമോടിക്കുന്നവർ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അബുദാബി പൊലീസ് ഓർമപ്പെടുത്തി. നിയമലംഘകർക്ക് 2000 ദിർഹം പിഴ ചുമത്തും. കൂടാതെ, ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റും ലഭിക്കും. ഒരു വർഷത്തിനിടെ 24 ബ്ലാക്ക് പോയിന്റ് ലഭിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
പാർപ്പിട മേഖലകളിലൂടെ മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്നവിധം വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. രോഗികൾ, വയോധികർ, കുട്ടികൾ എന്നിവർക്ക് സ്വൈരമായി നടക്കാനാവുന്നില്ലെന്നുള്ള പരാതിയുമേറിയിട്ടുണ്ട്. അതേസമയം, അനുമതിയില്ലാതെ വാഹനത്തിൽ ഭേദഗതി വരുത്തുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തും.
ഒരു മാസത്തേക്കു വാഹനം കണ്ടുകെട്ടും. ഇതു വീണ്ടെടുക്കണമെങ്കിൽ പിഴയ്ക്കു പുറമേ 10,000 ദിർഹം കൂടി അടയ്ക്കണം. 3 മാസത്തിനകം തിരിച്ചെടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. നിയമലംഘകരെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിൽ അറിയിക്കാമെന്നും അധികൃതർ പറഞ്ഞു.