ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനത്തിന് അകമ്പടി നൽകി സിംഗപ്പൂർ സൈനിക വിമാനം
Mail This Article
ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ മധുരയിൽനിന്നു സിംഗപ്പൂരിലേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി വന്നതിനെത്തുടർന്ന് സിംഗപ്പൂർ എയർഫോഴ്സിന്റെ എഫ്–15 യുദ്ധവിമാനങ്ങൾ അകമ്പടി ഒരുക്കി. ജനവാസമേഖലകളിൽനിന്ന് അകന്നുമാറി സഞ്ചരിച്ച വിമാനം ഇന്നലെ രാത്രി പത്തോടെ സിംഗപ്പൂരിലെ ചാങ്ങി വിമാനത്താവളത്തിൽ ഇറക്കി. തുടർന്നു ബോംബ് സ്ക്വാഡ് പരിശോധന നടത്തി
ഷിക്കാഗോയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനടക്കം മറ്റ് 6 വിമാനങ്ങൾക്കു നേരെയും ഇന്നലെ ഭീഷണിയുണ്ടായി. തുടർന്ന് എയർ ഇന്ത്യ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി. എക്സിലെ @schizobomber777 എന്ന ഐഡിയിൽ നിന്നാണ് ഈ ഭീഷണികൾ വന്നത്. ഈയിടെ തുടങ്ങിയ ഈ അക്കൗണ്ടിൽ ഭീഷണികൾ മാത്രമാണുള്ളത്. അക്കൗണ്ട് എക്സ് സസ്പെൻഡ് ചെയ്തു.
ജയ്പുരിൽനിന്ന് അയോധ്യ വഴി ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്, ബിഹാറിലെ ദർഭംഗയിൽനിന്നു മുംബൈയിലേക്കു വന്ന സ്പൈസ്ജെറ്റ്, ബംഗാളിലെ ബാഗ്ഡോഗ്രയിൽനിന്നു ബെംഗളൂരുവിലേക്കുള്ള ആകാശ എയർ, ദമാമിൽനിന്നു ലക്നൗവിലേക്കുള്ള ഇൻഡിഗോ, അമൃത്‌സറിൽനിന്നു ഡെറാഡൂണിലേക്കുള്ള അലയൻസ് എയർ എന്നീ വിമാനങ്ങളും ഭീഷണി നേരിട്ടു. സുരക്ഷാ പരിശോധനയിൽ ഭീഷണികൾ വ്യാജമാണെന്നു കണ്ടെത്തി. കഴിഞ്ഞ ദിവസം മുംബൈയിൽനിന്നു ന്യൂയോർക്കിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിനും ഭീഷണി ഉണ്ടായിരുന്നു.