കഠിനപരിശീലനവുമായി ഗോകുലം കേരള എഫ്സി; റിഹേഴ്സൽ കഴിഞ്ഞു, ഇനി തട്ടിൽ!

Mail This Article
മലപ്പുറം∙ ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികളുടെ മുഖത്തെ പിരിമുറുക്കം പ്രതീക്ഷിച്ചാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഗോകുലം കേരളയുടെ പരിശീലന ക്യാംപിലെത്തിയത്. ടീം നാളെയാണല്ലോ ഐ ലീഗിലെ കിരീട നിർണയ പരീക്ഷയ്ക്കിറങ്ങുന്നത്. റിഹേഴ്സൽ പൂർത്തിയാക്കി തട്ടിൽ കയറാനുള്ള സമയം കാത്തിരിക്കുന്ന നാടക സംഘത്തിന്റെ ആത്മവിശ്വാസമാണു താരങ്ങളുടെ മുഖത്ത്. നാടക കമ്പക്കാരൻകൂടിയായ പരിശീലകൻ ടി.എ.രഞ്ജിത്ത് കണിശക്കാരനായ ആശാന്റെ റോളിൽ അമരത്തുണ്ട്.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നാളെ വൈകിട്ടു നാലിന് ഡെംപോ ഗോവയ്ക്കെതിരെ മത്സരത്തിന് ഇറങ്ങുമ്പോൾ ഗോകുലത്തിന്റെ സ്വപ്നങ്ങൾ രണ്ടാണ്. മൂന്നാം ഐ ലീഗ് കിരീടവും അതുവഴി ഐഎസ്എൽ ഫുട്ബോളിലേക്കൊരു ടിക്കറ്റും. അതു യാഥാർഥ്യമാകാൻ തകർപ്പൻ ജയം മാത്രം പോരാ. നാളെ മറ്റു മത്സരങ്ങളിൽ ചർച്ചിൽ ബ്രദേഴ്സ് റിയൽ കശ്മീർ എഫ്സിയോടും ഇന്റർ കാശി രാജസ്ഥാൻ യുണൈറ്റഡിനോടും തോൽക്കണം. ‘നാളത്തെ മത്സരത്തെക്കുറിച്ച് മാത്രമാണു ചിന്തിക്കുന്നത്. ഡെംപോയ്ക്കെതിരെ തകർപ്പൻ ജയമാണു ലക്ഷ്യം. ബാക്കിയെല്ലാം അതിന്റെ വഴിക്കു നടക്കും’– ടെക്നിക്കൽ ഡയറക്ടർ സി.എം.രഞ്ജിത്ത് നയം വ്യക്തമാക്കി.
സീസണ്‍ പകുതിയിൽ 14 കളികളിൽ നിന്നു 5 ജയവുമായി 7–ാം സ്ഥാനത്തായിരുന്നു ഗോകുലം. സ്പെയിൻകാരനായ അന്റോണിയോ റുവേദയ്ക്കു പകരം കൊച്ചി വല്ലാർപാടം പനമ്പുകാട് സ്വദേശി ടി.എം.രഞ്ജിത്തിനു മുഖ്യപരിശീലകന്റെ വേഷം നൽകിയതോടെ കളി ടോപ് ഗീയറിലേക്കു മാറി. 7 കളികളിൽ 6 ജയം. ടെക്നിക്കൽ ഡയറക്ടർ മുൻ ജൂനിയർ ഇന്ത്യൻ നായകൻ സി.എം.രഞ്ജിത്ത് കൂടിയാകുമ്പോൾ അണിയറയിലെ ‘രഞ്ജിത്ത് ഫാക്ടർ’ പൂർത്തിയായി.
ആഫ്രിക്കൻ രാജ്യമായ ലെസോതോയിൽ നിന്നെത്തിയ നെൽസൺ ബ്രൗണാണു ഗോകുലത്തിന്റെ തുറുപ്പുചീട്ട്. 8 കളികളിൽ അത്രയും ഗോൾ. വി.പി.സുഹൈർ, മഷൂർ ഷരീഫ്, കെ.അഭിജിത്, പി.പി.നിഷാദ്, എമിലി ബെന്നി എന്നിവർകൂടി ചേരുമ്പോൾ ഗോകുലത്തിന്റെ വിജയ ഫോർമുലയായി. റിസർവ് ടീമിൽ നിന്നെത്തി പ്രതിരോധത്തിലെ കരുത്തായി മാറിയ ജോൺസണെപ്പോലുള്ള യുവ താരങ്ങളും കുതിപ്പിന് ഉത്തേജനം നൽകി.
മാനേജർ വിക്കി, ഫിസിയോ മുഹമ്മദ് ആദിൽ, ഗോൾ കീപ്പർ കോച്ച് ഫൈസൽ ബാബു, കിറ്റ് മാനേജർ ആരിഫ് റഹ്മാൻ, ജിബിൻ ജോസ്, റോഷൻ, സെയ്ഫുല്ല തുടങ്ങി ടീമിന്റെ അണിയറ പൂർണമായി മലയാളി മയമാണ്.
ആരാധകരേ, ഗാലറി നിറയ്ക്കൂ: ഗോകുലം ക്യാപ്റ്റൻ
കോഴിക്കോട്∙ ഡെംപോയെ കീഴടക്കാൻ ഗോകുലം ടീം കഠിനപരിശീലനത്തിലാണെന്ന് ക്യാപ്റ്റൻ സെർജിയോ ലാമാസ് പറഞ്ഞു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നാളെ വൈകിട്ടു നാലിനാണ് ഐ ലീഗിൽ ഗോകുലത്തിന്റെ അവസാന മത്സരം. മത്സരത്തിനു പ്രവേശനം സൗജന്യമാണ്. കിരീടത്തിനായി പോരാടുന്ന നാലു ടീമുകളുടെയും മത്സരം നാളെ വൈകിട്ട് നാലിനാണ്. ശ്രീനഗറിൽ നടക്കുന്ന മത്സരത്തിൽ റിയൽ കശ്മീർ എഫ്സി ചർച്ചിൽ ബ്രദേഴ്സിനെ തോൽപിക്കുകയും കോഴിക്കോട്ടെ മത്സരത്തിൽ ഗോകുലം കേരള ഡെംപോ എഫ്സിയെ തോൽപിക്കുകയും ചെയ്താൽ ഐ ലീഗ് കിരീടം മൂന്നാംതവണയും കേരളത്തിലെത്തും.