ADVERTISEMENT

ദുബായ്∙ എക്സ്പോ സിറ്റിയിൽ 1000 കോടി ദിർഹത്തിന്റെ വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാണിജ്യ, പാർപ്പിട സമുച്ചയങ്ങളും രാജ്യാന്തര എക്സിബിഷൻ സെന്ററും ഉൾപ്പെടുന്ന മാസ്റ്റർ പ്ലാൻ 3.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ളതാണ്. 

ഇവിടെ 35000 പാർപ്പിട സമുച്ചയങ്ങളും 40000 പ്രഫഷനലുകൾക്ക് തൊഴിലിടവും ഉറപ്പാക്കുന്നതാണ് പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേൾഡിന്റെ രാജ്യാന്തര ആസ്ഥാനവും ഇവിടേക്കു മാറ്റും. എക്സ്പോ 2020നും യുഎൻ കാലാവസ്ഥ ഉച്ചകോടിക്കും വേദിയായ എക്സ്പോ സിറ്റിയുടെ മുഖഛായ മാറ്റുന്നതാണ് വികസന പദ്ധതി.വികസനത്തിന്റെ ഭാവി രൂപമായിരിക്കും പുതിയ പദ്ധതിയെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നിക്ഷേപകരുടെയും സംരംഭകരുടെയും പ്രഫഷനലുകളുടെയും ആഗോള കേന്ദ്രമായി എക്സ്പോ സിറ്റി മാറും. ശാസ്ത്രജ്ഞരെയും വിദ്യാഭ്യാസ വിദഗ്ധരെയും വിദ്യാർഥികളെയും ഇവിടം മാടിവിളിക്കും. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ നിറവേറ്റുന്നതിനൊപ്പം വികസനത്തിന്റെ പുതിയ മാതൃക കൂടിയാകും എക്സ്പോ സിറ്റി മാസ്റ്റർ പ്ലാൻ എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ദുബായ് സൗത്തിന്റെ മൊത്തം വികസനത്തിനു എക്സ്പോ സിറ്റി മാസ്റ്റർ പ്ലാൻ സഹായകരമാകും. അൽ മക്തൂം വിമാനത്താവളം, ജബൽ അലി തുറമുഖം, ദുബായ് എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാമെന്നത് എക്സ്പോ സിറ്റിക്ക് ഗുണകരമാകും.ദുബായുടെ ലോജിസ്റ്റിക് ഇടനാഴിയായ ജബൽ അലിക്കു അടുത്തേക്ക് ഡിപി വേൾഡിന്റെ ആഗോള ആസ്ഥാനം സ്ഥാപിക്കുന്നത് എക്സ്പോ സിറ്റിയുടെ പ്രാധാന്യം രാജ്യാന്തര തലത്തിൽ എത്തിക്കും. ജബൽ അലി തുറമുഖം, മക്തൂം എയർപോർട്ട് എന്നിവയെ ബന്ധിപ്പിച്ചു ചരക്കു നീക്കത്തിന്റെ പുതിയ ഇടനാഴി നിലവിൽ വരുന്നതോടെ യാത്രാ സമയം ഒരുമണിക്കൂറിൽ താഴെയാകും.

English Summary:

Dubai has announced huge development projects of 1000 crore dirhams in Expo City.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com