ADVERTISEMENT

ദുബായ് ∙ അധികമാകുമ്പോൾ അമൃതിനോടും തോന്നുന്നൊരു വിരക്തിയുണ്ടല്ലോ, അത്തരമൊരു വിരക്തിയാണിപ്പോൾ പലർക്കും. പ്രത്യേകിച്ച് ഇന്റർനെറ്റിനോടും മൊബൈൽ ഫോണിനോടുമൊക്കെ. ഉപയോഗിച്ചുപയോഗിച്ച് ഓൺലൈൻ എന്നു കേൾക്കുമ്പോൾ എന്തോ പോലെ. ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ ജങ്ക് ഫൂഡിനോടൊക്കെ ചിലർ ബൈ പറയും പോലൊരു ട്രെൻഡാണിത്. വെജിറ്റേറിയനിസം, ഉപവാസം, എന്നൊക്കെ പറയും പോലെ ഓഫ്‌ലൈൻ വ്രതത്തിനാണിപ്പോൾ ഡിമാൻ‍ഡ്. സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം പൂർണമായൊരു പിൻവാങ്ങൽ. 

മൊബൈൽ ഫോണും സമൂഹ മാധ്യമങ്ങളും ആസക്തിയായതിനാൽ ഇത്തരം വ്രതങ്ങളെടുക്കാൻ അപാര മനക്കട്ടി വേണം. എത്ര മാറ്റി വച്ചാലും കൈകൾ മൊബൈൽ ഇരിക്കുന്നിടം തേടി പോകും. ഒരു മിനിറ്റൊന്ന് നോക്കിയെന്നു വച്ചു വല്യ കുഴപ്പമൊന്നുമില്ലെന്നു മനസ്സ് പറയും. പലരുടെയും കൈ വിറച്ചതായും പലർക്കും ഉറക്കം നഷ്ടപ്പെട്ടതായും പറയുന്നു. മൊബൈൽ നോക്കാതിരുന്നിട്ടു വിഷാദ അവസ്ഥ ഉണ്ടായവർ പോലുമുണ്ട്. എന്നാലും, മനസ്സ് കഠിനമാക്കി അതിൽ വിജയിച്ചവരുടെ കഥകൾക്കാണിപ്പോൾ നാട്ടിൽ ഡിമാൻഡ്. 

വണ്ണം കുറച്ചയാളിന്റെ അനുഭവ കഥ കേൾക്കുന്നതു പോലൊരു കൗതുകമുണ്ട് മൊബൈൽ ഫോൺ മാറ്റിവച്ചവരുടെ അനുഭവ കഥകൾക്ക്. ഒന്നിനും സമയമില്ലെന്നു പറഞ്ഞവർക്ക് അവരുടെ സമയം തിരിച്ചു കിട്ടി എന്നതാണ് ഓഫ്‌ലൈൻ വ്രതത്തിന്റെ ഒന്നാമത്തെ നേട്ടം. കണ്ണടയ്ക്കുമ്പോൾ ഉറങ്ങാൻ പറ്റുന്നു. എഴുതാനും വായിക്കാനും സമയം കിട്ടുന്നു. കുട്ടികളെയും കുടുംബക്കാരെയുമൊക്കെ കാണാൻ പറ്റുന്നു. പുറത്തു പോകാനും ചുറ്റിക്കറങ്ങാനും ഭക്ഷണം ആസ്വദിക്കാനുമൊക്കെ പറ്റുന്നു. സാങ്കൽപ്പിക ലോകത്തു നിന്നു യാഥാർഥ്യത്തിലേക്കിറങ്ങിയപ്പോൾ പലർക്കും പറഞ്ഞറിയിക്കാനാവാത്ത നിർവൃതി. 

ഓഫ്‌ലൈൻ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ സംഘടിച്ചു തുടങ്ങിയിരിക്കുന്നു. അത്തരമൊരു സംഗമം കഴിഞ്ഞയാഴ്ച ദുബായിൽ നടന്നു. 70 പേർ പങ്കെടുത്തു. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ, ടാബ്‌ലറ്റ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളെല്ലാം അവർ ഹോട്ടലിന്റെ റിസപ്ഷനിൽ കൈമാറി. വെറും കയ്യോടെ അവർ ഇരിപ്പിടത്തിൽ ഇരുന്നു. മുന്നിലിരിക്കുന്നയാളിന്റെ കണ്ണിൽ നോക്കി. അവരോടു പുഞ്ചിരിച്ചു, വിശേഷങ്ങൾ ചോദിച്ചു. കൈ തരിച്ചവർ ബുക്കുകൾ കയ്യിലെടുത്തു. ഏകാഗ്രമായി വായിച്ചു തുടങ്ങി. 

