ADVERTISEMENT

ജിദ്ദ ∙ കിങ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസേര്‍ച്ച് ആൻഡ് ആര്‍ക്കൈവ്‌സിനു (അല്‍ദാറ) കീഴിലെ അല്‍ദാറ മാസികയുടെ ഇംഗ്ലിഷ് പതിപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് ഡോ. റിച്ചഡ് മോര്‍ട്ടലിന് സൗദി പൗരത്വം സമ്മാനിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അനുമതി.

1983–ല്‍ കയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ഇസ്‌ലാമിക ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ റിച്ചഡ് മോര്‍ട്ടല്‍ ഇസ്‌ലാമിക ചരിത്രത്തിലെയും എഡിറ്റിങ്ങിലെയും മുന്‍നിര വിദഗ്ധരില്‍ ഒരാളാണ്. തന്റെ ഗവേഷണങ്ങളിലൂടെയും രചനകളിലൂടെയും സാംസ്‌കാരികവും ചരിത്രപരവുമായ അറിവ് വര്‍ധിപ്പിക്കാന്‍ അദ്ദേഹം ഗണ്യമായ സംഭാവന നല്‍കി. 

1977 മുതല്‍ നീണ്ട 47 വര്‍ഷക്കാലം ഡോ. റിച്ചഡ് മോര്‍ട്ടല്‍ സൗദി യൂണിവേഴ്‌സിറ്റികളില്‍ സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍ കിങ് സൗദ് യൂണിവേഴ്‌സിറ്റിയിലും ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലും ഫാക്കല്‍റ്റി അംഗമായും കിങ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസേര്‍ച്ച് ആൻഡ് ആര്‍ക്കൈവ്‌സില്‍ വൈജ്ഞാനിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. സൗദി ചരിത്രത്തെ കുറിച്ച ഗവേഷണങ്ങളും കൃതികളും പഠനങ്ങളും അടക്കം 18 പുസ്തകങ്ങളുടെ രചനകള്‍ ഉള്‍പ്പെടെ നിരവധി വൈജ്ഞാനിക നേട്ടങ്ങള്‍ ഡോ. റിച്ചഡ് മോര്‍ട്ടല്‍ കൈവരിച്ചിട്ടുണ്ട്.

ചരിത്രാന്വേഷണം, പുസ്തക അവലോകനം, എഡിറ്റിങ് എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. നിരവധി ഉപദേശക സമിതികളില്‍ അംഗമായ ഡോ.റിച്ചഡ് മോര്‍ട്ടലിന് വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് നിരവധി ബഹുമതികളും ആദരവുകളും ലഭിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തുന്നതിലും പൈതൃകത്തെ കുറിച്ച ശാസ്ത്രീയ അവബോധം വര്‍ധിപ്പിക്കുന്നതിലും ഗവേഷണങ്ങള്‍ നടത്തിയും സംഭാവനകള്‍ നല്‍കിയും സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകം സമ്പന്നമാക്കുന്നതില്‍ വഹിക്കുന്ന സുപ്രധാന പങ്കിന്റെ സ്ഥിരീകരണം എന്നോണമാണ് ഡോ. റിച്ചഡ് മോര്‍ട്ടലിന് സൗദി പൗരത്വം അനുവദിച്ചത്. 

English Summary:

Prince Faisal Bin Salman Commends Dr. Richard Mortel For Achieving Saudi Citizenship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com