ADVERTISEMENT

ദുബായ് ∙  യൂറോപ്യൻ രാജ്യങ്ങളിൽ ജോലിയും വീസയും വാഗ്ദാനം ചെയ്ത്  ദുബായിലെ വ്യാജ ഏജൻസികൾ നടത്തുന്ന തട്ടിപ്പ് തുടരുന്നു. നെതർലാൻഡ്സിലേയ്ക്ക് ജോലിക്ക് വേണ്ടി ദുബായ് ബിസിനസ് ബേയിലെ സിൽവർ ടവറിൽ പ്രവർത്തിക്കുന്ന ഒരു വീസ സർവീസസ് എന്ന കമ്പനിക്ക് ലക്ഷക്കണക്കിന് രൂപ നൽകിയാണ് ഇപ്രാവശ്യം മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ യുവതീ യുവാക്കൾ വെട്ടിലായത്. വിദേശത്ത് ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വേണ്ടി വ്യാജ ഏജന്‍സികൾക്ക് വൻതുക നൽകി കുഴിയിൽ ചാടുന്ന സംഭവത്തിന് ഒരു അധ്യായം കൂടി. 

60 ദിവസത്തിനകം പോളണ്ടിലേയ്ക്ക് പോകാം എന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ഇൗ വീസ സർവീസ് ഏജൻസി ഉദ്യോഗാർഥികളായ ഒട്ടേറെ യുവതീ യുവാക്കളിൽ നിന്ന്  കോടികൾ തട്ടിയെടുത്തത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ കൂടി തട്ടിപ്പിൽ പെട്ടിരിക്കാൻ സാധ്യതയേറെയാണ്. ഇനി ഇരകൾക്ക് ആർക്കും നെതർലാൻഡ്സിലേയ്ക്ക് പോകാൻ ആഗ്രഹമില്ല. അതുകൊണ്ട് ഉടൻ ശരിയാകുമെന്ന മറുപടിയൊന്നും കേൾക്കണ്ട, എത്രയും പെട്ടെന്ന് തന്ന പണം തിരിച്ചുകിട്ടിയാൽ മതിയെന്ന അഭിപ്രായമാണ് ഇവർക്കുള്ളത്. മടക്കിത്തന്നില്ലെങ്കില്‍ ദുബായിലെ സ്ഥാപനത്തിനെതിരെ ഇന്ത്യയിലേയും യുഎഇയിലേയും അധികൃതരെ സമീപിക്കാനുള്ള തയാറെടുപ്പിലാണിവർ.

കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നുമുള്ള യുവതീ യുവാക്കൾ തട്ടിപ്പു സംഘത്തിന് പണം നൽകിയിട്ടുണ്ട്. ഒാരോരുത്തരും ലക്ഷത്തിലേറെ രൂപ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതിന്റെയെല്ലാം രേഖകൾ ഇവരുടെ കൈയിലുണ്ട്. ഇതിൽ ഇരുപത് വയസ്സ് പിന്നിട്ടവർ മുതൽ അമ്പതിനോടടുത്തവരുമുണ്ട്. ഇവരിൽ പലരും ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരുമാണ്. എന്തിന്, നഴ്സുമാർ, എൻജിനീയർമാരും ബിബിഎ, എൽഎൽബി അടക്കമുള്ള ഉയർന്ന പ്രഫഷനലുകളും അധ്യാപകരും ഉൾപ്പെട്ടിട്ടുണ്ട്. ആശുപത്രി, കമ്പനികൾ, വെയർഹൗസ്, പാക്കിങ് മുതൽ വലിയ ഹോട്ടലുകളിലെ ജോലിവരെയായിരുന്നു വാഗ്ദാനം  ചെയ്തിരുന്നത്. ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളം കിട്ടുമെന്നും അറിയിച്ചിരുന്നു.

∙ കൊച്ചിയിലെ അധ്യാപകൻ ആശിച്ചത് ന്യൂസിലാൻഡിൽ മികച്ച ജോലി
കൊച്ചിയിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിൽ അധ്യാപകനായ  മഹേഷ് ആഗ്രഹിച്ചത് ന്യൂസിലാൻഡിൽ മികച്ച ജോലി. ഇതിനായി അന്വേഷിച്ചപ്പോഴാണ് സമൂഹമാധ്യമത്തിൽ ദുബായിലെ 'യൂറോ'പ്പുമായി ബന്ധപ്പെട്ട പേരിലുള്ള ഇൗ വീസ സർവീസ് ഏജൻസിയെക്കുറിച്ച് പരസ്യം കണ്ടതെന്ന് ഇദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. നെതർലാൻഡ്സില്‍ ജോലിയും വീസയുമാണ് വാഗ്ദാനം. കൂടുതൽ ആലോചിക്കാതെ മഹേഷ് കഴിഞ്ഞ മാർച്ചിൽ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ അവിടെ നിന്ന് വിളിയെത്തി. 2500 ദിർഹം(അരലക്ഷത്തിലേറെ രൂപ) നൽകി റജിസ്റ്റർ ചെയ്യുക. വൈകാതെ വർക് പെർമിറ്റ് അയച്ചുതരും, അപ്പോൾ ബാക്കി 2500 ദിർഹം കൂടി അയച്ചുകൊടുത്താൽമതി. മഹേഷ് ഏപ്രിലില്‍ പണം നൽകി ദിവസങ്ങൾക്കകം വർക് പെർമിറ്റ് ലഭിച്ച് അതു വായിച്ചുനോക്കിയപ്പോഴാണ് പന്തികേട് തോന്നിയത്. നെതർലാൻഡ‍്സിലെ ഏതോ വ്യാജ െഎടി കമ്പനിയുടെ വർക് പെർമിറ്റായിരുന്നു അത്. അധ്യാപക തസ്തികയിലേയ്ക്കായിരുന്നു അപേക്ഷിച്ചിരുന്നത്. അതേക്കുറിച്ച് യാതൊന്നും എഴുതിയിട്ടില്ലായിരുന്നു. സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പറഞ്ഞപ്പോൾ ഇവരുടെ തട്ടിപ്പിനിരയായ മലയാളികളടക്കം ഒട്ടേറെ പേരെ പരിചയപ്പെടാൻ സാധിച്ചു. 