ചിലർ ചിത്രം വരച്ചു. ഇതിലൊന്നും താൽപര്യമില്ലാത്തവർ വെറുതെ ഇരുന്നു, അവരുടെ കൈകളിലെ പാനീയത്തിന്റെ രുചി ആസ്വദിച്ചു കുടിച്ചു. ഡിജിറ്റൽ ഡീടോക്സ് എന്നാണ് ഈ പ്രക്രിയയുടെ പേര്. ഡിജിറ്റൽ ആസക്തിയുടെ വിഷമിറക്കൽ! സംഘടന ഉണ്ടാക്കാനും പരിപാടി സംഘടിപ്പിക്കാനും മലയാളികളാണ് മുന്നിലെങ്കിലും ഈ ഡിജിറ്റൽ ഡീടോക്സ് സമ്മേളനത്തിൽ മലയാളികൾക്കോ ഇന്ത്യക്കാർക്കോ പങ്കില്ല. നെതർലൻഡ്സിൽ നിന്നുള്ളരാണ് പുതിയതരം സംഗമത്തിനു തുടക്കമിട്ടത്. ഇതുവരെ അനുഭവിക്കാത്തൊരു സംതൃപ്തിയെന്നാണ് സമ്മേളനം കഴിഞ്ഞിറങ്ങിയവരുടെ അഭിപ്രായം. എല്ലാവരും എപ്പോഴും ഡിജിറ്റലി കണക്റ്റ് ചെയ്തിരിക്കുകയാണ്, ഡിസ്കണക്ട് ചെയ്യാൻ പോലും നമ്മൾ മറക്കുന്നു. വെർച്വൽ ലോകത്തു സദാ മിണ്ടിയിരുന്നവർ യഥാർഥ ലോകത്തു നേരിൽ മിണ്ടുന്നതു കുറവാണെന്നതാണ് ‍ഡിജിറ്റൽ ടോക്സിസിറ്റിയുടെ പ്രത്യേകത. അവിടെയാണ് ഇത്തരം കൂടിച്ചേരലുകളുടെ പ്രസക്തി. ആറും ഏഴും മണിക്കൂർ തുടർച്ചയായി മൊബൈലിൽ മുഴുകുന്നവർക്ക് അവരുടെ ശീലങ്ങളെ മാറ്റേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഡിജിറ്റൽ ആസക്തി അവരുടെ പല ശേഷികളെയും ഇല്ലാതാക്കിയിരിക്കുന്നു. 

ഓർമിക്കാനുള്ള കഴിവു ക്രമേണ കുറഞ്ഞു തുടങ്ങി. രാത്രി എത്ര വൈകിയാലും ഉറക്കം വരാറില്ല. ആകെയൊരു മന്ദിപ്പ്. ഉത്സാഹം തീരെയില്ല. ആരോഗ്യം അതിലേറെ മോശമായിരിക്കുന്നു. പോരാത്തതിനു തടി കൂടി വരുന്നു. വയർ പുറത്തേക്ക് എത്തി നോക്കുന്നു. ഇതെല്ലാം വലിച്ചെറിഞ്ഞൊരു പോക്കു പോയാലോയെന്ന് പലപ്പോഴും തോന്നിപ്പോകും. അങ്ങനെ തോന്നിത്തുടങ്ങിയവരാണ് ഓഫ്‌ലൈൻ സംഗമത്തിനെത്തിയത്. ഭാവിയിൽ ഇത്തരം കൂടിച്ചേരലുകൾ അനിവാര്യമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. 

ഈ സംഗമത്തിന്റെ വൈരുധ്യം എന്തെന്നാൽ, സമ്മേളനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി എന്നതാണ്.വിഡിയോ കണ്ടത് ദശലക്ഷങ്ങളും. ഇതുപോലൊരു  സംഗമം വയ്ക്കുന്നതിന്റെ സാധ്യതകൾ ചോദിച്ച് ആയിരക്കണക്കിന് ആളുകളാണ് സംഘാടകരെ മൊബൈൽ വഴി ബന്ധപ്പെടുന്നത്. ഫോൺ മാറ്റിവയ്ക്കാൻ ഓഫ്‌ലൈൻ സംഗമം സംഘടിപ്പിച്ചവർക്ക് ഇപ്പോൾ ഫോൺ താഴെ വയ്ക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞാൽ മതി!

English Summary:

New trend: More People Opting for Digital Disconnect - Karama Kathakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com