ADVERTISEMENT

ഷാർജ ∙ മെലീഹ നാഷനൽ പാർക്കിന്റെ സംരക്ഷണ വേലി നിർമാണം ആരംഭിച്ചു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിൽ 34.2 ചതുരശ്ര കി.മീ. വിസ്തൃതിയിൽ ഒരുങ്ങുന്ന ദേശീയോദ്യാനത്തിലെ അപൂർവ കാഴ്ചകൾ സംരക്ഷിക്കാനും സന്ദർശനങ്ങൾ നിയന്ത്രിക്കാനുമാണ് പുതിയ നിർമാണം. ഷാർജ പബ്ലിക് വർക്ക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലുള്ള  നിർമാണപ്രവൃത്തികൾ ഈ വർഷം അവസാന പാദത്തോടെ പൂർത്തിയാകും.

യുഎഇയിലെയും മേഖലയിലെയും തന്നെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തുക്കൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മെലീഹ. നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരിക വിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഇവിടെ ഖനനം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. അപൂർവയിനം പക്ഷികളും സസ്യങ്ങളുമുള്ള പ്രദേശം വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്. പ്രദേശത്തിന്റെ ചരിത്രപൈതൃകം സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞ മേയിലാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷനൽ പാർക്ക് പ്രഖ്യാപിച്ചത്.

കോർ കൺസർവേഷൻ സോൺ, ഇക്കോ ടൂറിസം സോൺ, ഹൈബ്രിഡ് സോൺ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് മെലീഹ നാഷനൽ പാർക്ക് രൂപകൽപന ചെയ്യുന്നത്. പാർക്കിൽ ഗവേഷണ അവസരങ്ങളുമുണ്ടാവും. 

രണ്ടുലക്ഷം വർഷത്തിലേറെ പഴക്കമുള്ള, ലോകത്തിലെ ഏറ്റവും ആദ്യത്തെ മനുഷ്യകുടിയേറ്റങ്ങളിലൊന്നിന്റെ ചരിത്രശേഷിപ്പുകൾ കണ്ടെത്തിയിട്ടുള്ള മെലീഹ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്രകാഴ്ചകൾ അടുത്തു കാണാവുന്ന മെലീഹ ആർക്കിയോളജിക്കൽ സെന്റർ, മരുഭൂമിയിലെ ക്യാംപിങ് അനുഭവങ്ങളും സാഹസിക റൈഡുകളും വാനനിരീക്ഷണവും, ഇതിനു പുറമെ മരുഭൂമിയുടെ ആകാശക്കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുന്ന സ്കൈ അഡ്വഞ്ചേഴ്സ്, ആഡംബരവും ആതിഥേയത്വവും സമ്മേളിക്കുന്ന അൽ ഫായ റിട്രീറ്റ്, മൂൺ റിട്രീറ്റ് എന്നീ ഹോട്ടലുകളും പാർക്കിന്റെ അനുവദനീയ സോണുകളിലുണ്ടാവും.

English Summary:

Protective Fence Construction Begins at Meliha National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com