ADVERTISEMENT

ഷാർജ ∙ സൗജന്യ സ്തനാർബുദ പരിശോധനയിൽ പങ്കെടുത്തോ?–യുഎഇയിലെ മലയാളികളടക്കമുള്ള വനിതകൾ പരസ്പരം ചോദിക്കേണ്ട ചോദ്യമാണിത്. ഇതിനായി പ്രവർത്തിക്കുന്ന ഷാർജയിലെ പിങ്ക് കാരവൻ അധികൃതരും അർബുദ ബോധവത്കരണവുമായി യുഎഇയിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന മലയാളികളും കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യം. ലോകത്ത് സ്തനാർബുദ രോഗികൾ വർധിച്ചുവരുന്ന കാലത്ത് നിർബന്ധമായും എല്ലാവരും പരിശോധന നടത്തേണ്ടതാണെന്ന് അധികൃതർ പറയുന്നു.

യുഎഇയിലുള്ളവർക്കാണെങ്കിൽ ഷാർജയിലെ പിങ്ക് കാരവൻ എല്ലാ വർഷവും ഒക്ടോബറിൽ സൗജന്യ സ്തനാർബുദ പരിശോധന വിവിധ എമിറേറ്റുകളിലായി ഒരുക്കുന്നുണ്ട്.  ദുബായ് സിറ്റി വോക്ക്, ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്, അബുദാബി മുഷ്‌രിഫ് മാൾ, അജ്മാൻ ചൈന മാൾ, ഫുജൈറ ലുലു മാൾ, ഉമ്മുൽഖുവൈൻ മാൾ ഓഫ് യുഎക്യു, റാസൽഖൈമ അൽ മനാർ മാൾ എന്നിവിടങ്ങളിലാണ് വൈകിട്ട് 4 മുതൽ രാത്രി 11 വരെ പിങ്ക് കാരവൻ നടന്നുവരുന്നത്. ഈ ക്യാംപെയ്ൻ നാളെ സമാപിക്കും.

ദിവ്യ ജോസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദിവ്യ ജോസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പക്ഷേ, മലയാളികളടക്കമുള്ള ഇന്ത്യക്കാർ വളരെ കുറച്ചുപേർ മാത്രമേ പിങ്ക് കാരവനിലെ ഇൗ സേവനം വിനിയോഗിച്ചുള്ളൂ എന്ന ഖേദകരമായ അവസ്ഥ അധികൃതർ ചൂണ്ടിക്കാട്ടുന്നു. പിങ്ക് കാരവനിൽ പരിശോധനയ്ക്ക് വിധേയയായ ദുബായിൽ ജോലി ചെയ്യുന്ന മലയാളി യുവതി ദിവ്യ ജോസ്  അവരുടെ അനുഭവങ്ങൾ മനോരമ ഒാൺലൈനിനോട് പങ്കുവയ്ക്കുന്നു:

ഓരോ സ്ത്രീയും ഓരോ മാസവും ഒരു പ്രത്യേക രീതിയിൽ സ്തനാർബുദത്തിൻ്റെ മുഴകളും പ്രാരംഭ ലക്ഷണങ്ങളും പരിശോധിക്കേണ്ടതുണ്ട്. സ്തനാർബുദ പരിശോധന പോലും 'ഹോം ഡെലിവറി' ചെയ്യുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. പിങ്ക് കാരവൻ ഷാർജ ഭരണാധികാരിയുടെ പത്നിയും ഫ്രണ്ട്സ് ഒാഫ് കാൻസർ പേഷ്യൻ്റ്സ് സ്ഥാപകയും രക്ഷാധികാരിയുമായ ഷെയ്‌ഖ ജൗഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ ഒരു സംരംഭമാണ്. എന്നാൽ ദേശീയത പരിഗണിക്കാതെ എല്ലാവർക്കും സൗജന്യ സ്‌ക്രീനിങ് നൽകാനുള്ള ഒരു സംരംഭമാണിത്.

