പ്രവാസികൾക്ക് കെഎസ്എഫ്ഇ വഴി കൂടുതൽ നിക്ഷേപം നടത്താം
Mail This Article
ദമാം ∙ പ്രവാസികൾക്ക് കെഎസ്എഫ്ഇ വഴി കൂടുതൽ നിക്ഷേപം നടത്താവുന്നതാണെന്ന് സൗദിയിൽ സന്ദർശനത്തിനെത്തിയ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കെഎസ്എഫ്ഇ പ്രവാസി ചിട്ടി സമാഹരണത്തിന്റെ പ്രചരണാർഥം സൗദിയിലെ പ്രവാസി നിക്ഷേപകർക്കുവേണ്ടി ദമാമിൽ നടത്തിയ യോഗത്തിൽ സംസാരിക്കുയായിരുന്നു മന്ത്രി.
നാട്ടിലെ ബ്രാഞ്ചുകളിൽ പോകാതെ തന്നെ പ്രവാസികൾക്ക് ഓൺലൈനായി തന്നെ ചിട്ടിയിൽ നേരിട്ട് ചേരാവുന്നതും അടയ്ക്കാവുന്നതും ചിട്ടി വിളിക്കാവുന്നതുമടക്കമുളള നിക്ഷേപ സൗകര്യങ്ങളാണ് പ്രത്യേക വിഭാഗമായി ഒരുക്കിയിരിക്കുന്നത്. 121 രാജ്യങ്ങളിൽ നിന്നും ഓൺലൈനായി പ്രവാസിചിട്ടി പദ്ധതിയിൽ നിക്ഷേപം നടത്തുന്നുണ്ട്.
സൗദിയിൽ നിന്നുള്ള പ്രവാസി നിക്ഷേപകരുടെ എണ്ണം വർധിപ്പിക്കേണ്ടതായുണ്ട്. ചെറിയ തുകകൾ നിക്ഷേപിച്ച് മികച്ചൊരു സുരക്ഷിത സമ്പാദ്യത്തിലേക്കെത്തിക്കാൻ ചെറിയ വരുമാനമുളളവർക്കും സാധ്യമാകും വിധമാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്ക് ആക്സിഡന്റ് ഇൻഷുറൻസ് സംബന്ധിച്ച് പഠനം നടത്തും. സംസ്ഥാന സർക്കാർ വിഭാഗങ്ങൾ ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചു വരികയാണ്. കിഫ്ബി വികസിപ്പിച്ച എറ്റവും മികച്ച സോഫ്റ്റവെയറാണ് കേരളസർക്കാർ സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്. മദ്യത്തിൽ നിന്നുള്ള വരുമാനത്തിലും ഇന്ത്യയിലെ എട്ടാമത്തെയെ ഒൻപതാമത്തെയോ സംസ്ഥാനം മാത്രമാണ് കേരളം. മദ്യവും ലോട്ടറിയും മാത്രമാണ് കേരളത്തിന്റെ വരുമാനം എന്ന തരത്തിലുള്ള ആരോപണങ്ങൾ വെറുതെയാണെന്നും മന്ത്രി പറഞ്ഞു.
43000 ലാപ്ടോപ്പുകളാണ് കെഎസ്എഫ്ഇ വിദ്യാർഥികൾക്കായുള്ള പദ്ധതിയിലൂടെ വിതരണം ചെയ്തത്. ലോജിസ്റ്റിക് പോളിസി പുതുതായി ഗവൺമെന്റ് അംഗീകരിച്ചിട്ടുണ്ടെന്ന് സദസിൽ നിന്നുയർന്ന പൊതു ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. അതിൻ പ്രകാരം സ്വകാര്യമേഖലയിൽ ഇൻഡസ്ട്രിയൽ പാർക്കുകളും, ഐടി പാർക്കുകളും നടത്തുന്നുതിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. സംരംഭങ്ങൾ ആരംഭിക്കുന്നതിനും വാഹനവായ്പ, ഗൃഹോപകരണ വായ്പ, ഭവന നിർമാണ വായ്പ എന്നീ പദ്ധതികളും കെഎസ്എഫ്ഇ നടത്തുന്നുണ്ടെന്ന് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.
കെഎസ്എഫ്ഇ എംഡി ഡോ.എസ്.കെ.സനിൽ, ബോർഡ് മെംബർ എം.സി.രാഘവൻ, ഡിജിഎം എം.ടി.സുജാത, എജിഎം ഷാജു ഫ്രാൻസീസ്, ചീഫ് മാനേജർ പി.കെ.രേവതി എന്നിവരും മന്ത്രിക്കൊപ്പം സൗദി പര്യടന സംഘത്തിലുണ്ടായിരുന്നു.