∙ എല്ലാവർക്കും ഒരേ വർക് പെർമിറ്റ്; ഡച്ച് ഭാഷ വിവർത്തനം ചെയ്തപ്പോൾ ഞെട്ടി
മിക്കവരും ഇതുപോലെ പണം അയച്ചുകഴിഞ്ഞ് ഒരു മാസത്തിനകം വർക് പെർമിറ്റ് ലഭിച്ചവരാണ്. ഡച് ഭാഷയിലുള്ള വർക് പെർമിറ്റാണ് മഹേഷിന് ലഭിച്ചത്. വിവർത്തനം ചെയ്തു നോക്കിയപ്പോഴാണ് ഞെട്ടിയത്, എല്ലാവരുടേതിലും എഴുതിയിരിക്കുന്ന ഒരേ കമ്പനിയുടെ വിവരങ്ങൾ!. ഇതോടെ സംഗതി തട്ടിപ്പാണെന്ന് തോന്നിത്തുടങ്ങി. കൊച്ചിയിൽ തന്നെ ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന ജിഷ നെതർലാന്‍ഡ്സിലേയ്ക്ക് പോകാൻ വേണ്ടി 1,08,000 രൂപയാണ് രണ്ട് പ്രാവശ്യമായി നൽകിയത്. ആദ്യം ഫെബ്രുവരിയിൽ 33,000 രൂപ നൽകി. വർക് പെർമിറ്റ് കിട്ടിയതോടെ സ്ഥാപനത്തിലുള്ള വിശ്വാസം കൂടിയതാണ് ജൂലൈയിൽ 75,000 ദിർഹം കൂടി നൽകാൻ പ്രചോദനമായത്. തുടർന്ന് ആരോഗ്യ ഇൻഷുറൻസിന് 60,000 രൂപ ചോദിച്ചപ്പോൾ സംശയം തോന്നി. കാരണം, 

ആദ്യം നൽകിയ കരാറിൽ അതേക്കുറിച്ച് പറയുന്നില്ലായിരുന്നു. മാത്രമല്ല, വർക് പെർമിറ്റിൽ മുഴുവനും അക്ഷരത്തെറ്റുകളും. അങ്ങനെ യുഎഇയിലെ ഇന്ത്യൻ എംബസിക്ക് ഇ–മെയിലയച്ചപ്പോൾ മറുപടി വന്നു–തട്ടിപ്പാകാനാണ് സാധ്യത. നെതർലാൻഡ്സിലെ ജോലി സാധ്യതകളെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ ആശാവഹമായിരുന്നില്ല. ആ രാജ്യത്തേയ്ക്ക് വിദേശത്ത് നിന്ന് ആളുകളെ ജോലിക്ക് നിയമിക്കുന്നില്ല എന്നതാണ് ഇതിൽ ആദ്യത്തേത്. എുക്കുന്നെങ്കിൽ തന്നെ വളരെ യോഗ്യതയുള്ളവരെ കമ്പനി നേരിട്ട് വീഡിയോ കോളിലൂടെയും മറ്റും അഭിമുഖം നടത്തിയാണ് നിയമിക്കുക. 

ഇതേ തുടർന്ന് എന്തു ചെയ്യണമെന്നറിയാതെയിരിക്കുമ്പോഴാണ് മഹേഷടക്കമുള്ള ഇതേ സ്ഥാപനത്തിന്റെ ഇരകളെ ഫെയ്സ് ബുക്കിലൂടെ കാണാനിടയായതും തട്ടിപ്പാണെന്ന് ഉറപ്പിച്ചതും. തുടർന്ന് സ്ഥാപനത്തിലേയ്ക്ക് ഫോൺ വിളിച്ചപ്പോൾ ഇന്ത്യയിൽ നിന്നായതുകൊണ്ടായിരിക്കണം, കോൾ അറ്റൻഡ് ചെയ്തെങ്കിലും അവർ ഒന്നുമറിയില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ചെയ്തതെന്ന് ജിഷ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

ഇത്തരത്തിൽ അധ്യാപകർ, ഫിനാൻഷ്യൽ മാനേജർ, നഴ്സ്, ഹോസ്പിറ്റാലിറ്റി വിഭാഗം തുടങ്ങിയ ജോലികൾക്കെല്ലാം ആഗ്രഹിച്ച് പണം നൽകിയവരെ യൂറോ ലിങ്ക് വീസാ സർവീസ് സ്ഥാപനം പറ്റിച്ചിരിക്കുകയാണ്. ഇവർ ലൈസൻസോടെയാണ് സ്ഥാപനം ആരംഭിച്ചതെങ്കിലും വിദേശത്തേയ്ക്ക് ജോലി റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി ഇല്ലാതെയാണെന്നും ജിഷ കണ്ടെത്തി.

English Summary:

Fake Job Offers in Poland: Malayali Youth revealed more Cases on Visa Scams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com