സൗദിയിൽ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജാഗ്രത നിർദേശം
Mail This Article
ജിദ്ദ∙ വെള്ളിയാഴ്ച വരെ മക്കയിലും സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിലും ഇടത്തരം മുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.മക്ക മേഖലയിൽ വെള്ളപ്പൊക്കം, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്‌ക്കൊപ്പം ശക്തമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മക്ക മേഖലയിലെ തായിഫ്, മെയ്‌സാൻ, അദം, അൽ അർദിയാത്ത് എന്നിവിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത കൂടുതലാണ്. അതേസമയം തുറാബയിൽ നേരിയ മഴ ലഭിച്ചേക്കാം.
അൽ ബഹ, അസിർ, ജിസാൻ, നജ്‌റാൻ എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കാം. കിഴക്കൻ പ്രവിശ്യയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് റിയാദ് മേഖലയെയും ബാധിക്കും. വാദി അൽ ദവാസിർ, അൽ സുലൈയിൽ, അൽ അഫ്ലാജ്, ഹവ്ത ബാനി തമീം, അൽ ഖർജ് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താഴ്‌വരകൾ ഉൾപ്പെടെയുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും നീന്തുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർഥിച്ചു. വിവിധ മാധ്യമങ്ങളിലൂടെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങളിൽ അറിയാനും ജനങ്ങളോട് ആഹ്വാനം ചെയ്തു.