ബിന്ധ്യ, അഞ്ജു, രഹാന. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബിന്ധ്യ, അഞ്ജു, രഹാന. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

എന്നാൽ നിർഭാഗ്യവശാൽ വളരെ കുറച്ച് ഇന്ത്യക്കാർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ. പല സ്കൂളുകളും പിങ്ക് ദിനങ്ങൾ സംഘടിപ്പിക്കുകയും രാജ്യത്തുടനീളം ബോധവൽക്കരണ ക്യാംപെയ്‌നുകൾ നടത്തുകയും ചെയ്യുന്നുവെങ്കിലും പ്രതിമാസ സ്വയം പരിശോധന പ്രാധാന്യത്തെക്കുറിച്ച് മിക്ക സ്ത്രീകളും ഇപ്പോഴും അജ്ഞരാണ്. ഇന്റർനെറ്റിലൂടെ പരിശോധന രീതി കണ്ട് മനസിലാക്കാമെങ്കിലും പ്രഫഷനലായി ചെയ്യുന്നതാണ് അഭികാമ്യം. ഈ സൗജന്യ സേവനമാണ് പിങ്ക് കാരവൻ നൽകിവരുന്നത്.

ദിവ്യ ജോസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദിവ്യ ജോസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഒരാളുടെ സ്തനത്തിൽ സംശയാസ്പദമായ എന്തെങ്കിലും മുഴ കണ്ടെത്തിയാൽ അവർ സൗജന്യ മാമോഗ്രാമും നൽകുന്നു. ഇൗ മാസം അവസാനം വരെ പിങ്ക് കാരവന് സ്ഥിരം സജ്ജീകരണങ്ങളുണ്ട്. ഇൗ പ്രക്രിയ വളരെ എളുപ്പമാണെന്ന് കണ്ടെത്തിയതോടെയാണ് ഞാൻ പിങ്ക് കാരവനെ സമീപിക്കാൻ തീരുമാനിച്ചത്. നമ്മൾ എമിറേറ്റ്സ് ഐഡി മാത്രമാണ് കയ്യിയിൽ കരുതേണ്ടത്. മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ല.

ഞാൻ ഒരു പ്രവൃത്തിദിനത്തിൽ വൈകിട്ട് 5.30നാണ് പിങ്ക് കാരവനിലെത്തിയത്. മുഴുവൻ പരിശോധനാ പ്രക്രിയയ്ക്കും 20 മിനിറ്റ് മാത്രമേ എടുത്തുള്ളൂ. ഞാൻ കമ്പനിക്കായി ഒരു സുഹൃത്തിനോടൊപ്പമാണ് പോയത്. അവളും പരിശോധനയ്ക്ക് വിധേയയായി. അതിന് ശേഷം ഞങ്ങൾ രണ്ടുപേർക്കും ശരിക്കും ആശ്വാസം തോന്നി.

സുമിത. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സുമിത. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇത് എന്റെ ആദ്യാനുഭവമാണ്, മറ്റ് സ്ത്രീകളോടും അവരുടെ കുടുംബത്തിനും വേണ്ടി പരിശോധിക്കാൻ   അഭ്യർഥിക്കുന്നു. പിങ്ക് കാരവനിൽ പരിശോധനയ്ക്ക് വിധേയരായ  യുഎഇയിൽ താമസിക്കുന്ന ഡോ.സുമിത ആൻ ഡേവിഡ്, ബിന്ധ്യ, അ‍ഞ്ജു റജി തോമസ്, രഹാന നസീം തുടങ്ങിയവർക്കും സമാനമായ അനുഭവങ്ങളാണ് പങ്കിടാനുള്ളത്.

