ADVERTISEMENT

അബുദാബി ∙ കുടുംബനാഥൻ യുഎഇ വീസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോൺസർഷിപ് മാറ്റാൻ അനുമതിയായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്സ് ആൻഡ് കസ്റ്റംസ് (ഐസിപി-യുഎഇ) ആണ് ഇക്കാര്യം അറിയിച്ചത്. പൊതുമാപ്പ് തീരാൻ രണ്ടാഴ്ച ശേഷിക്കെയാണ് സുപ്രധാന വീസാ നിയമഭേദഗതി ഐസിപി പ്രഖ്യാപിച്ചത്. വിവിധ നിയമലംഘനങ്ങളിൽ പെട്ട് വീസ പുതുക്കാൻ സാധിക്കാതെ യുഎഇയിൽ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാൻ ഇതോടെ വഴിതുറന്നു.

നിയമലംഘകരായ കുടുംബാംഗങ്ങൾ എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും സൗകര്യമൊരുക്കും. പൊതുമാപ്പ് കാലയളവിൽ രേഖകൾ ശരിയാക്കി പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരമുണ്ട്.

കുടുംബനാഥൻ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിലവിലെ കമ്പനിയിൽ തുടരുകയോ മറ്റൊരു വീസയിലേക്കു മാറുകയോ ചെയ്യുകയാണെങ്കിൽ കുടുംബാംഗങ്ങളുടെ വീസ റദ്ദാക്കില്ല. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ ഒട്ടും വൈകരുത്. ഇത്തരക്കാർ മാനവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വർക്ക് പെർമിറ്റ് പുതുക്കുന്നതിനോ പുതിയ കമ്പനിയിലേക്കുള്ള വർക്ക് പെർമിറ്റിനോ അപേക്ഷ നൽകണം. തുടരാൻ താൽപര്യമില്ലാത്തവർ ഇതേ വെബ്സൈറ്റിൽ വർക്ക് പെർമിറ്റ് റദ്ദാക്കുകയും വേണം. മറ്റൊരു ജോലിയിലേക്കു മാറുന്നുവെങ്കിൽ പുതിയ തൊഴിലുടമയാണ് മന്ത്രാലയത്തിൽ പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്.

രാജ്യം വിട്ടു പോകാൻ ആഗ്രഹിക്കുന്നവർ നിയമനടപടി പൂർത്തിയാക്കിയ ശേഷം ഐസിപി വെബ്സൈറ്റ് വഴി എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കണം. പൊതുമാപ്പിന്റെ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

ഈ മാസം 31 വരെ നീളുന്ന പൊതുമാപ്പ് കാലയളവ് നീട്ടില്ലെന്നും നവംബർ 1ന് ശേഷം നിയമലംഘകർക്കായി പരിശോധന ശക്തമാക്കുമെന്നും നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു. പിടിക്കപ്പെടുന്നവർക്ക് വൻ തുക പിഴയ്ക്കു പുറമെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.

English Summary:

If the head of the family violates UAE visa rules, the sponsorship of the children can be transferred to the working wife's name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com