പ്രേമി മാത്യു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
പ്രേമി മാത്യു. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഹെയർ ഫോർ ഹോപ് അഥവാ പ്രേമി മാത്യു
ഇത്തരത്തിലുള്ള പരിശോധനയിലൂടെ അർബുദം കണ്ടെത്തുകയും പിന്നീട് തക്ക സമയത്തെ ചികിത്സയിലൂടെ മോചിതയായി സാധാരണ ജീവിതത്തിലേക്ക് കടന്നുവരികയും ചെയ്ത ഒട്ടേറെ പേർ യുഎഇയിലുണ്ട്. ഒരു ചെറിയ മുഴയാണ് തൻ സ്വയം പരിശോധനയ്ക്കിടെ കണ്ടെത്തിയ ലക്ഷണമെന്നും  നേരത്തെയുള്ള കണ്ടെത്തൽ അർബുദത്തിന് ശേഷം 15 വർഷം ജീവിക്കാനും ജീവിതം ആസ്വദിക്കാനും തന്നെ പ്രാപ്തയാക്കിയെന്നും യുഎഇയിലെ ജീവകാരുണ്യ പ്രവർത്തകയും ഹെയർ ഫോർ ഹോപ് ഇന്ത്യയുടെ സ്ഥാപകയുമായ എറണാകുളം സ്വദേശി പ്രേമി മാത്യു പറഞ്ഞു.

നിർഭാഗ്യവശാൽ എന്നോടൊപ്പം കീമോ ചെയ്ത പലർക്കും ഇതിന് ഭാഗ്യമുണ്ടായില്ല. കാരണം അവർ രോഗം കണ്ടെത്തുമ്പോൾ വളരെ വൈകിപ്പോയിരുന്നു. നേരത്തെയുള്ള കണ്ടെത്തലിലൂടെ കുറഞ്ഞ പ്രാവശ്യത്തെ കീമോയാണ് ചെയ്യേണ്ടി വരിക. കൂടാതെ, വേദനയും കുറയും. മാത്രമല്ല, ചികിത്സാ ചെലവുകളും കുറവായിരിക്കും. ഇതിലെല്ലാമുപരി  കുടുംബത്തിന് ആശ്വാസമാണ്. അതിനാൽ ഈ സൗജന്യ സൗകര്യം ഉപയോഗിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രേമി മാത്യു പറയുന്നു.

ദിവ്യ ജോസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദിവ്യ ജോസ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അർബുദത്തിനെതിരെയുള്ള ബോധവത്കരണ പ്രവർത്തനത്തിന് ഇവർക്ക് ബോസ്റ്റണിലെ മാസ് ജനറൽ ആശുപത്രിയുടെ കീഴിലുള്ള വൺ ഹൺഡ്രഡ് എന്ന സംഘടനയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേമി മാത്യുവിന്റെ നേതൃത്വത്തിൽ 2011 മുതൽ നടന്നുവരുന്ന പ്രൊട്ടക്ട് യുവർ മം എന്ന പ്രമേയത്തിലുള്ള സ്തനാർബുദ ബോധവത്കരണം പരിഗണിച്ചാണ് അവാർഡ്.

കുട്ടികൾ അമ്മമാർക്ക് സ്തനാർബുദ ബോധവത്കരണം നൽകുകയാണ് ക്യാംപെയിനിൻെറ പ്രധാന ഉദ്ദേശ്യം. ഇന്ത്യ, യുഎഇ അടക്കം അഞ്ച് രാജ്യങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾ ഇതുവരെ ക്യാംപെയിനിൽ പങ്കെടുത്തു. അർബുദ രോഗികൾക്ക് തലമുടി സംഭാവന നൽകുന്ന ഹെയർ ഫോർ ഹോപ് എന്ന പദ്ധതിയും പ്രേമി മാത്യുവിൻെറ നേതൃത്വത്തിൽ വിജയകരമായി നടന്നുവരുന്നു.

പിങ്ക് കാരവൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
പിങ്ക് കാരവൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അർബുദം നേരത്തേ കണ്ടെത്തുന്നതിനും സ്തനാർബുദത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള കാൻസർ രോഗികളുടെ സുഹൃത്തുക്കളുടെ കുടക്കീഴിൽ വരുന്ന "കാഷ്ഫ്" എന്ന പാൻ യുഎഇ സ്തനാർബുദ സംരംഭമാണ് പിങ്ക് കാരവൻ.  സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ  ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് 2011ൽ ആരംഭിച്ചത്.

English Summary:

Pink Caravan with Breast Cancer Awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com